Sunday December 04, 2016
Latest Updates

ടി പി വധം: സി ബി ഐ അന്വേഷണത്തിനായി രമയുടെ അനിശ്ചിതകാല നിരാഹാരം തുടങ്ങി

ടി പി വധം: സി ബി ഐ അന്വേഷണത്തിനായി രമയുടെ അനിശ്ചിതകാല നിരാഹാരം തുടങ്ങി

തിരുവനന്തപുരം: ടിപി വധത്തിന് പിന്നിലെ ഗൂഢാലോചന തെളിയിക്കാന്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ടിപി ചന്ദ്രശേഖരന്റെ വിധവ കെകെ രമ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം തുടങ്ങി. അന്വേഷണം പ്രഖ്യാപിക്കുന്നതുവരെ നിരാഹാരം തുടരുമെന്ന് രമ അറിയിച്ചു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് പ്രകടനമായാണ് രമ സെക്രട്ടേറിയറ്റിന് മുന്നില്‍ എത്തിയത്. വടകരയില്‍ നിന്ന് നൂറോളം ആര്‍എംപി പ്രവര്‍ത്തകര്‍ രമക്കൊപ്പം എത്തിയിരുന്നു
സര്‍ക്കാരിന് പൂര്‍ണമായും അനുകൂല നിലപാടാണ് ഇതിലുള്ളതെങ്കിലും വിചാരണക്കോടതി വിധി പുറപ്പെടീച്ചു കഴിഞ്ഞ കേസില്‍ സി ബി ഐ അന്വേഷണം നടത്തുന്നതിന്റെ നിയമസാധുത ആരാഞ്ഞശേഷമേ അന്തിമ തീരുമാനമെടുക്കൂ എന്നാണ് സര്‍ക്കാര്‍ പക്ഷം. അതേ സമയം സി ബി ഐ അന്വേഷണത്തിന് നിയമതടസ്സങ്ങളില്ലെന്ന് സര്‍ക്കാറിന് പ്രൊസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ നിയമോപദേശം നല്‍കിയതായി സൂചനയുണ്ട്. അങ്ങനെയാണെങ്കില്‍ രമക്ക് അധിക ദിവസം സമരപ്പന്തലിലിരിക്കേണ്ടി വരില്ല.
ടി പി വധത്തില്‍ 12 പേരെ മാത്രമാണ് കോടതി ശിക്ഷിച്ചതെന്നും ഗൂഢാലോചനക്ക് നേതൃത്വം നല്‍കിയ സി പി എം ഉന്നതര്‍ക്കെതിരെ കുറ്റം തെളിയിക്കാന്‍ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്നും രമ പറഞ്ഞു. അതേ സമയം വിചാരണക്കോടതി വിധി പറഞ്ഞ കേസ് സി ബീ ഐ അന്വേഷിക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സി പി എമ്മിന്റെ വാദം. സി ബി ഐ അന്വേഷണത്തെ ഭയമില്ലെന്ന് പറയുമ്പോഴും നിയമത്തിന്റെ വഴിയിലൂടെ എങ്ങനെ അന്വേഷണത്തെ തടയാമെന്ന് ആലോചിക്കുകയാണ് നേതൃത്വം.
എന്നാല്‍ പാര്‍ട്ടിയുടെ ഈ നിലപാടിനെതിരെ തുടക്കം മുതലേ രംഗത്ത് വന്ന വി എസ് രമയുടെ നിരാഹാരത്തെ പിന്തുണച്ചത് പാര്‍ട്ടിയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിരിക്കയാണ്. തുടര്‍ന്ന് പരസ്യപ്രസ്താവന നടത്തുന്നതില്‍ നിന്ന് പാര്‍ട്ടി വിലക്കിയിരുന്നെങ്കിലും രമയുടെ നിരാഹാര വേദിയില്‍ വി എസ് എത്തുമോ എന്ന് പാര്‍ട്ടി ഭയക്കുന്നു. വി എസ് തന്റെ സമരപ്പന്തലിലെത്തുമെന്ന് രമയും ഇന്നലെ പറഞ്ഞിരുന്നു. അങ്ങനെ സംഭവിച്ചാല്‍ ടി പി വധത്തില്‍ പാര്‍ട്ടിക്കെതിരെയുള്ള കടുത്ത ഒളിയമ്പാകും അത്.

Scroll To Top