Thursday December 08, 2016
Latest Updates

ഇടുക്കിയില്‍ സഭ ശക്തി തെളിയിച്ചെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍

ഇടുക്കിയില്‍ സഭ ശക്തി തെളിയിച്ചെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍

കൊച്ചി: ജോയിസ് ജോര്‍ജിന്റെ വിജയത്തോടെ ഇടുക്കിയില്‍ ശക്തി തെളിയിച്ചത് സഭയെന്ന് ബിഷപ്പ് മാത്യു ആനിക്കുഴിക്കാട്ടില്‍. കോണ്‍ഗ്രസ് നയങ്ങള്‍ക്ക് ഏറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. ഇടുക്കിയില്‍ സഭയുടെ പിന്തുണയോടെ ഇടതു സ്വതന്ത്രനായി മത്സരിച്ച ജോയിസ് ജോര്‍ജ് മികച്ച വിജയം നേടിയിരുന്നു.

ജോയിസിന്റെ വിജയം സഭയെ കൂടുതല്‍ രാഷ്ട്രീയ നീക്കങ്ങള്‍ക്ക് പ്രേരിപ്പിക്കുമെന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ നല്‍കുന്ന സൂചന. സ്വന്തം നിലയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ചെടുക്കാന്‍ കഴിയുമെന്ന് തെളിഞ്ഞതോടെ ഇടുക്കി രൂപത ഇനി കൂടുതല്‍ രാഷ്ട്രീയമായി കരുത്താര്‍ജിക്കാനുള്ള നീക്കങ്ങള്‍ ആസൂത്രണം ചെയ്യും.

കസ്തൂരി രംഗന്‍ റിപ്പോര്‍ട്ടിനെതിരായ പ്രക്ഷോഭങ്ങളെ തുടര്‍ന്നാണ് കത്തോലിക്ക സഭയും ഹൈറേഞ്ച് സംരക്ഷണ സമിതിയും സ്വന്തം സ്ഥാനാര്‍ത്ഥിയെ മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഒടുവില്‍ ഇടതുപക്ഷം ജോയിസ് ജോര്‍ജിനെ പിന്തുണയ്ക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു.

അതിനിടെ നരേന്ദ്ര മോഡി സര്‍ക്കാരിനെ സ്വാഗതം ചെയ്യുന്നുവെന്ന് കെസിബിസി വ്യക്തമാക്കി. മോഡി സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് കെസിബിസി വ്യക്തമാക്കി. അതേസമയം സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയങ്ങളില്‍ സഭയ്ക്ക് അതൃപ്തിയുണ്ടെന്നും കെസിബിസി വ്യക്തമാക്കി.

Scroll To Top