Monday December 05, 2016
Latest Updates

ട്യൂണ്‍ മോഷ്ടിച്ചു; ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനത്തിനെതിരെ ബ്രയാന്‍ ആഡംസ് നിയമ നടപടിക്ക്

ട്യൂണ്‍ മോഷ്ടിച്ചു; ബാംഗ്ലൂര്‍ ഡേയ്‌സിലെ ഗാനത്തിനെതിരെ ബ്രയാന്‍ ആഡംസ് നിയമ നടപടിക്ക്

മലയാളത്തില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റായ ബാംഗ്ലൂര്‍ ഡേയ്‌സിനെതിരെ പ്രശസ്ത പോപ്പ് ഗായകന്‍ ബ്രയാന്‍ ആഡംസ് നിയമ നടപടിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബാംഗ്ലൂര്‍ ഡേയ്‌സിലെ കണ്ണും ചിമ്മി കണ്ണും ചിമ്മി കാണും കനവാണ് ബാംഗ്ലൂര്‍ എന്ന ഗാനം ബ്രയാന്‍ ആഡംസിന്റെ സമ്മര്‍ ഓഫ് 69 എന്ന ഗാനത്തിന്റെ ട്യൂണ്‍ മോഷ്ടിച്ച് ഉണ്ടാക്കിയതാണെന്നാണ് ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി ബ്രയാന്‍ ആഡംസ് പകര്‍പ്പവകാശ ലംഘനത്തിന് കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്.

ഇംഗ്ലീഷ് ദിനപ്പത്രമായ ഡെക്കാന്‍ ക്രോണിക്കുളുമായി നടത്തിയ ഒരു ഇമെയില്‍ ആശയ വിനിമയത്തില്‍ ബാംഗ്ലൂര്‍ ഡേയ്‌സിന്റെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെയും സംഗീത സംവിധായകന്‍ ഗോപി സുന്ദറിനെതിരെയും നിയമനടപടി ആലോചിക്കുന്നതായി ബ്രയാന്‍ ആഡംസിന്റെ ഓഫീസ് വ്യക്തമാക്കി. പോപ്പ് താരത്തിന്റെ വാന്‍കൂവറിലെ ഓഫീസ് വക്താവാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

അതേസമയം ബാംഗ്ലൂര്‍ ഡേയ്‌സിലെ ഈ ഗാനത്തിന് ബ്രയാന്‍ ആഡംസിന്റെ ഗാനത്തിന്റെ സ്വാധീനമുണ്ടെന്നും. എന്നാല്‍ പകര്‍പ്പവകാശം വാങ്ങിരുന്നില്ലെന്നും ഗോപി സുന്ദര്‍ പറഞ്ഞതായി ഡെക്കാന്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ ഉറുമി എന്ന ചിത്രത്തിലെ ഒരു ഗാനം ട്യൂണ്‍ മോഷണമാണെന്ന് ആരോപിച്ച് ഒരു വിദേശ സംഗീത സംവിധായകന്‍ നല്‍കിയ പരാതിയില്‍ സംഗീത സംവിധായകന്‍ ദീപക് ദേവിനെതിരെ കോടതി ഉത്തരവുണ്ടായിരുന്നു.

Scroll To Top