Sunday December 04, 2016
Latest Updates

ജോര്‍ജ് നല്‍കിയ സിഡിയില്‍ തെളിവില്ല; ഡിജിപിക്കെതിരെ അന്വേഷണവുമില്ലെന്ന് മുഖ്യമന്ത്രി

ജോര്‍ജ് നല്‍കിയ സിഡിയില്‍ തെളിവില്ല; ഡിജിപിക്കെതിരെ അന്വേഷണവുമില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാന പൊലീസിലെ മുന്‍ ഡിജിപി അടക്കമുള്ള ഉന്നതരുടെ നീണ്ടനിര ചന്ദ്രബോസ് കൊലക്കേസിലെ പ്രതി നിസാമിനെ രക്ഷപ്പെടുത്താനായി ഇടപെട്ടുവെന്ന തെളിവുകള്‍ അടങ്ങുന്ന സിഡി ഇന്നലെ സര്‍ക്കാര്‍ ചീഫ് വിപ്പ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്കും കൈമാറിയിരുന്നു. എന്നാല്‍ പി.സി. ജോര്‍ജ് നല്‍കിയ സിഡിയില്‍ ഡിജിപിക്കെതിരെ തെളിവില്ലെന്നും അതിനാല്‍ തന്നെ അദ്ദേഹത്തിനെതിരെ അന്വേഷണമുണ്ടാവില്ലെന്നും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി. ഡിജിപിയില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമാണെന്ന മുന്‍നിലപാട് ഉമ്മന്‍ ചാണ്ടി വീണ്ടും ആവര്‍ത്തിച്ചു.

ഇന്നലെ വൈകിട്ട് പി.സി. ജോര്‍ജ്ജ് വാര്‍ത്താ സമ്മേളനം നടത്തുന്നതിന് മുന്‍പ് തന്നെ ജോര്‍ജ് തന്ന സിഡിയില്‍ തെളിവുകള്‍ ഒന്നുമില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും പറഞ്ഞിരുന്നു. ഈ നിലപാട് തന്നെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയും ആവര്‍ത്തിച്ചിരിക്കുന്നത്.

പിസി ജോര്‍ജ് മാധ്യമ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ സിഡിയും വിവരങ്ങളും തന്നെയാണ് മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയത്. മാധ്യമങ്ങള്‍ക്ക് നല്‍കിയ സിഡിയില്‍ ഡിജിപി ഉള്‍പ്പെടെയുള്ള ആളുകള്‍ സംസാരിക്കുന്നതിന്റെ ശബ്ദരേഖയുണ്ട്. ഇതില്‍ മുന്‍ ഡിജിപി ബാലസുബ്രഹ്മണ്യത്തിനെതിരെയുള്ള പരാമര്‍ശവുമുണ്ട്. എന്നാല്‍, ഇതിനെ തെളിവായി കാണാന്‍ സര്‍ക്കാര്‍ വിസ്സമ്മതിക്കുകയാണ്. ഡിജിപി ബാലസുബ്രഹ്മണ്യത്തിന്റെ ആവശ്യപ്രകാരം മുന്‍ഡിജിപി എംഎന്‍ കൃഷ്ണമൂര്‍ത്തി അന്നത്തെ തൃശൂര്‍ പൊലീസ് കമ്മിഷണര്‍ ജേക്കബ് ജോര്‍ജ്ജുമായി നടത്തിയ സംഭാഷണമാണ് ജോര്‍ജ് പുറത്തുവിട്ട തെളിവുകളുടെ ഉള്ളടക്കം. സംഭാഷണത്തില്‍ സ്വാമി എന്ന് കൃഷ്ണമൂര്‍ത്തി വിശേഷിപ്പിക്കുന്നത് ഇപ്പോഴത്തെ ഡിജിപി പി ബാലസുബ്രഹ്ണ്യത്തെയാണെന്നാണ് ജോര്‍ജ്ജിന്റെ ആരോപണം.

സമ്പത്തും സ്വാധീനവുമുള്ള മുഹമ്മദ് നിസാമിനെ സംസ്ഥാന സര്‍ക്കാരും പൊലീസും ചേര്‍ന്ന് സംരക്ഷിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണം നേരത്തെ തന്നെ പ്രതിപക്ഷം ഉന്നയിച്ചിരുന്നു. ഹസ്യത്തിലാണെങ്കിലും കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരുമായി ഭരണകക്ഷിയിലെ അംഗങ്ങളില്‍ ചിലരും ഇതേ അഭിപ്രായമുള്ളവരാണ്. ചന്ദ്രബോസിന്റെ രക്തക്കറ പുരണ്ട വസ്ത്രം നഷ്ടപ്പെട്ടതും, ചന്ദ്രബോസ് മരിക്കുന്നതിന് മുന്‍പെ മൊഴിയെടുക്കാത്തതുമെല്ലാം ഇതിന്റെ സൂചനകളായിട്ടാണ് വിലയിരുത്തപ്പെടുന്നത്. സംസ്ഥാന പൊലീസ് അന്വേഷിച്ചാല്‍ കേസ് തെളിയിക്കില്ലെന്നും കേന്ദ്ര ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് ചന്ദ്രബോസിന്റെ ബന്ധുക്കളും ആവശ്യപ്പെട്ടിരുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബലം പകരുന്നതാണ് ഇപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊള്ളുന്ന നിലപാട്.

 

 

Scroll To Top