Monday December 05, 2016
Latest Updates

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 50 യൂറോ അടിച്ചു മാറ്റിയ കെയറര്‍ക്ക് 750 യൂറോ പിഴശിക്ഷ

ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 50 യൂറോ അടിച്ചു മാറ്റിയ കെയറര്‍ക്ക് 750 യൂറോ പിഴശിക്ഷ

ഡബ്ലിന്‍: ജോലിക്ക് നിന്ന വീട്ടില്‍ നിന്ന് 50 യൂറോ മോഷ്ടിച്ച മുന്‍ കെയറര്‍ ജീവനക്കാരി കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തി. മറവി രോഗം ബാധിച്ച് അവശനായ വൃദ്ധനെ പരിചരിക്കാന്‍ നിന്ന കെയറര്‍ ജീവനക്കാരിയായ ജാക്കി ഗല്ലഗറിനെയാണ് കോടതി കുറ്റക്കാരിയെന്ന് കണ്ടെത്തിയത്. ഇവര്‍ ജോലിക്ക് നിന്ന വീട്ടിലെ വൃദ്ധന്റെ പേഴ്‌സില്‍ നിന്ന് 50 യൂറോ അടിച്ചു മാറ്റിയെന്നാണ് കേസ്. കുറ്റക്കാരിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി ഇവര്‍ക്ക് 750 യൂറോ പിഴ ശിക്ഷ വിധിച്ചു. പെട്രോള്‍ അടിക്കാന്‍ പണമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്ന് ജാക്കി പറഞ്ഞു.

ബാല്‍ബ്രിഗന്‍ ജില്ല കോടതിയില്‍ നടന്ന വിചാരണയിലാണ് ജാക്കി കുറ്റസമ്മതം നടത്തിയത്. ഇവര്‍ ജോലിക്ക് നിന്ന വീട്ടിലെ സിസിടിവി ക്യാമറയില്‍ മോഷണ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രതികെതിരെ നിര്‍ണ്ണായക തെളിവായി. 2013 ഏപ്രില്‍ 8 നാണ് മോഷണം നടന്നത്. നേരത്തെ നഴ്‌സിംഗ് ജീവനക്കാരിയായിരുന്ന ജാക്കി ഒരു അപകടത്തെതുടര്‍ന്ന് നഴ്‌സിംഗ് ജോലി ഉപേക്ഷിക്കുകയായിരുന്നു. തുടര്‍ന്ന് ഒരു ഫാര്‍മസിയില്‍ ഹെല്‍ത്ത് ചെക്ക് നഴ്‌സായി ജോലി ചെയ്തതിനു ശേഷമാണ് ജാക്കി കെയറര്‍ ജോലി സ്വീകരിക്കുന്നത്.

പ്രതി മുമ്പ് മറ്റ് കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതിന് തെളിവില്ലെന്ന് അന്വേഷണം സംഘം കണ്ടെത്തി. ജാക്കി വിവാഹിതയും രണ്ട് കുട്ടികളുടെ മാതാവുമാണ്. നേരത്തെ അമിത മദ്യപാനത്തിന് ചികിത്സ തേടിയിട്ടുണ്ട് ഇവര്‍. മോഷണം പിടിക്കപ്പെട്ടതിനെതുടര്‍ന്ന് തന്റെ തൊഴില്‍ ദാതാവിനോടും വീട്ടുടമസ്ഥനോടും ജാക്കി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. മോഷണ വാര്‍ത്ത പുറത്തായതോടെ ഇവര്‍ കെയറര്‍ ജോലിയും ഉപേക്ഷിച്ചു. ഇപ്പോള്‍ ഇലക്ട്രോണിക് സിഗരറ്റുകള്‍ വില്‍ക്കുന്ന ജോലിയും ബേബി സിറ്റിങ്ങുമാണ് ജാക്കിയുടെ ജോലി.

Scroll To Top