Saturday December 03, 2016
Latest Updates

ടി പി വധം, വിധി നാളെ: ആശങ്കയോടെ സി പി എം, പ്രതീക്ഷയോടെ വി എസ്

ടി പി വധം, വിധി നാളെ: ആശങ്കയോടെ സി പി എം, പ്രതീക്ഷയോടെ വി എസ്

കോഴിക്കോട്: പ്രമാദമായ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പ്രഖ്യാപനം നാളെയുണ്ടാകും. എരഞ്ഞിപ്പാലത്തെ അഡീഷണല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണപ്പിഷാരടിയാണ് വിധി പ്രസ്താവിക്കുക. വിധിപ്രഖ്യാപനത്തോടനുബന്ധിച്ച് അനിഷ്ട സംഭവങ്ങളൊഴിവാക്കാന്‍ കോഴിക്കോട് കണ്ണൂര്‍ ജില്ലകളില്‍ സുരക്ഷ കര്‍ശനമാക്കി. രണ്ട് ജില്ലകളിലും നിരോധനാജ്ഞ പുറപ്പെടീച്ചിട്ടുണ്ട്. ഇവിടങ്ങളില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിന് പുറമേ ഇരുജില്ലകളിലും കനത്ത പോലീസ് സന്നാഹവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
2012 മെയ് നാലിനുണ്ടായ കൊലപാതകത്തിന്റെ കേസന്വേഷണം മൂന്നുമാസം കൊണ്ട് പൂര്‍ത്തീകരിച്ചിരുന്നു. വടകര ഒന്നാം ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ആഗസ്ത് 13ന് കുറ്റപത്രം സമര്‍പ്പിച്ചു. പ്രതികളില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്യാന്‍ കഴിയാത്തതിനാല്‍ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ തുടങ്ങിയത് 74 പേര്‍ക്കെതിരെ. പ്രാരംഭവാദത്തിനൊടുവില്‍ രണ്ടു പ്രതികളെ വിചാരണക്കോടതി കുറ്റപത്രത്തില്‍നിന്ന് നീക്കിയതോടെ ആകെ പ്രതികള്‍ 72 ആയി.
സി പി എമ്മിലെ പ്രമുഖ നേതാക്കള്‍ പ്രതിയായ കേസിന്റെ വിധി എന്താകുമെന്ന് ആശങ്കയോടെയാണ് പാര്‍ട്ടി നേതൃത്വം നോക്കിക്കാണുന്നത്. വിധി കാത്തിരിക്കുന്ന 36 പ്രതികളില്‍ എട്ട് പേര്‍ സി.പി.എം. നേതാക്കളാണ്. സി പി എം പിണറായി പക്ഷത്തുള്ള ഈ നേതാക്കള്‍ക്ക് പ്രതികൂലമായി വിധി വന്നാല്‍ ലോക്ലഭാ തെരഞ്ഞുടുപ്പില്‍ പാര്‍ട്ടിയുടെ പ്രകടനത്തെ ബാധിക്കുമെന്ന് നേതൃത്വം മനസ്സിലാക്കുന്നു. വിധി എന്തു വന്നാലും അണികള്‍ സംയമനം പാലിക്കണമെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും അതിന്റെ ധ്വനി എന്താണെന്ന്അണികള്‍ക്ക് നന്നായറിയാം.
അതേ സമയം കേസിന്റെ വിധി പിണറായി പക്ഷത്തിനെതിരെ തനിക്ക് പ്രയോഗിക്കാവുന്ന വടിയാക്കാമെന്ന പ്രതീക്ഷയിലാണ് വി എസ്. ടി പി കൊല്ലപ്പെട്ടതു മുതലേ അദ്ദേഹത്തെ ധീരനായ കമ്മ്യൂണിസ്റ്റെന്ന് വാഴ്ത്തിയും സി പി എം ഔദ്യോഗിക നേതൃത്വത്തെ പ്രതിക്കൂട്ടിലാക്കുന്ന തരത്തില്‍ പ്രസ്താവനകളിറക്കിയും വി എസ് രംഗത്ത് വന്നിരുന്നു. ഇന്നലെയും വി എസ് തന്റെ പ്രസ്താവന ആവര്‍ത്തിച്ചു. ഇതോടെ ടി പി വധക്കേസ് വിധി സി പി എമ്മല്‍ ഈയിടെ കെട്ടുപോയിരുന്ന വി എസ് ഔദ്യോഗിക പക്ഷ ആഭ്യന്തര പോരിന് തിരികൊളുത്തിയേക്കുമെന്ന് നിരീക്ഷകര്‍ പറയുന്നു.

Scroll To Top