Friday December 02, 2016
Latest Updates

ടി പി വധം :കോടതിയ്‌ക്കെതിരെ പരാമര്‍ശവുമായി പിണറായി വിജയന്‍

ടി പി വധം :കോടതിയ്‌ക്കെതിരെ പരാമര്‍ശവുമായി പിണറായി വിജയന്‍

തിരുവനന്തപുരം: ടി പി വധക്കേസില്‍ കോടതിയ്‌ക്കെതിരെ പരാമര്‍ശവുമായി പിണറായി വിജയന്‍. കോടതി വിധിയില്‍ ടി.പിയെ വധിക്കാന്‍ പി.കെ.കുഞ്ഞനന്തന്റെ വീട്ടില്‍ ഗൂഢാലോചന നടത്തി എന്ന കോടതിയുടെ കണ്ടെത്തലിനോട് യോജിക്കാനാവില്ലെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. മനോജും കെ.സി.രാമചന്ദ്രനും ബൈക്കില്‍ കുഞ്ഞനന്തന്റെ വീട്ടിലേക്ക് പോവുന്നത് കണ്ടു എന്ന് അദ്ദേഹത്തോട് പകയുള്ള ആര്‍.എസ്.എസുകാര്‍ നല്‍കിയ മൊഴി കോടതി വിശ്വസിച്ചതായിരിക്കാമെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കേസില്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിയമ വിരുദ്ധ മാര്‍ഗങ്ങള്‍ തുറന്നു കാട്ടേണ്ട മാധ്യമങ്ങള്‍ അവര്‍ക്ക് ഹല്ലേലൂയ പാടുകയാണ്. മാധ്യമ ധര്‍മം മറന്നു മാധ്യമങ്ങള്‍ ഇങ്ങനെ പ്രവര്‍ത്തിക്കുന്നത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിനും ബി.ജെ.പിക്കും ബദലായി മതേതര ബദല്‍ രൂപീകരിക്കുകയാണ് സി.പി.എമ്മിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി.ചന്ദ്രശേഖരന്‍ വധക്കേസ് സി.ബി.ഐ അന്വേഷിക്കുന്നതില്‍ സി.പി.ഐഎമ്മിന് ആശങ്കയില്ലെന്ന് പിണറായി വിജയന്‍ പറഞ്ഞു. സി.ബി.ഐ എന്നല്ല ഏത് ഏജന്‍സി അന്വേഷിച്ചാലും തങ്ങളെ കുറിച്ച് മറ്റൊന്നും കണ്ടെത്താന്‍ കഴിയില്ല. കേരള രക്ഷാ മാര്‍ച്ചിന്റെ ഭാഗമായി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ടി.പി കേസില്‍ സര്‍ക്കാര്‍ ഇപ്പോള്‍ സ്വീകരിക്കുന്ന നടപടികള്‍ അടിയന്തരാവസ്ഥയെ ഓര്‍മ്മിപ്പിക്കുന്നതാണ്. കേസില്‍ സി.പി.എം നേതാക്കളെ പ്രതികളാക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട നടപടികള്‍ സ്വീകരിക്കുകയാണ്. സി.പി.എമ്മിന്റെ സ്വാധീനം തകര്‍ക്കുകയെന്ന ലക്ഷ്യമാണ് ഇത്തരം നീക്കങ്ങള്‍ക്ക് പിന്നില്‍. നേതാക്കളെ കേസില്‍പെടുത്തുന്നതിന് വേണ്ടി ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ രാഷ്ട്രീയമായി ഉപയോഗിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. നിയമ വ്യവസ്ഥ അനുസരിച്ച് ടി.പി കേസ് സി.ബി.ഐയ്ക്ക് അന്വേഷിക്കാന്‍ കഴിയില്ലെന്നും പിണറായി പറഞ്ഞു.

ടി.പി കേസില്‍ കോടതി വിധി വന്നതോടെ സി.പി.എമ്മിനെ തകര്‍ക്കാമെന്ന ഗൂഢനീക്കം പൊളിഞ്ഞു. അതോടെയാണ് നിയമവിരുദ്ധ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് രമ നടത്തുന്ന നിരാഹാര സമരത്തെയും ഇതുമായി ബന്ധപ്പെടുത്തി കാണണം. കോണ്‍ഗ്രസും യു.ഡി.എഫും മാത്രമല്ല വലതുപക്ഷ, വര്‍ഗീയ, തീവ്രവാദ സംഘനടകളും കപട ഇടതുപക്ഷവാദികളും ചേര്‍ന്ന് വിപുലമായ മാര്‍ക്‌സിസ്റ്റ് വിരുദ്ധസഖ്യമാണ് സമരത്തിന്റെ പേരില്‍ രൂപപ്പെടുത്തിയത്. ഇതിനെ രാഷ്ട്രീയമായി തന്നെ സി.പി.എം നേരിടും പിണറായി പറഞ്ഞു.

രമയുടെ നിരാഹാര സമരവുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ നിലപാട് തന്നെയാണ് വി.എസിനുമുള്ളത്. വി.എസ് കൂടി പങ്കെടുത്ത സംസ്ഥാന കമ്മിറ്റി യോഗമാണ് പ്രമേയം പാസാക്കിയത്. ആ പ്രമേയമാണ് പുറത്ത് പറഞ്ഞതും. വി.എസിനെ പാര്‍ട്ടിയില്‍ നിന്ന് മാറ്റി നിറുത്തേണ്ടതില്ലെന്നും ഇതു സംബന്ധിച്ച ചോദ്യത്തിന് മറുപടിയായി പിണറായി പറഞ്ഞു.

Scroll To Top