Saturday December 03, 2016
Latest Updates

ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് സച്ചിന്റെ ആദരം

ടെസ്റ്റില്‍ നിന്ന് വിരമിച്ച ധോണിക്ക് സച്ചിന്റെ ആദരം

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ച ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണിക്ക് ക്രിക്കറ്റ് ലോകത്തിന്റെ ആദരം. സച്ചിന്‍ ഉള്‍പ്പെടെയുള്ള മുന്‍ താരങ്ങള്‍ ധോണിക്ക് ആദരവ് അറിയിച്ചു. ധോണിയുടെ മികച്ച ടെസ്റ്റ് കരിയറിനെ അഭിനന്ദിച്ച സച്ചിന്‍, അദ്ദേഹവുമായി കളിച്ച ദിവസങ്ങള്‍ താന്‍ ഏറെ ആസ്വദിച്ചുവെന്നും പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു സച്ചിന്റെ കുറിപ്പ്. ധോണിയുടെ അടുത്ത ലക്ഷ്യം 2015 ലോകകപ്പ് ആകട്ടെയെന്നും സച്ചിന്‍ ആശംസിച്ചു. വിക്കറ്റിനു മുന്നിലും പിന്നിലും ധോണിക്ക് ഒട്ടേറെ നേട്ടങ്ങളുണ്ട്. എന്നാല്‍ ആ നേട്ടങ്ങളെക്കാള്‍ ഉപരിയായി ഇന്ത്യയെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തേക്ക് നയിച്ചതാണ് ധോണിയുടെ മഹത്വമെന്ന് സച്ചിന്‍ പറഞ്ഞു.

ധോണി ധീരനായ ക്യാപ്റ്റനാണെന്ന് ഇന്ത്യന്‍ ടീമംഗം സുരേഷ് റെയ്‌ന പറഞ്ഞു. ടെസ്റ്റ് ടീം ധോണിയെ മിസ് ചെയ്യുമെന്ന് വിനയ് കുമാര്‍ ട്വീറ്റ് ചെയ്തു.

ഓസ്‌ട്രേലിയക്കെതിരായ നടക്കുന്ന ടെസ്റ്റില്‍ പരമ്പര നഷ്ടപ്പെട്ടതിന് പിന്നാലെയാണ് ധോണി അപ്രതീക്ഷിതമായി വിരമിക്കല്‍ പ്രഖ്യാപിച്ചത്. 60 ടെസ്റ്റുകളില്‍ ഇന്ത്യയെ നയിച്ച ധോണി 27 ടെസ്റ്റുകളില്‍ വിജയം നേടിതന്നിട്ടുണ്ട്. ഇന്ത്യയെ ഏറ്റവുമധികം ടെസ്റ്റുകളില്‍ വിജയത്തിലേക്ക് നയിച്ച ക്യാപ്റ്റനാണ് ധോണി. എന്നാല്‍ വിദേശ പിച്ചുകളില്‍ ധോണിയുടെ നേതൃത്വത്തില്‍ കളിച്ച ഭൂരിപക്ഷം ടെസ്റ്റുകളിലും പരാജയമായിരുന്നു ഫലം. തുടര്‍ച്ചയായ പരാജയങ്ങളുടെ പശ്ചാത്തലത്തില്‍ ധോണി ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ പദവി ഒഴിയണമെന്ന് മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം വിരമിച്ചത്. ഏകദിനത്തിലും ട്വന്റി ട്വന്റിയിലും ധോണി തുടര്‍ന്നും കളിക്കും.

ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ അവശേഷിക്കുന്ന ഒരു ടെസ്റ്റില്‍ വിരാട് കോഹ്ലി ടീം ഇന്ത്യയെ നയിക്കും.

Scroll To Top