Wednesday December 07, 2016
Latest Updates

ജോലി ഇല്ലാത്തവര്‍ നാടുവിട്ട് ജോലി തേടണമെന്ന് ഐറിഷ് സാമൂഹിക ക്ഷേമ വകുപ്പ്

ജോലി ഇല്ലാത്തവര്‍ നാടുവിട്ട് ജോലി തേടണമെന്ന് ഐറിഷ്  സാമൂഹിക ക്ഷേമ വകുപ്പ്

ഡബ്ലിന്‍ :വിദേശരാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാന്‍ ഐറിഷ് യുവജനങ്ങള്‍ക്ക് സാമൂഹിക ക്ഷേമ വകുപ്പിന്റെ പ്രോത്സാഹനം. യുകെ, സ്‌പെയിന്‍, ഫ്രാന്‍സ് നോര്‍വ്വേ തുടങ്ങിയ രാജ്യങ്ങളിലേക്ക് ജോലി തേടിപ്പോകാനായി ഉപദേശിച്ചുകൊണ്ടുള്ള 4,000ത്തോളം കത്തുകളാണ് സാമൂഹുക ക്ഷേമ വകുപ്പ് ഇപ്പോള്‍ അയച്ചിരിക്കുന്നത്.
സര്‍ക്കാര്‍ യുവാക്കള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ല എന്ന ആരോപണം തെറ്റാണെന്നും വിദേശങ്ങളിലുള്ള ജോലി സാധ്യത കൂടി ഐറിഷ് യുവാക്കള്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കണമെന്നുമാണ് സാമൂഹുക ക്ഷേമ വകുപ്പ് മന്ത്രി ജോണ്‍ ബര്‍ടണ്‍ പറഞ്ഞത്.
സാമൂഹുക ക്ഷേമ വകുപ്പ് യുവാക്കളെ ഇത്തരം ജോലി സാധ്യതകളിലേക്ക് ശ്രദ്ധ തിരിച്ചുവിടുകയാണ് ചെയ്തതെന്നും തൊഴില്‍ തേടി നടക്കുന്ന ചെറുപ്പക്കാര്‍ക്ക് അത് ആശ്വാസവുമായിരിക്കും എന്നാണ് മന്ത്രി ജോണ്‍ ബര്‍ട്ടണ്‍ പറയുന്നത്.
ജോലിതേടുന്നവര്‍ ആഗ്രഹിക്കുന്ന തരത്തില്‍ ഒരു ജോലി സാധ്യത കാട്ടിക്കൊടുക്കാന്‍ വകുപ്പിന് സാധിച്ചില്ലെങ്കില്‍ മാത്രമേ സാമൂഹിക ക്ഷേമ വകുപ്പ് പരാജയപ്പെടുകയുള്ളൂവെന്നും മന്ത്രി ബര്‍ട്ടണ്‍ കൂട്ടിച്ചേര്‍ത്തു.
4000ത്തോളം കത്തുകളാണ് യുകെയിലെയും സ്‌പെയിനിലെയും ഫ്രാന്‍സിലെയും നോര്‍വ്വേയിലെയും പുതിയ തൊഴില്‍ സാധ്യതകള്‍ പ്രതിപാദിച്ചുകൊണ്ട് സാമൂഹുക ക്ഷേമ വകുപ്പ് അയച്ചിട്ടുള്ളത്. ഇംഗ്ലീഷ് ടീച്ചര്‍മാര്‍, പ്ലംബര്‍മാര്‍, സെയില്‍ വിഭാഗം ജോലിക്കാര്‍, ഹോസ്പിറ്റാലിറ്റി വിഭാഗം ജോലിക്കാര്‍, മെക്കാനിക്കുകള്‍, ഇലക്ട്രീഷ്യന്‍മാര്‍ എന്നി വിഭാഗങ്ങളിലേക്കൊക്കെയാണ് വിദേശ രാജ്യങ്ങളില്‍ തൊഴില്‍ സാധ്യതകള്‍ തെളിഞ്ഞിട്ടുള്ളതെന്നും മന്ത്രി ബര്‍ടണ്‍ പറഞ്ഞു.
ഇപ്പോള്‍ എത്രപേര്‍ വിദേശങ്ങളില്‍ ജോലിക്ക് അപേക്ഷ സമര്‍പ്പിച്ചു കഴിഞ്ഞു എന്നത് വ്യക്തമല്ലെന്നാണ് മന്ത്രി ബര്‍ടണ്‍ പറയുന്നത്.
സര്‍ക്കാര്‍ തൊഴില്‍ പോളിസികളില്‍ വന്നിട്ടുള്ള വീഴ്ച്ചകളാണ് ഇത്തരത്തില്‍ യുവാക്കളെ വിദേശങ്ങളിലേക്ക് കയറ്റിവിടുന്നതിലൂടെ തെളിയുന്നതെന്ന് ഫിന്‍ഫാള്‍ സോഷ്യല്‍ പ്രൊട്ടക്ഷന്‍ വക്താവ് വില്ലി ഒ’ഡിയ പറഞ്ഞു.
തൊഴിലില്ലായ്മ പരിഹരിക്കാനായി രാജ്യത്തെ യുവാക്കള്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവസരം ഇല്ലാതാക്കുകയാണ് പ്രവാസികളാവാന്‍ നിര്‍ബന്ധിക്കുന്നതിലൂടെ സര്‍ക്കാര്‍ ചെയ്യുന്നതെന്നും വില്ലി ഒ’ഡിയ ആരോപിച്ചു.
തൊഴില്‍മേഖലയില്‍ രാജ്യം എന്തുമാത്രം ബുദ്ധിമുട്ടുകള്‍ നേരിടുന്നുവെന്നതു സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ലെന്നും ഒ’ഡിയ കൂട്ടിച്ചേര്‍ത്തു. അമേരിക്കയിലും ആസ്‌ട്രേലിയയിലും ഉള്ള ജോലി സാധ്യതകളെക്കുറിച്ച് മന്ത്രി ജോണ്‍ ബര്‍ട്ടണ്‍ ഒന്നും തന്നെ പറഞ്ഞിട്ടില്ലെന്നും തൊഴില്‍ മേഖല എന്തുമാത്രം പ്രശ്‌നം നേരിടുന്നുവെന്ന് മറച്ചുവയ്ക്കാനുള്ള മന്ത്രിയുടെ ശ്രമമാണ് ഇതെന്നും ഒ’ഡിയ ആരോപിച്ചു.
എന്നാല്‍ തൊഴിലില്ലാത്തവരുടെ എണ്ണം കുറയ്ക്കാന്‍ തങ്ങളാല്‍ കഴിയുന്നത് ചെയ്യുമെന്ന് മന്ത്രി ബര്‍ട്ടണ്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ലൈവ് രജിസ്റ്ററില്‍ നിന്നും ആളുകളുടെ എണ്ണം കുറയ്ക്കുന്നതിനായി കാബിനറ്റ് തലത്തിലും ചര്‍ച്ചകള്‍ നടത്തിയതായും മന്ത്രി പറയുന്നു.
ആളുകളെ തിരികെ ജോലിയലേക്ക് പ്രവേശിപ്പിക്കാനുതകുന്നരീതിയിലുള്ള സഹകരണങ്ങള്‍ മറ്റു മന്ത്രിമാരോടും മന്ത്രി ബര്‍ടണ്‍ ആവശ്യപ്പെട്ടിട്ടുമുണ്ട്‌

Scroll To Top