Saturday December 03, 2016
Latest Updates

ടാഗോര്‍ പ്രതിമയ്ക്ക് പകരമായി അയര്‍ലണ്ട് ഇന്ത്യയ്ക്ക് യീറ്റ്‌സിന്റെ അര്‍ദ്ധകായ പ്രതിമ സമ്മാനിക്കും

ടാഗോര്‍ പ്രതിമയ്ക്ക് പകരമായി അയര്‍ലണ്ട് ഇന്ത്യയ്ക്ക് യീറ്റ്‌സിന്റെ അര്‍ദ്ധകായ പ്രതിമ സമ്മാനിക്കും

ഡബ്ലിന്‍: ഐറിഷ് കവിയും നോബല്‍ സമ്മാന ജേതാവുമായ ഡബ്ല്യൂ ബി യീറ്റ്‌സിന്റെ അര്‍ദ്ധകായ പ്രതിമ അയര്‍ലണ്ട് ഇന്ത്യയ്ക്ക് കൈമാറും . ബുള്‍ബുലിയ ബെക്വസ്റ്റ് ആണ് പ്രതിമ സമ്മാനിച്ചത്.ഇന്നലെ ഡബ്ലിനില്‍ നടന്ന ചടങ്ങില്‍ ഇന്ത്യയ്ക്ക് കൈമാറാനുള്ള യീറ്റ്‌സിന്റെ പ്രതിമ ഐറിഷ് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗന്‍ ശില്പ്പിയില്‍ നിന്നും ഏറ്റുവാങ്ങി.

ന്യൂഡല്‍ഹിയിലെ ഐറിഷ് എംബസി മുഖേന പ്രതിമ ഇന്ത്യക്ക് കൈമാറും. യീറ്റ്‌സിന്റെ സുഹൃത്തും സമകാലീനനുമായിരുന്ന രവീന്ദ്രനാഥ ടാഗോറുമായി യീറ്റ്‌സിന് ഉണ്ടായിരുന്ന സൌഹൃദത്തിന്റെഓര്‍മ്മപുതുക്കലിനായും, സാഹിത്യ സാംസ്‌കാരിക രംഗത്ത് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ പ്രതീകമായി കൂടിയാണ് യീറ്റ്‌സിന്റെ പ്രതിമ ഇന്ത്യയ്ക്ക് സമ്മാനിക്കുന്നത്.

2011 ല്‍ ഇന്ത്യ ഗവണ്‍മെന്റ് ടാഗോറിന്റെ ഒരു അര്‍ദ്ധകായ പ്രതിമ ഐറിഷ് ഗവണ്‍മെന്റിന് സമ്മാനിച്ചിരുന്നു. ഈ പ്രതിമ ഇപ്പോള്‍ സെന്റ് സ്റ്റീഫന്‍സ്
ഗ്രീനില്‍ പ്രദര്‍ശനത്തിന് വച്ചിട്ടുണ്ട്.മറ്റൊന്ന് സ്ലൈഗോയില്‍ സ്ഥാപിക്കുന്നുമുണ്ട്. 

ഇന്ത്യയ്ക്കും അയര്‍ലണ്ടിനും സാഹിത്യ, സാംസ്‌കാരിക രംഗത്ത് ഒട്ടേറെ സമാനതകളുണ്ടെന്ന് പ്രതിമ സമ്മാനിച്ച
ഡോ. അബ്ദുല്‍ ബുള്‍ബുലിയ പറഞ്ഞു. അയര്‍ലണ്ടില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇന്ത്യയില്‍ നിന്നാണ്. ഇത് ഇന്ത്യയും അയര്‍ലണ്ടും തമ്മിലുള്ള ബന്ധത്തിന്റെ ഊഷ്മളത വ്യക്തമാക്കുന്നതായും ഡോ. അബ്ദുല്‍ ബുള്‍ബുലിയ പറഞ്ഞു.

ശില്‍പ്പി റൊരി ബ്രെസ്ലിന്‍ വെങ്കലത്തിലാണ് പ്രതിമ നിര്‍മ്മിച്ചത്. പ്രതിമ ഏറ്റുവാങ്ങുന്ന ചടങ്ങില്‍ വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്‌ലനാഗനും ഇന്ത്യന്‍
അംബാസഡര്‍ രാധിക ലാല്‍ ലോകേഷും പങ്കെടുത്തു.

Scroll To Top