Sunday December 11, 2016
Latest Updates

ടി മോഡല്‍ മുതല്‍ ബ്രസൂക്ക വരെ ലോകകപ്പ് പന്തുകളുടെ കഥ

ടി മോഡല്‍ മുതല്‍ ബ്രസൂക്ക വരെ ലോകകപ്പ് പന്തുകളുടെ കഥ

ലോകകപ്പില്‍ ഓരോ തവണയും മൈതാനത്ത് ഉരുളുന്ന പന്തുകള്‍ക്കും ലോകകപ്പ് ചരിത്രത്തോളം പഴക്കമുണ്ട്. ഇത്തവണ ബ്രസൂക്ക എന്ന പന്താണ് കളിക്കളത്തിലെ താരം. ദക്ഷിണാഫ്രിക്കന്‍ ലോകകപ്പില്‍ ജബുലാനിയായിരുന്നു താരം. ഇത്തവണ കളിക്ക് ഉപയോഗിക്കുന്ന ബ്രസൂക്ക അഡിഡാസിന്റെ പാകിസ്ഥാനിലെ നിര്‍മ്മാണ പ്ലാന്റിലാണ് നിര്‍മ്മിച്ചത്. അന്താരാഷ്ട്ര ടീമുകളും കളി വിദഗ്ദരും പരിശോധിച്ച് ഗുണനിലവാരം ഉറപ്പാക്കിയ ശേഷമാണ് ഇത്തരം പന്തുകള്‍ ലോകകപ്പില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കുന്നത്.

ലോകകപ്പ് പന്തുകളുടെ ചരിത്രം പരിശോധിക്കുന്നത് രസകരമായിരിക്കും. 1930 ല്‍ ലോകകപ്പ് തുടങ്ങിയത് മുതല്‍ വ്യത്യസ്തമായ പേരുകളിലും വ്യത്യസ്ത ഡിസൈനുകളിലും ലോകകപ്പ് പന്തുകള്‍ ലോകം മുഴുവന്‍ ജനപ്രീതി ആര്‍ജിച്ചിട്ടുണ്ട്. ആദ്യകാലത്ത് ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന പന്തുകള്‍ കൈകൊണ്ട് നിര്‍മ്മിച്ചവയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തികഞ്ഞ സാങ്കേതിക മികവോടെ മെഷീന്‍ നിര്‍മ്മിതമായാണ് ലോകകപ്പ് ബോളുകള്‍ പുറത്തിറക്കുന്നത്. ആദ്യകാലത്ത് ലോകകപ്പില്‍ കളിക്കുന്ന ടീമുകളുടെ ക്യാപ്റ്റന്‍മാര്‍ ചേര്‍ന്നാണ് പന്ത് തെരഞ്ഞെടുത്തിരുന്നത്.

ആദ്യ ലോകകപ്പ് മുതല്‍ ബോളുകള്‍ക്ക് വ്യത്യസ്തമായ പേരുകളും നല്‍കിവരുന്നു. 1930 ല്‍ ആദ്യ ലോകകപ്പില്‍ ഉപയോഗിച്ച പന്ത് ടി മോഡല്‍ എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്. 1938 ല്‍ ഫ്രാന്‍സില്‍ നടന്ന ലോകകപ്പില്‍ പന്തിന്റെ പേര് അലന്‍ എന്നായിരുന്നു. 1958 ലോകകപ്പിലെ ടോപ് സ്റ്റാര്‍, 1962 ല്‍ ചിലി ലോകകപ്പില്‍ ഉപയോഗിച്ച ക്രാക്ക്, 1998 ലോകകപ്പിലെ ട്രൈകളര്‍, 2006 ല്‍ ജര്‍മനി ലോകകപ്പിലെ ടീംഗിസ്റ്റ്, കഴിഞ്ഞ തവണത്തെ ജബുലാനി ഇവയൊക്കെ ഇതില്‍ ശ്രദ്ധേയമായ പേരുകളാണ്. 1970 മുതല്‍ അഡിഡാസ് കമ്പനിയാണ് ലോകകപ്പിന്റെ ബോള്‍ നിര്‍മ്മിക്കുന്നത്.

Scroll To Top