Monday December 05, 2016
Latest Updates

ജോര്‍ജിന് സ്ഥാനം തെറിക്കും; ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ യുഡിഎഫില്‍ ധാരണ

ജോര്‍ജിന് സ്ഥാനം തെറിക്കും; ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് നീക്കാന്‍ യുഡിഎഫില്‍ ധാരണ

തിരുവനന്തപുരം: സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി. ജോര്‍ജ്ജിന്റെ കസേര തെറിക്കുമെന്ന കാര്യത്തില്‍ ഉറപ്പായി. ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കെ.എം. മാണി ഉറച്ചുനില്‍ക്കുന്ന സാഹചര്യത്തില്‍ മറ്റു പോംവഴികള്‍ ഇല്ലാത്തതുകൊണ്ടാണ് ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തുനിന്ന് മാറ്റാന്‍ യുഡിഎഫ് നേതാക്കള്‍ തീരുമാനിച്ചത്. ഇതു സംബന്ധിച്ച് ഘടകകക്ഷി നേതാക്കളുമായി മുഖ്യമന്ത്രി ഇന്ന് രാവിലെ കൂടിക്കാഴ്ച്ച നടത്തിയിരുന്നു.

ജോര്‍ജ് പ്രശ്‌നത്തില്‍ ഇന്നലെ പറഞ്ഞതില്‍ കൂടുതല്‍ ഒന്നും പറയാനില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണിയുമായി കൂടിക്കാഴ്ച്ച നടത്തിയതിന്‌ശേഷം പുറത്തിറങ്ങിയപ്പോഴായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം. ജോര്‍ജ് പ്രശ്‌നം ഏറ്റവും രമ്യമായ രീതിയില്‍ പരിഹരിക്കപ്പെടുമെന്ന് എ.കെ. ആന്റണി പറഞ്ഞു.

അതിനിടെ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി കെ.എം. മാണി തന്റെ കരള്‍ പിഴുതെടുക്കാന്‍ ശ്രമിക്കുകയാണെന്നും മാണിയെ വെറുതെ വിടില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു. താനിതുവരെ യുഡിഎഫിനെതിരെ എന്തെങ്കിലും വിമര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതെല്ലാം കെ.എം. മാണിയുടെ അറിവോട് കൂടി മാത്രമെ നടത്തിയിട്ടുള്ളു. കഴിഞ്ഞ നാല് കൊല്ലമായി യുഡിഎഫിനെ ശിഥിലമാക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് പറയുന്നത് ക്രൂരതയാണെന്നും ജോര്‍ജ് പറഞ്ഞു. പല അവസരങ്ങളും ഞാന്‍ യുഡിഎഫ് വിമര്‍ശനം നടത്തിയതന് മാണി തോളില്‍ തട്ടി അഭിനന്ദിച്ചിട്ടുണ്ടെന്നും ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. ജോര്‍ജ് ഇപ്പോള്‍ പങ്കുവെയ്ക്കുന്ന അഭിപ്രായത്തോട് കോണ്‍ഗ്രസ് നേതാക്കളും മറ്റും യോജിക്കുന്നുണ്ട്. കെ.എം. മാണി നേതൃത്വം നല്‍കുന്ന ഒരു പാര്‍ട്ടിയിലെ അംഗമായ പി.സി. ജോര്‍ജ് പറയുന്ന അഭിപ്രായങ്ങള്‍ക്ക് മാണിയുടെ മൗനാനുവാദമുണ്ടായിരുന്നെന്ന വാദം നേരത്തെ മുതല്‍നിലനില്‍ക്കുന്നതാണ്. ആ വാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും ഒന്നുകൂടി ശക്തി പകരുന്നതാണ് ഇപ്പോള്‍ ജോര്‍ജ് നടത്തിയിരിക്കുന്ന പ്രസ്താവനകള്‍.

നാളെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അമേരിക്കയിലേക്ക് പോകുകയാണ്. രണ്ടാം തിയതിയേ അദ്ദേഹം മടങ്ങി എത്തുകയുള്ളു. അദ്ദേഹം മടങ്ങി എത്തിയതിന് ശേഷമെ ജോര്‍ജിനെതിരായ നടപടിയുടെ പ്രഖ്യാപനം ഉണ്ടാകുകയുള്ളു. അതുവരെ യുഡിഎഫിലും കേരളാ കോണ്‍ഗ്രസിലും ജോര്‍ജ് പ്രശ്‌നം അലയൊലികള്‍ സൃഷ്ടിക്കും.

Scroll To Top