Monday December 05, 2016
Latest Updates

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം; വഴിയറിയില്ലെങ്കില്‍ പണി കിട്ടും

ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം; വഴിയറിയില്ലെങ്കില്‍ പണി കിട്ടും

ഡബ്ലിന്‍ : വഴിയറിയാതെ യാത്രക്കാരുമായി തോന്നുന്ന വഴിയിലൂടെയെല്ലാം നീങ്ങുന്ന ടാക്‌സി ഡ്രൈവര്‍മാര്‍ ഇനി കുടുങ്ങൂം. പ്രാദേശിക ഭൂമിശാസ്ത്രത്തെക്കുറിച്ചുള്ള ടാക്‌സി ഡ്രൈവര്‍മാരുടെ ബോധം പരിശോധിക്കാന്‍ പരീക്ഷ നടപ്പാക്കുന്ന പുതിയ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ കൊണ്ടു വരികയാണ് അയര്‍ലണ്ടിലെ അധികാരികള്‍ . പ്രാദേശിക പാതകളുമായി ബന്ധപ്പെട്ട് ഡ്രൈവര്‍മാര്‍ക്ക് എതിരേ പരാതി കൂടിയാല്‍ അയാള്‍ ഈ പരീക്ഷ ജയിക്കേണ്ടി വരുമെന്നാണതാണ് പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം.

ഡ്രൈവര്‍മാര്‍ക്ക് എതിരേ മൂന്നിലധികം പരാതികള്‍ ഉണ്ടായാല്‍ ഏത് പ്രദേശവുമായി ബന്ധപ്പെട്ടാണ് പരാതിക്ക് സാഹചര്യം ഒരുങ്ങിയതെങ്കില്‍ ആ സ്ഥലത്തെക്കുറിച്ചുള്ള അറിവുകളായിരിക്കും പരിശോധനയില്‍ വരിക. ടാക്‌സി ഡ്രൈവര്‍മാരുടെ പ്രവര്‍ത്തനങ്ങള്‍ ഉള്‍നാടന്‍, നഗര പ്രദേശങ്ങളില്‍ നിരീക്ഷിക്കാന്‍ 15 പുതിയ എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍മാരെ കൂടി നിയോഗിക്കും. ഇതു കൂടിയാകുമ്പോള്‍ ഇതിനായി നിയോഗിക്കപ്പെട്ടവരുടെ എണ്ണം 32 ആകും.

ടാക്‌സി ലൈസന്‍സ് അനുവദിക്കുന്നതിലെ കാലതാമസവും ഇനി കുറയ്ക്കുമെന്നു നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വ്യക്തമാക്കി

യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നും പഠിക്കാനായി വരുന്നവര്‍ക്ക് ഏതാനും മണിക്കൂറുകള്‍ ജോലി ചെയ്യാന്‍ അവസരം നല്‍കുന്ന സ്റ്റാമ്പ് 2 വിസയുടെ കാര്യവും കൂടുതല്‍ കര്‍ശനമാക്കി.ഇത്തരക്കാര്‍ക്ക് ടാക്‌സി വാങ്ങി ഓടിയ്ക്കുന്നതടക്കമുള്ള സ്വയം തൊഴിലില്‍ ഇനി ഏര്‍പ്പെടാനാവില്ല . വീല്‍ ചെയറുകള്‍ ഉള്‍പ്പെടുത്താവുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ട പ്രായ പരിധി, ക്രഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ സംബന്ധിച്ച ഉയര്‍ന്ന ഫീസ്, വാഹനങ്ങളിലെ പരസ്യങ്ങളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ തുടങ്ങിയ കാര്യങ്ങളും പുതിയ മാര്‍ഗ്ഗ നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം വാഹനങ്ങളില്‍ പരസ്യം പതിക്കന്നതുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ നേരത്തേ ടാക്‌സി ഡ്രൈവര്‍മാരുടെ എതിര്‍പ്പിന് വിധേയമായിരുന്നു. ഡ്രൈവര്‍മാര്‍ക്ക് കിട്ടാവുന്ന അധിക വരുമാനത്തെ തടയുന്ന നടപടിയാണെന്നായിരുന്നു ഡ്രൈവര്‍മാരുടെ അഭിപ്രായം.

Scroll To Top