Tuesday December 06, 2016
Latest Updates

ജെറി ആഡംസിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

ജെറി ആഡംസിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു

ഡബ്ലിന്‍: ഏറെ വിവാദമായ അറസ്റ്റിന് ശേഷം സിന്‍ ഫിന്‍ നേതാവ് ജെറി ആഡംസിനെ ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചു. നാല് ദിവസത്തെ ചോദ്യം ചെയ്യലിന് ശേഷമാണ് ജെറി ആഡംസിനെ ജയില്‍ മോചിതനാക്കിയത്. ഇന്നലെയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യലിന് ശേഷം വെറുതെ വിട്ടത്. ചോദ്യം ചെയ്യലിന്റെ വിശദാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് പബ്ലിക് പ്രോസിക്യൂഷന്‍ സര്‍വീസിന് അയച്ചു കൊടുക്കാന്‍ അധികൃതര്‍ തീരുമാനിച്ചു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ജെറി ആഡംസിനെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണോ എന്ന് തീരുമാനിക്കും. 

1972 ല്‍ ബ്രിട്ടീഷ് സൈന്യത്തിന് രഹസ്യങ്ങള്‍ ചോര്‍ത്തി നല്കി എന്ന് ആരോപിച്ച് സൈന്യം പിടിച്ചു കൊണ്ടുപോയ ജീണ്‍ മക്കോണ്‍വില്ലി എന്ന സ്ത്രീയെ കൊന്നു മൃതദേഹം കുഴിച്ചു മൂടിയ സംഭവത്തിലാണ് ജെറി ആഡംസിനെ അറസ്റ്റ് ചെയ്തത്. കൊലപാതകവുമായി ബന്ധപ്പെട്ടു ഒരു 65 വയസുകാരനെ അറസ്റ്റ് ചെയ്യുകയും ചോദ്യം ചെയ്യലിന് ശേഷം വിട്ടയച്ചതായും പോലീസ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. ജെറി ആഡംസിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു പോലീസിന്റെ പ്രസ്താവന. അറസ്റ്റും തുടര്‍ന്നുണ്ടായ വിവാദങ്ങളെയും കുറിച്ച് ജെറി ആദംസ് ഇന്ന് മാധ്യമങ്ങളോട് സംസാരിക്കും. 

അന്‍ട്രിം പോലീസ് സ്റ്റേഷനിലാണ് ആഡംസിനെ പാര്‍പ്പിച്ചിരുന്നത്. അദ്ദേഹത്തെ പുറത്ത് വിടുന്നുവെന്ന വാര്‍ത്തപ്രചരിച്ചതോടെ നൂറു കണക്കിന് പാര്‍ട്ടി അനുയായികള്‍ പോലീസ് സ്റ്റേഷന് മുന്നില്‍ തടിച്ച് കൂടിയിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് ജെറി ആഡംസിനെ അറസ്റ്റ് ചെയ്തത്. തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജെറി ആഡംസിനെ അറസ്റ്റ് ചെയ്തത് ഏറെ വിവാദമായിരുന്നു. അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിന്‍ ഫിന്‍ നേതാക്കളുടെ ആരോപണം. തെരഞ്ഞെടുപ്പില്‍ സിന്‍ ഫിന്‍ മുന്നേറ്റം തടയുന്നതിന് വേണ്ടിയാണ് അറസ്റ്റ് എന്നും അവര്‍ ആരോപിക്കുന്നു. 

Scroll To Top