Friday December 02, 2016
Latest Updates

ഡബ്ലിനിലെ ഏദന്‍ കോളജ് അടച്ചുപൂട്ടി, മുപ്പതോളം മലയാളി വിദ്യാര്‍ത്ഥികളും പെരുവഴിയില്‍

ഡബ്ലിനിലെ ഏദന്‍ കോളജ് അടച്ചുപൂട്ടി, മുപ്പതോളം മലയാളി വിദ്യാര്‍ത്ഥികളും പെരുവഴിയില്‍

ഡബ്ലിന്‍: മലയാളികള്‍ ഉള്‍പ്പെടെ നൂറുകണക്കിന് വിദ്യാര്‍ത്ഥികളെ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ട് ഡബ്ലിനിലെ ഏദന്‍ കോളജ് അടച്ചു പൂട്ടുന്നു. ഡബ്ലിനിലെ പ്രമുഖ ഇംഗ്ലീഷ് സ്‌കൂള്‍ ആയിരുന്ന ഏദന്‍ കോളജിന്റെ അംഗീകാരം ഈ ഫെബ്രുവരിയില്‍ നഷ്ടപ്പെട്ടിരുന്നു. വേണ്ടത്ര അധ്യാപന നിലവാരമില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കോളജിന്റെ അംഗീകാരം റദ്ദാക്കിയത്. അംഗീകാരം നഷ്ടപ്പെട്ടതിനെ തുടര്‍ന്നാണ് കോളജ് അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്. കോളജ് അടച്ചു പൂട്ടുന്നതോടെ മലയാളികള്‍ ഉള്‍പ്പെടെ 400 ഓളം വിദ്യാര്‍ത്ഥികളുടെ തുടര്‍ പഠനം പെരുവഴിയിലായിരിക്കുകയാണ്. 

വന്‍തുക ഫീസ് നല്‍കി ഡബ്ലിനില്‍ പഠിക്കാനെത്തിയ മുപ്പതോളം മലയാളികള്‍ ഉള്‍പ്പെടെ അന്‍പതോളം ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ എന്ത് ചെയ്യണമെന്നറിയാതെ ഉഴലുകയാണ്.എം ബി എ അടക്കമുള്ള കോഴ്‌സുകള്‍ക്ക് ഫീസിനത്തില്‍ തന്നെ പത്തുലക്ഷം രൂപവരെ ചിലവിട്ടാണ് മിക്കവരും അയര്‍ലണ്ടില്‍ എത്തിയിട്ടുള്ളത്.പഠനത്തോടൊപ്പം ജോലി ചെയ്യാമെന്ന പ്രതീക്ഷയില്‍ ഏറ്റവും അവസാന ബാച്ചില്‍ എത്തിയവരില്‍ ചിലര്‍ക്ക് ഇനിയും പാര്‍ട്ട് ടൈം ജോലി പോലും ലഭിച്ചിട്ടില്ല.കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് വിദ്യാര്‍ഥികളില്‍ അധികവും.

കോളജ് പൂട്ടുന്ന സാഹചര്യത്തില്‍ ജോലിക്ക് വരേണ്ടതില്ലെന്ന് അധ്യാപകര്‍ ഉള്‍പ്പെടെ 40 ജീവനക്കാര്‍ക്ക് കോളജ് അധികൃതര്‍ നിര്‍ദ്ദേശം നല്കി. മുന്‍ വിദ്യാഭ്യാസ മന്ത്രിയും കോളജിന്റെ പ്രസിഡന്റും ആയിരുന്ന ബാറ്റ് ഓ കെഫെ ഈ മാസം ആദ്യം കോളജിലെ ഔദ്യോഗിക സ്ഥാനങ്ങള്‍ രാജിവച്ചിരുന്നു. കോളജ് അടച്ചു പൂട്ടലിനെ തുടര്‍ന്ന് ഏദന്‍ കോളജിന്റെ വെബ്‌സൈറ്റും പ്രവര്‍ത്തനരഹിതമായി. കോളജ് അടച്ചു പൂട്ടുന്നു എന്ന സന്ദേശമാണ് വെബ്‌സൈറ്റ് സന്ദര്‍ശിക്കുന്നവര്‍ക്ക് ലഭിക്കുന്നത്. 

കോളജ് പൂട്ടിയതോടെ പെരുവഴിയിലാകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അധിക ഫീസില്ലാതെ തന്നെ മറ്റ് കോളജുകളില്‍ തുടര്‍ പഠനത്തിനു സൗകര്യം ഒരുക്കുമെന്നാണ് കോളജ് അധികൃതരുടെ വാഗ്ദാനം. എന്നാല്‍ ഇത് എത്രത്തോളം പ്രായോഗികമാണെന്ന് കണ്ടറിയണം. പുതിയ കോളജില്‍ അഡ്മിഷന്‍ നേടുന്നത് സംബന്ധിച്ചും കോളജ് അടച്ചു പൂട്ടിയതിനെക്കുറിച്ചും കൂടുതല്‍ വിശദാംശങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ ഈ ആഴ്ച കോളജില്‍ എത്തണമെന്ന് കോളജ് അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 

കോളജില്‍ പഠിച്ചിരുന്ന യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് എത്തിയ കുടിയേറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഐറിഷ് നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് ആവശ്യമായ സേവനം നല്കുമെന്നും അധികൃതര്‍ അറിയിച്ചു. അതേസമയം ഏദന്‍ കോളജിന്റെ അടച്ചു പൂട്ടലിനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമാവുകയാണ്. മലയാളികള്‍ ഉള്‌പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ ഫെയ്‌സ്ബുക്കിലും ട്വിറ്ററിലും തങ്ങളുടെ പ്രതിഷേധം അറിയിച്ച്ചുകൊണ്ടിരിക്കുകയാണ്.

അതെ സമയം കോളജ് അധികൃതര്‍ ‘മെല്ലപ്പോക്ക് നയ ‘മാണ് സ്വീകരീക്കുന്നതെന്ന് കോളജിലെ മലയാളി വിദ്യാര്‍ഥികള്‍ ‘ഐറിഷ് മലയാളിയോട് പറഞ്ഞു.നാച്ചുറലൈസേഷന്‍ ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ് കൃത്യ സമയത്ത് ലഭ്യമാക്കുമെന്ന് പറയുന്നുണ്ടെങ്കിലും അതിനുള്ള പ്രാഥമിക നടപടി പോലും കോളജ് സ്വീകരിച്ചിട്ടില്ലെന്ന് അവര്‍ പറഞ്ഞു.വന്‍ തുക ഫീസ് ഈടാക്കി തങ്ങളെ വഞ്ചിക്കുകയായിരുന്നു കോളജ് അധികൃതര്‍ എന്നാണ് വിദ്യാര്‍ഥികള്‍ കരുതുന്നത്.ഇന്ത്യന്‍ എംബസിയുടെയും ,അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെയും പിന്തുണ തങ്ങള്‍ക്കു കിട്ടുമെന്ന പ്രതീക്ഷയിലാണ് കോളജിലെ മലയാളികളായ വിദ്യാര്‍ഥികള്‍.

Scroll To Top