Thursday December 08, 2016
Latest Updates

ജൂലൈ 3 ,സുറിയാനി ക്രിസ്ത്യാനിയ്ക്ക് പുണ്യദിനം 

ജൂലൈ 3 ,സുറിയാനി ക്രിസ്ത്യാനിയ്ക്ക് പുണ്യദിനം 

ഒരുകാലത്ത് കേരളക്കരയില്‍ പ്രസിദ്ധമായിരുന്ന റമ്പാന്‍ പാട്ടില്‍ ഭാരതത്തിന്റെ ശ്ലീഹായായ മാര്‍ത്തോമ്മ ശൂലത്താല്‍ നെഞ്ചില്‍ കുത്തേറ്റു രക്തസാക്ഷിത്വം വരിച്ചുവെന്ന് സാക്ഷ്യപ്പെടുത്തുന്നതിങ്ങനെയാണ് 

‘വലിയൊരു ശൂലമെടുത്തൊരു ക്രൂരന്‍ 
ബലമായ് നെഞ്ചില്‍ ശ്ലീഹായെ 
കുത്തികൊണ്ടവരോടിയൊളിച്ചു
എമ്പ്രാന്മാരായവരെല്ലാം
മാര്‍ത്തോമ്മാ കടലോരക്കാട്ടില്‍ 
കല്ലില്‍വീണു പ്രാര്‍ത്ഥിച്ചു’

ഗുരുവിന്റെ മുറിവേറ്റ നെഞ്ചില്‍ തൊട്ടേലേ ഞാന്‍ വിശ്വസിക്കൂ എന്ന ശാഠ്യംപിടിച്ച തോമാ, ഗുരുവിനെപ്പോലെ കുന്തത്താല്‍ നെഞ്ചില്‍ മുറിവേറ്റുകൊണ്ട് തന്റെ രക്തത്താല്‍ ഉത്ഥിതനിലുളള വിശ്വാസത്തിന് പുതിയ സാക്ഷ്യം രചിച്ചതിന്റെ ഓര്‍മ്മയാണ് ദുക്‌റാന.
thomas-tomb
‘തോരാതെ മഴപെയ്യുന്ന തോറാന’ എന്നു കാരണവന്മാരുടെ പഴമൊഴിയില്‍ പറയുന്ന ദുക്‌റാന, ലോകമെമ്പാടുമുളള മാര്‍ത്തോമാ നസ്രാണികളെ സംബന്ധിച്ചിടത്തോളം വെറുമൊരു ഓര്‍മ്മദിനമല്ല. മറിച്ച് അത് അവര്‍ക്ക് സ്വന്തം അപ്പന്റെ ഓര്‍മ്മതിരുനാളാണ്. വിശ്വാസത്തില്‍ തങ്ങള്‍ക്ക് ജന്മംനല്കിയ, അതിനായ് ഈ ഭാരതമണ്ണില്‍ സ്വന്തം രക്തം ചിന്തി വിശ്വാസത്തിനു സാക്ഷ്യം നല്കിയ അപ്പന്റെ തിരുനാളാണ് ദുക്‌റാന. പൗരസ്ത്യ സുറിയാനി യാമപ്രര്‍ത്ഥനയില്‍ തോമാശ്ലീഹയെ വിശ്വാതത്തെ സംബന്ധിച്ചിടത്തോളം ഇന്ത്യക്കാരുടെ പിതാവ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്.

ഭാരത നസ്രാണി സഭയുടെ സഹസ്രാബ്ദങ്ങള്‍ നീണ്ട പാരമ്പര്യത്തില്‍ ദുക്‌റാന തിരുനാള്‍ ഒളിമങ്ങാത്ത നിത്യചൈതന്യമായി നിലനില്‍ക്കുന്നു

കേരളത്തില്‍ പഴയ തലമുറ പറയാറുള്ള ആറാന ഒഴുകുന്ന തോറാന എന്ന ചൊല്ല് അതിന്റെ പൂര്‍ണതയിലെത്തുന്ന,പെയ്തിറങ്ങുന്ന പെരുമഴയായി പ്രകൃതി പോലും കരയുന്ന കാലവര്‍ഷത്തിനിടയിലെ ജൂലൈ മൂന്നിന് ഒരു ഓര്‍മ്മദിനമായി ദുക്‌റാന പെരുന്നാള്‍ കടന്നുവരുന്നു.

