Tuesday December 06, 2016
Latest Updates

ഡണ്‍സ് സ്റ്റോര്‍ ജീവനക്കാരുടെ സമരം പുതിയ ഘട്ടത്തിലേയ്ക്ക് 

ഡണ്‍സ് സ്റ്റോര്‍ ജീവനക്കാരുടെ സമരം പുതിയ ഘട്ടത്തിലേയ്ക്ക് 

ഡബ്ലിന്‍:ജോലി സുരക്ഷ ആവശ്യപ്പെട്ട് ഡണ്‍സ് സ്റ്റോര്‍ ജീവനക്കാര്‍ നടത്തുന്ന സമരം ഇന്ന് പുതിയ ഘട്ടത്തിലേക്ക് കടക്കും.തൊഴില്‍ സുരക്ഷിതത്വം ഉറപ്പു വരുത്തുക, സീറോ ഹവര്‍ കോണ്‍ട്രാക്ട് റദ്ദാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ആയിരങ്ങളാണ് ഇന്ന് സമരത്തിനിറങ്ങുന്നത്.ഡണ്‍സ് സ്റ്റോര്‍ ജീവനക്കാര്‍ റീടെയില്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സുകളിലേക്ക് നടത്തുന്ന സമരത്തിന് സൗജന്യ ബസ് സര്‍വീസുകള്‍ അനുവദിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. 
ഉച്ചക്ക് ഒരു മണിയോടെ മെറിയോണ്‍ സ്‌ക്വയറിലെത്തുന്ന ഡണ്‍സ് സ്റ്റോര്‍ ജീവനകാരും, ബന്ധുക്കളുമടങ്ങുന്ന സമരക്കാര്‍ അവിടെ നിന്നും ജോര്‍ജ്ജ്‌സ് സ്ട്രീറ്റിലെ ഡണ്‍സ് സ്റ്റോര്‍ ഹെഡ് ഓഫീസിലേക്ക് പ്രകടനമായി നീങ്ങും. 5,000 പേരെങ്കിലും സമരത്തില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ഡണ്‍സ് സ്റ്റോര്‍ ജീവനക്കാരുടെ സംഘടനയായ മാന്‍ഡേറ്റ് പറഞ്ഞു.
സമരം ഡണ്‍സ് ജീവനക്കാരെ മാത്രമല്ല സമൂഹത്തെയാകെ പ്രതിനിധാനം ചെയ്തുള്ളതാണെന്ന് മാന്‍ഡേറ്റ് അസിസ്റ്റന്റ് ജെനറല്‍ സെക്രട്ടറി ജെരി ലൈറ്റ് പറഞ്ഞു. തങ്ങള്‍ക്ക് ജീവിതാവശ്യങ്ങള്‍ നിറവേറ്റുന്നതിന് പര്യാപ്തമായ ജോലി സമയം ലഭിക്കുമോ എന്ന് ഒരു തൊഴിലാളിക്കും ആശങ്കപ്പെടേണ്ടി വരരുതെന്നും, അന്യായമായി വേതനം വെട്ടിക്കുറയ്ക്കാന്‍ തൊഴിലുടമകള്‍ക്ക് അവകാശമുണ്ടാവരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സമരത്തില്‍ പങ്കെടുക്കുന്നവര്‍ക്കായി ഗാല്‍വേ, മേയോ, മീത്ത്, ലൂത്ത്, വിക്ക്‌ലോ, കോര്‍ക്ക്, ലിമറിക്ക്, വാട്ടര്‍ഫോര്‍ഡ്, വെക്‌സ്‌ഫോര്‍ഡ്, ക്‌ളയര്‍, സ്‌ളിഗോ എന്നിവിടങ്ങളില്‍ നിന്നാണ് സൗജന്യ ബസ് സര്‍വീസുകള്‍ ലഭ്യമാവുക.

Scroll To Top