Sunday December 04, 2016
Latest Updates

ഡബ്ലിനിലെ ആശുപത്രിയില്‍ തെന്നി വീണ് പരിക്കേറ്റ ഇന്ത്യന്‍ ഡോക്റ്റര്‍ക്ക് 10 ലക്ഷം യൂറോ നഷ്ട്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഡബ്ലിനിലെ ആശുപത്രിയില്‍ തെന്നി വീണ് പരിക്കേറ്റ ഇന്ത്യന്‍ ഡോക്റ്റര്‍ക്ക് 10 ലക്ഷം യൂറോ നഷ്ട്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ഡബ്ലിന്‍:ആശുപത്രിയിലെ വഴുക്കലുള്ള പടിക്കെട്ടില്‍ നിന്നും വീണ് പരിക്കുപറ്റിയ ഇന്ത്യക്കാരിയായ ഡോക്ടര്‍ക്ക് നഷ്ടപരിഹാരമായി 1മില്ല്യന്‍ യൂറോ നഷ്ട്ടപരിഹാരം നല്‍കാന്‍ ഡബ്ലിന്‍ കോടതിയുടെ വിധി.. ഡബ്ലിനിലെ കമ്മ്യൂണിറ്റി ആശുപത്രിക്ക് വെളിയിലുള്ള പടിക്കെട്ടില്‍വച്ചായിരുന്നു ഫിസിയോ തെറാപിസ്റ്റുകൂടിയായ സ്ത്രീ വീണ് പരിക്കുപറ്റിയത്.

നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഫിസിയോ തെറാപിസ്റ്റായ നിലോഫാര്‍ ഇക്രമിന് പരിക്കു പറ്റിയത്. പരിക്കേറ്റതിനുശേഷം ഇവര്‍ക്ക് തന്റെ ജോലി തുടര്‍ന്ന് ചെയ്യാന്‍ സാധിച്ചിട്ടില്ലായിരുന്നു. വീണ്ടും ഒരു മടങ്ങിവരവിന് ഇവര്‍ക്ക് സാധിക്കുകയുമില്ല.

ലിമറിക്കിലെ 36 വയസ്സുകാരിയായ ഡോക്ടറുടെ പരിക്കുമായ ബന്ധപ്പെട്ട് ആറുദിവസത്തെ വിചാരണ നടത്തിയ ശേഷമാണ് ഇവര്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ ഹൈക്കോടതി വിധിച്ചത്.

ഭാവിയില്‍ ഇവര്‍ക്ക തന്റെ ജോലി ചെയ്യാന്‍ സാധിക്കില്ല എന്ന അവസ്ഥയായതിനാല്‍ ഭാവി വരുമാനത്തിനായി 675,000 യൂറോ കൂടി നല്‍കാന്‍ കോടതി ഉത്തരവിറക്കിയിട്ടുണ്ട്.

രണ്ടുകുട്ടികളുടെ അമ്മ കൂടിയായ നിലോഫര്‍ ഡബ്ലിനിലെ ബാഗോറ്റ് സ്ട്രീറ്റ് കമ്മ്യൂണിറ്റി ആശുപത്രിയിലെ കാര്‍ഡിയാക് സ്‌പെഷലിസ്റ്റായി ജോലി നോക്കുകയായിരുന്നു. 2010 ജനുവരി 7ന് പടിക്കെട്ടില്‍ നിന്നും വീണതിനെ തുടര്‍ന്ന് ഇവര്‍ക്ക് തുടര്‍ച്ചയായി നടുവേദന വരികയും തുടര്‍ന്ന് ജോലി ചെയ്യാന്‍ പറ്റാത്ത സാഹചര്യം ആയി മാറുകയും ചെയ്യുകയായിരുന്നു.

ഇന്ത്യയില്‍ നിന്നും അയര്‍ലണ്ടിലേക്ക് കുടിയേറിവന്ന് ഐറിഷ് പൗരത്വം സ്വീകരിച്ച നിലോഫര്‍ ക്രിസ്തുമസ് അവധി കഴിഞ്ഞ് ജോലിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ഇവര്‍ക്ക് അപകടം പറ്റിയത്. അപകടത്തിന് കാരണമായത് ആശുപത്രി പടിക്കെട്ടില്‍ കെട്ടിക്കിടന്നിരുന്ന ഐസ്‌കട്ടകളാണെന്ന് വ്യക്തമായിരുന്നു.

രണ്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ തിളച്ച വെള്ളം ഉപയോഗിച്ച് പടിക്കെട്ടിലെ ഐസ് ഉരുക്കിയാണ് യാത്ര അനുവദിച്ചിരുന്നത്. പടിയുടെ ഒരു ഭാഗത്തായി വഴുക്കലിന്റെ മുന്നറിയിപ്പ് ബോര്‍ഡുകളും സ്ഥാപിച്ചിട്ടുണ്ടായിരുന്നു.

ഒരു മുതിര്‍ന്ന സ്ത്രീയോട് പടിയിലുള്ള വഴുക്കലിനെ കുറിച്ചു മുന്നറിയിപ്പ് നല്‍കി മടങ്ങും വഴിയാണ് ഡോക്ടര്‍ പടിക്കെട്ടില്‍നിന്നും തെന്നി വീണ് പരിക്കേറ്റതെന്നും കോടതിക്ക് ബോധ്യമായി.

നിലോഫറിനെ ചികിത്സിച്ച ഡോക്ടര്‍ ഇവര്‍ക്ക് തുടര്‍ന്ന് ഈ പ്രഫഷനില്‍ ജോലി ചെയ്യാന്‍ സാധിക്കുകയില്ലെന്ന് കോടതിയില്‍ വ്യക്തമാക്കി. ശാരീരിക അസ്വാസ്ഥ്യങ്ങളും നഷ്ടമാവുന്ന പെന്‍ഷന്‍ ആനുകൂല്യങ്ങളും ഭാവി വരുമാനവും ഒക്കെ കണക്കിലെടുത്ത് 1,001,239 യൂറോ ഇവര്‍ക്ക് നഷ്ടപരിഹാരമായി നല്‍കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

അപകടം നിലോഫറിനെ ശാരീരികമായും മാനസീകമായും വളരെയധികം തളര്‍ത്തിയിരുന്നു. ഓപറേഷന്‍ കൊണ്ട് ഇവരുടെ നില പൂര്‍ണ്ണമായും പഴയരീതിയില്‍ ആക്കാന്‍ സാധിക്കില്ലെന്ന് കോടതിക്ക് വ്യക്തമായിട്ടുണ്ട്. കരിയറിലും ജീവിതത്തിലും ഇതിനകം തന്നെ ഈ അപകടം ഇവര്‍ക്ക് നാലു വര്‍ഷത്തെയാണ് നഷ്ടമാക്കിയിരിക്കുന്നത്.

750,000 യൂറോ വളരെ പെട്ടെന്നു തന്നെ ഇവര്‍ക്ക് നല്‍കാനും കോടതി എച്ച്എസ്ഇയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Scroll To Top