അപ്പന്റെ ഓര്‍മ്മദിനത്തില്‍ മക്കളെല്ലാവരും ഒരുമ്മിച്ചുകൂടി പ്രാര്‍ത്ഥിക്കുകയും അപ്പനെകുറിച്ചുളള സ്‌നേഹസ്മരണകള്‍ പങ്കുവെയ്ക്കുകയും ചെയ്യുക എന്നത് നല്ല കുടുംബങ്ങളില്‍ ഉണ്ടായിരുന്ന ഒരു പാരമ്പര്യമാണ്. 

ഇതുപോലെ ലോകമെമ്പാടുമുളള മാര്‍ത്തോമ്മാനസ്രാണികള്‍ ദേവാലയത്തില്‍ ഒരുമിച്ചുകൂടി, വിശ്വാസത്തില്‍ തങ്ങള്‍ക്കു പിതാവായ തോമാശ്ലീഹായുടെ ധീരമായ രക്തസാക്ഷിത്വത്തിന്റെ ദീപ്ത സ്മരണകള്‍ പുതുക്കുന്ന, ആ നല്ല അപ്പന്‍ കാണിച്ചുതന്ന ധീരമായ മാതൃക പിന്‍തുടരുമെന്ന് സുറിയാനി ക്രിസ്ത്യാനികള്‍ പ്രതിജ്ഞയെടുക്കുന്ന അവസരമാണ് ദുക്‌റാനത്തിരുന്നാള്‍. 

year-faithജൂലൈ 3 ന്റെ ദുക്‌റാന തിരുനാള്‍,മറ്റൊരു ദിവസത്തേയ്ക്ക് മാറ്റി വയ്‌ക്കേണ്ടാത്ത, മാറ്റമില്ലാത്ത ദിവസമാണ് സുറിയാനി കൃസ്ത്യാനിയ്ക്ക്.അടുത്ത തലമുറയ്ക്ക് കൈമാറുമ്പോള്‍ ജൂലൈ 3 ,ദുക്‌റാന തിരുനാളായി തന്നെ വേണം അറിയപ്പെടെണ്ടത്.

അയര്‍ലണ്ടിലും ഇന്ന് മാര്‍ത്തോമാ ശ്ലീഹായുടെ ധന്യ സ്മരണയില്‍ വിശ്വാസ സമൂഹം ഒത്തുചേരും.കോര്‍ക്കില്‍ ക്ലോഗീന്‍ പള്ളിയില്‍ ഇന്ന് വൈകിട്ട് 6 മണിയ്ക്ക് ദുക്‌റാന തിരുനാളിനോട് അനുബന്ധിച്ചുള്ള ദിവ്യബലി അര്‍പ്പിക്കപ്പെടും.

ഡബ്ലിനില്‍ ഇന്ന് സഭാദിനമായിയാണ് ആചരിക്കുന്നത്.സ്വോര്‍ഡ്‌സ് റിവര്‍വാലി റോഡിലുള്ള സെന്റ് ഫിനീയന്‌സ് ദേവാലയത്തില്‍ ഉച്ച കഴിഞ്ഞ് 3 മണിയ്ക്ക് ദിവ്യബലി അര്‍പ്പിച്ച് വിശ്വാസ സമൂഹം സഭാ ദിനാചരണത്തില്‍ പങ്കു ചേരും.

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ ദുക്‌റാന തിരുനാള്‍ ആഘോഷങ്ങള്‍ ജൂലൈ 6 ഞായറാഴ്ച 2.45 ന് ഇഞ്ചികോര്‍ മേരി ഇമ്മാകുലേറ്റ് ദേവാലയത്തിലാണ് നടത്തപ്പെടുന്നത്‌

Scroll To Top