Sunday December 04, 2016
Latest Updates

ടി പി വധം :പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

ടി പി വധം :പതിനൊന്ന് പ്രതികള്‍ക്ക് ജീവപര്യന്തം

കോഴിക്കോട്: രാഷ്ടീയ കേരളം ആകാംക്ഷയോടെ കാത്തിരുന്ന ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ വിധി പ്രഖ്യാപിച്ചു. കുറ്റവാളികളായി കണ്ടെത്തിയ പന്ത്രണ്ട് പ്രതികളില്‍ പതിനൊന്ന് പേര്‍ക്കും ജീവപര്യന്തം ശിക്ഷ വിധിച്ചു . മൂന്ന് സിപിഎം നേതാക്കള്‍ക്കും ഏഴംഗ കൊലയാളി സംഘത്തിനും അക്രമികള്‍ക്കായി ഇന്നോവ കാര്‍ വാടകയ്ക്ക് എടുത്തു നല്‍കിയ പ്രതിക്കും അഡീഷനല്‍ സെഷന്‍സ് ജഡ്ജി ആര്‍. നാരായണ പിഷാരടിയാണ് ജീവപര്യന്തം ശിക്ഷ പ്രഖ്യാപിച്ചത്. ഇവര്‍ എല്ലാവരും 50,000 രൂപ വീതം പിഴയും ഒടുക്കണം.
കേസില്‍, പതിമൂന്നാം പ്രതിയും പാനൂര്‍ ഏരിയാ കമ്മിറ്റി അംഗവുമായ പി.കെ. കുഞ്ഞനന്തന്‍,കോഴിക്കോട് കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗവും എട്ടാം പ്രതിയുമായ കെ.സി. രാമചന്ദ്രന്‍ (54),കണ്ണൂര്‍ കുന്നോത്തുപറന്പ് മുന്‍ ബ്രാഞ്ച് സെക്രട്ടറിയും പതിനൊന്നാം പ്രതിയുമായ ട്രൗസര്‍ മനോജന്‍ (49) ഒന്നു മുതല്‍ ഏഴുവരെ പ്രതികളും കൊലയാളി സംഘാംഗങ്ങളുമായ എം.സി. അനൂപ് (32), കിര്‍മാണി മനോജ് (32), കൊടി സുനി (31), ടി.കെ. രജീഷ് (35), കെ.കെ. മുഹമ്മദ് ഷാഫി (29), എസ്. സിജിത്ത് (25), കെ. ഷിനോജ് (30), അക്രമികള്‍ക്കായി ഇന്നോവ കാര്‍ വാടകയ്ക്ക്എടുത്തു നല്‍കിയ 18ാം പ്രതി വാഴപ്പടച്ചി റഫീഖ് (38) എന്നിവര്‍ക്കാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. എന്നാല്‍ കേസില്‍ ആയുധങ്ങള്‍ ഒളിപ്പിച്ച് തെളിവു നശിപ്പിക്കാന്‍ ശ്രമിച്ച മുപ്പത്തിയൊന്നാം പ്രതി ലംബു പ്രദീപന്റെ (36) ശിക്ഷ മൂന്നു വര്‍ഷം തടവു ശിക്ഷയില്‍ ഒതുങ്ങി.
പി.കെ. കുഞ്ഞനന്തനും കെ.സി. രാമചന്ദ്രനും ട്രൗസര്‍ മനോജനും എതിരെ കൊലപാതക ഗൂഢാലോചനയും ഏഴംഗ കൊലയാളി സംഘത്തിനെതിരെ നരഹത്യ, കലാപം സൃഷ്ടിക്കല്‍, മാരകായുധം കൈവശം വയ്ക്കല്‍ എന്നീ കുറ്റങ്ങളുമാണ് കോടതി കണ്ടെത്തിയത്. വാഴപ്പടച്ചി റഫീഖിനെതിരെ കൊലപാതക പ്രേരണയും ലംബു പ്രദീപനെതിരെ തെളിവ് നശിപ്പിക്കലുമായിരുന്നു കുറ്റങ്ങള്‍.
ആവേഗത്തിന്റെ മുള്‍മുനയില്‍ നിന്നിരുന്ന ജനങ്ങള്‍ക്കിടയിലേക്കാണ് രാവിലെ 11 നു ജഡ്ജി വന്നിറങ്ങിയത്. തുടര്‍ന്ന്പത്തു മിനിറ്റിനകം ശിക്ഷാ വിധിച്ചു കേസിലെ ഏറ്റവും ഉന്നതനായ സിപിഎം നേതാവ് പി. മോഹനനെതിരെ കോടതിക്കു മുന്നിലെത്തിയ തെളിവുകള്‍ നിയമപരമായി സ്വീകാര്യമല്ലാത്തവയാണെന്നു കാട്ടി അദ്ദേഹത്തെ നേരത്തെ വിട്ടയച്ചിരുന്നു. മോഹനന്‍ അടക്കം 24 പേരെയാണ് കഴിഞ്ഞ ബുധനാഴ്ച പ്രഖ്യാപിച്ച വിധിപ്രസ്താവ്യത്തില്‍ കുറ്റക്കാരല്ലെന്നു കാട്ടി കോടതി വിട്ടയച്ചത്

Scroll To Top