Wednesday December 07, 2016
Latest Updates

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം: മോഡിയും മാര്‍പ്പാപ്പയും പട്ടികയില്‍

ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാരം: മോഡിയും മാര്‍പ്പാപ്പയും പട്ടികയില്‍

ന്യുയോര്‍ക്ക്: ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദി ഇയര്‍ പുരസ്‌ക്കാര പട്ടികയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും. അമ്പത് രാജ്യാന്തര നേതാക്കളെയാണ് ഇത്തവണ പുരസ്‌ക്കാരത്തിനായി പരിഗണിക്കുന്നത്. ഇതുവരെ 3.8 ശതമാനം വോട്ട് നേടിയ മോഡി നാലാം സ്ഥാനത്താണ്. അടുത്ത മാസമാണ് പുരസ്‌ക്കാരം പ്രഖ്യാപിക്കുന്നത്. റഷ്യന്‍ പ്രസിഡന്റ്  പുടിന്‍, നൊബേല്‍ സമ്മാന ജേതാവായ മലാല യൂസഫ്‌സായി, എബോള ബാധിത മേഖലകളില്‍ സേവനം ചെയ്യുന്ന ഡോക്ടര്‍മാരും നഴ്‌സുമാരും എന്നിവരാണ് മോഡിക്കു മുന്നിലുള്ളത്.

യു.എസ്. പ്രസിഡന്റ് ബരാക് ഒബാമ, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയി, ഇസ്രേലി പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു, ഇസ്ലാമിക് സ്‌റ്റേറ്റ് നേതാവ് അബു ബക്കര്‍ അല്‍ ബാഗ്ദാദി, ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗ്, യു.എസ്. സ്‌റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി, യു.എസ്. മുന്‍ സ്‌റ്റേറ്റ് സെക്രട്ടറി ഹിലാരി ക്ലിന്റണ്‍ എന്നിവരാണ് പട്ടികയില്‍ ഇടം നേടിയ മറ്റ് ലോക നേതാക്കള്‍ .

വ്യവസായ രംഗത്തെ പ്രതിനിധീകരിച്ച് ഇ കൊമേഴ്‌സ് വെബ്‌സൈറ്റ് ആമസോണ്‍ മേധാവി ജെഫ് ബിസോസ്, ചൈനീസ് ഇകൊമേഴ്‌സ് വെബ്‌സൈറ്റായ ആലിബാബയുടെ സ്ഥാപകന്‍ ജാക് മാ, ജനറല്‍ മോട്ടേഴ്‌സിന്റെ ആദ്യ വനിതാ സി.ഇ.ഒ: മേരി ബാരാ, ആപ്പിള്‍ മേധാവി ടിം കുക്ക് തുടങ്ങിയവരും പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. 2013 ലെ പുരസ്‌ക്കാര ജേതാവ് ഫ്രാന്‍സിസ് മാര്‍പാപ്പയും നൈജീരിയയില്‍ ബോക്കോഹാറാം തട്ടിക്കൊണ്ടു പോയ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും മത്സര രംഗത്തുണ്ട്.

Scroll To Top