Saturday December 10, 2016
Latest Updates

ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ അപേക്ഷ

ടിപി വധം: പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് വിവരാവകാശ അപേക്ഷ

തിരുവനന്തപുരം: ടിപി വധം സംബന്ധിച്ച് സിപിഎം രഹസ്യമാക്കി വച്ചിരിക്കുന്ന അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്നു വിവരാവകാശ പ്രവര്‍ത്തകന്‍, കണ്ണൂര്‍ ചൊക്ലി സ്വദേശിയായ പി ഷറഫുദീനാനു വിവരാവകാശ അപേക്ഷ നല്കിയത്. സിപിഎം ഉള്‌പ്പെടെയുള്ള ആറ് പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയില്‍ വരുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ പരാതി നല്കിയിരിക്കുന്നത്.

കഴിഞ്ഞ മാര്‍ച്ച്  12 ന് സിപിഎം സംസ്ഥാന കമ്മറ്റി ഓഫീസ് പ്രവര്‍ത്തിക്കുന്ന എകെജി സെന്റര്‍ പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ക്ക് ഇയാള്‍ അപേക്ഷ നല്കിയിരുന്നു. എന്നാല്‍ ഒരു മാസമായിട്ടും ഈ അപേക്ഷയ്ക്ക് മറുപടി ലഭിച്ചില്ല. ഇതേതുടര്‍ന്ന് കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ഷറഫുദീന്‍. നിയമനടപടി സംബന്ധിച്ച് കാര്യങ്ങള്‍ തന്റെ അഭിഭാഷകനുമായി സംസാരിച്ച് ഉടന്‍ തീരുമാനം എടുക്കുമെന്ന് ഷറഫുദീന്‍ അറിയിച്ചു.

ഇതോടെ ടിപി വധത്തിലെ പാര്‍ട്ടി അന്വേഷണ റിപ്പോര്‍ട്ടും കോടതി കയറുമെന്ന് ഉറപ്പായിരിക്കുകയാണ്. ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ച ടിപി വധത്തില്‍ കുന്നുമക്കര ലോക്കല്‍ കമ്മറ്റി അംഗം കെസി രാമചന്ദ്രനെയാണ് പാര്‍ട്ടി കമ്മീഷന്‍ കുറ്റക്കാരനായി കണ്ടെത്തിയത്. ഇയാള്‍ വ്യക്തിവിരോധം മൂലം ടിപിയെ വകവരുത്തി എന്നായിരുന്നു പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍. രാമചന്ദ്രന്‍ ഇക്കാര്യം പാര്‍ട്ടി കമ്മീഷനോട് സമ്മതിച്ചതായി പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കള്‍ വെളിപ്പെടുത്തിയിരുന്നു.

അതിനിടെയാണ് പാര്‍ട്ടിയെ കൂടുതല്‍ വെട്ടിലാക്കിക്കൊണ്ട് അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട് വിവരാവകാശ പ്രവര്‍ത്തകന്‍ കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

അതേസമയം ടിപി വധക്കേസില്‍ ജയില്‍ ശിക്ഷ അനുഭവിക്കുന്ന സിപിഎം നേതാക്കളായ കുഞ്ഞനന്തന്‍, ട്രൌസര്‍ മനോജ് എന്നിവരുടെ പങ്കിനെക്കുറിച്ച് സിപിഎം ഇതുവരെ പ്രതികരിച്ചിട്ടില്ല. മുഖം രക്ഷിക്കാന്‍ ഇവരെ പാര്‍ട്ടിയില്‍ നിന്ന് പുരത്താക്കിയെക്കുമെന്നും സൂചനയുണ്ട്. ഇവരെ പുറത്താക്കുന്നതിനു മുന്നോടിയായാണ് കഴിഞ്ഞ ദിവസം പിണറായി വിജയന് ജയില്‍ സന്ദര്‍ശിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്.

 

Scroll To Top