Saturday December 03, 2016
Latest Updates

ടാറ്റാ സ്റ്റീല്‍ തൊഴിലാളി യൂണിയനുകള്‍ സമരത്തിലേക്ക്

ടാറ്റാ സ്റ്റീല്‍ തൊഴിലാളി യൂണിയനുകള്‍ സമരത്തിലേക്ക്

ലണ്ടന്‍: പെന്‍ഷന്‍ പദ്ധതി അവസാനിപ്പിച്ചതില്‍ പ്രതിഷേധിച്ച് യുകെയിലെ ടാറ്റാ സ്റ്റീല്‍ തൊഴിലാളി യൂണിയനുകള്‍ സമരത്തിലേക്ക്. ഫൈനല്‍ സാലറി പെന്‍ഷന്‍ സ്‌കീം നിര്‍ത്തലാക്കിയതായി ടാറ്റാ സ്റ്റീല്‍ ഇന്നലെ അറിയിച്ചിരുന്നു. ഇതു സംബന്ധിച്ച യാതൊരു ചര്‍ച്ചയ്ക്കുമില്ലെന്ന് കമ്പനി വ്യക്തമാക്കി. ഇതിനെ തുടര്‍ന്നാണ് തൊഴിലാളി സംഘടനകള്‍ സമരവുമായി മുന്നോട്ടു നീങ്ങുന്നത്. പെന്‍ഷന്‍ സ്‌കീം റദ്ദാക്കുകയും ചര്‍ച്ചയ്ക്ക് വിസമ്മതിക്കുകയും ചെയ്ത ടാറ്റാ സ്റ്റീല്‍ അധികൃതരുടെ നടപടി ധാര്‍ഷ്ട്യമാണെന്ന് തൊഴിലാളി സംഘടനകള്‍ കുറ്റപ്പെടുത്തി.

പെന്‍ഷന്‍ സ്‌കീം നിര്‍ത്തലാക്കുന്നതിനെ കുറിച്ച് തൊഴിലാളികളെ അറിയിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്. 17,000 തൊഴിലാളികളെയാണ് പുതിയ നടപടി ബാധിക്കുക. പകരം പങ്കാളിത്ത പെന്‍ഷന്‍ പോലെ ഡിഫൈന്‍ഡ് ബെനഫിറ്റ് സ്‌കീം നിലനിര്‍ത്തുമെന്നാണ് ടാറ്റ അവകാശപ്പെടുന്നത്.

പെന്‍ഷന്‍ പദ്ധതി നിര്‍ത്തലാക്കാനുള്ള തീരുമാനം നിരാശാജനകമാണെന്നും കമ്പനിയില്‍ തങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടുവെന്നും കമ്യൂണിറ്റി ട്രേഡ് യൂണിയന്‍ ജനറല്‍ സെകര്ട്ടറി റോയ് റിക്കസ് പറഞ്ഞു.

യുകെയിലെ പോര്‍ട്ട് ടാല്‍ബോട്ട്, വെയില്‍സ്, സ്‌കന്‍തോര്‍പ്പ്, വടക്കുകിഴക്കന്‍ ഇംഗ്ലണ്ട്, യോര്‍ക്ഷെയര്‍ എന്നിവിടങ്ങളിലാണ് ടാറ്റാ സ്റ്റീല്‍ പ്ലാന്റുകളുള്ളത്.

Scroll To Top