Saturday December 10, 2016
Latest Updates

ടെലികോം രംഗത്ത് കുതിപ്പുമായി എയര്‍കോം:അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ 4 ജി നെറ്റ് വര്‍ക്ക് ,സ്പീഡ് പത്തിരട്ടിയാവുന്നു

ടെലികോം രംഗത്ത് കുതിപ്പുമായി എയര്‍കോം:അയര്‍ലണ്ടില്‍ ഇന്ന് മുതല്‍ 4 ജി നെറ്റ് വര്‍ക്ക് ,സ്പീഡ് പത്തിരട്ടിയാവുന്നു

ഡബ്ലിന്‍ :അയര്‍ലണ്ടില്‍ ആദ്യമായി 4ജി നെറ്റ്‌വര്‍ക്ക് സാധ്യമാക്കുന്ന ടെലികോം കമ്പനി എന്ന പേരു നേടിയിരിക്കുകയാണ് എയര്‍കോം. ടെലികോം ഭീമനായി പേരെടുത്ത വൊഡാഫോണിനെതിരാളിയായാണ് ഇപ്പോള്‍ എയര്‍കോം 4ജി നെറ്റ്‌വര്‍ക്ക് അയര്‍ലണ്ടില്‍ കൊണ്ടുവന്നിരിക്കുന്നത്.

ഇനി 4ജിയുടെ നെറ്റ്‌വര്‍ക്ക് അയര്‍ലണ്ടില്‍ പ്രാബല്യത്തില്‍ വരുത്തിയ ആദ്യ കമ്പനിയാവും എയര്‍കോം. സ്മാര്‍ട്ട്‌ഫോണ്‍, ടാബ്ലെറ്റ്, ലാപ്‌ടോപ്പ് എന്നിവയില്‍ ബ്രോഡ് ബാന്റ് സ്പീഡ് ഇപ്പോഴുള്ളതിന്റെ പത്തിരട്ടിയാവും എന്നാണ് കമ്പനിയുടെ വിലയിരുത്തല്‍.

ഡബ്ലിന്‍, കാര്‍ലോ,അത്‌ലോണ്‍ എന്നിവിടങ്ങളിലെ മെറ്റിയോര്‍ , ഇമൊബൈല്‍ ഉപയോക്താക്കളെ കണക്കിലെടുത്താണ് കമ്പനി 4ജി നെറ്റ്‌വര്‍ക്ക് നിലവില്‍ വരുത്താന്‍ തീരുമാനിച്ചത്. വര്‍ഷാവസാനത്തോടെതന്നെ ഇതിന്റെ പ്രയോജനം കോര്‍ക്ക്, ലിമറിക്, ഗാല്‍വേ എന്നിവിടങ്ങളിലേക്കും വ്യാപിപ്പിക്കും.

ഡിസംബര്‍ അവസാനിക്കുന്നതോടെ തന്നെ അയര്‍ലണ്ടിലെ പകുതിയോളം സ്ഥലങ്ങളിലും നെറ്റ്‌വര്‍ക്ക് കവറേജ് എഴുപത് ശതമാനത്തോളം വ്യാപിപ്പിക്കാനും എയര്‍കോം തീരുമാനിച്ചിട്ടുണ്ട്.

3ജി, 4ജി നെറ്റ്‌വര്‍ക്കുകളുടെ വിപുലീകരണത്തിനായും 4ജി നിലവില്‍ വരുത്തുന്നതിനായും 117 മില്ല്യണ്‍ യൂറോയാണ് അയര്‍ലണ്ടിലെ വൊഡാഫോണ്‍ കമ്പനി യൂറോപ്യന്‍ ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില്‍ (ഇഐബി) നിന്നും കടമായി സ്വീകരിച്ചത്. ഈ മാസം അവസാനത്തോടെ 4ജി നെറ്റ് വര്‍ക്ക് അയര്‍ലണ്ടില്‍ യാഥാര്‍ത്ഥ്യമാക്കാനായിരുന്നു കമ്പനിയുടെ പദ്ധതി. എന്നാല്‍, ബാങ്കില്‍ നിന്നും പണം കൈപ്പറ്റാനുള്ള നടപടികള്‍ അവസാനിച്ചിട്ടും കമ്പനി പണം സ്വീകരിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

വൊഡാഫോണ്‍ അയര്‍ലണ്ട് സ്‌കീമിന് കമ്പനി 246 മില്ല്യണ്‍ യൂറോയാണ് ചിലവാക്കാന്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍ ഇതിനാവാശ്യമുള്ളതിന്റെ പകുതി പണമാണ് ബാങ്ക് നല്‍കുന്നത്.

ഇതുമായി സാമ്യമുള്ള മറ്റൊരു പദ്ധതിക്ക് യുകെയിലും ഇഐബി വൊഡാഫോണിന് 408 മില്ല്യണ്‍ യൂറോ വായ്പ അനുവദിച്ചിരുന്നു. ടെലികോം വ്യാപാര രംഗം വിപുലീകരിക്കാനും 4ജി നെറ്റ് വര്‍ക്ക് സാധ്യമാക്കാനുമാണ് പദ്ധതി ആരംഭിച്ചതെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എയര്‍കോം നെറ്റ്‌വര്‍ക്ക് വിപുലീകരിക്കുന്നതിനായി 300 മില്ല്യണ്‍ യൂറോയുടെ നിക്ഷേപമാണ് നടത്താന്‍ ഉദ്ദേശിക്കുന്നതെന്നും ഇപ്പോള്‍ 1.3 ബില്ല്യണ്‍ യൂറോയുടെ മറ്റൊരു പദ്ധതി നടക്കുകയാണെന്നും അയര്‍ലണ്ടിലെ എയര്‍കോം ചീഫ് എക്‌സിക്യുട്ടീവ് ഹേബ് ഹ്രിബര്‍ പറഞ്ഞു.

ഇപ്പോള്‍ എയര്‍കോം മുന്നോട്ടുപോയിക്കൊണ്ടിരിക്കുകയാണെന്നും തടസങ്ങളൊന്നും നേരിടേണ്ടിവരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതുവഴി തങ്ങള്‍ക്ക് കൂടുതല്‍ വിശ്വാസ്യത ലഭിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിലെ കമ്പനികള്‍ നടത്തിവരുന്ന ഇത്തരം പദ്ധതികള്‍ക്കും സ്‌കൂള്‍ റോഡ് തുടങ്ങിയ സ്‌കീമുകള്‍ക്കും ഇഐബി ഇപ്പോള്‍ സഹായം നല്‍കുന്നുണ്ട്.

റൂറല്‍ ഏരിയകളിലും 4ജി നെറ്റ്‌വര്‍ക്ക് സാധ്യമാക്കുകയാണ് ഇപ്പോള്‍ കമ്പനി ലക്ഷ്യമിടുന്നതെന്നും ഇതുപോലുള്ള പദ്ധതികള്‍ സ്വീഡനിലും ആസ്ട്രിയയിലും മറ്റു രാജ്യങ്ങളിലും വ്യാപിപ്പിക്കാനും കമ്പനി തീരുമാനിച്ചിട്ടുണ്ടെന്നും ഹേബ് പറഞ്ഞു.

 

 

Scroll To Top