Saturday December 03, 2016
Latest Updates

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌കാരം :അധികഭാരമെന്ന് അധ്യാപകര്‍, ചര്‍ച്ചയാകാമെന്ന് മന്ത്രി

ജൂനിയര്‍ സൈക്കിള്‍ പരിഷ്‌കാരം :അധികഭാരമെന്ന് അധ്യാപകര്‍,  ചര്‍ച്ചയാകാമെന്ന് മന്ത്രി

ഡബ്ലിന്‍ :ജൂനിയര്‍ സൈക്കിള്‍ സ്റ്റുഡന്റ് അവാര്‍ഡുമായി യോജിക്കാനാവാതെ അദ്ധ്യാപക സംഘടനയായ ടിയുഐ സമരപാതയിലേക്ക്. അദ്ധ്യാപകര്‍ക്ക് കൂടുതല്‍ ജോലി ഭാരം ഉണ്ടാക്കാതെ ജെസിഎസ്എയില്‍ മാറ്റങ്ങള്‍ കൊണ്ടു വരണമെന്ന ആവശ്യമാണ് ടിയുഐ മുന്നോട്ടു വച്ചിരിക്കുന്നത്.
ജെസിഎസ്ഇ മാറ്റങ്ങളുമായി വിയോജിപ്പുള്ള ടീച്ചേര്‍സ് യൂനിയന്‍ ഓഫ് അയര്‍ലണ്ട് അംഗങ്ങളുടെ അഭിപ്രായ വോട്ടെടുപ്പ് അടുത്ത വെള്ളിയാഴ്ച്ച നടത്താന്‍ തീരുമാനിച്ചിരിക്കുകയാണ്.
മികച്ച രീതിയിലുള്ള ഒരഭിപ്രായ വോട്ടെടുപ്പ് നടത്തി അംഗങ്ങളുടെ അഭിപ്രായം അറിഞ്ഞതിനുശേഷം മാത്രമേ മറ്റു നടപടികളിലേക്ക് നീങ്ങുകയുള്ളൂവെന്നാണ് ടിയുഐ സൂചിപ്പിക്കുന്നത്.
ബാലറ്റ് പേപ്പറില്‍ സമരം നടത്തണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നതിനുള്ള ഒരു ഓപ്ഷന്‍ കൂടി ടിയുഐ അംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ടെന്ന് ടിയുഐ പ്രസിഡണ്ട് ഡെറാര്‍ഡ് ക്രോഗ്വെല്‍ പറഞ്ഞു.
ജെസിഎസ്എ യെ സ്വീകരിക്കാനുള്ള സ്‌കൂളുകളുടെ കഴിവിന്റെ പരിമിതിയും റൂറല്‍ അര്‍ബന്‍ സ്‌കൂളുകള്‍ തമ്മിലുള്ള വ്യത്യാസവും ഒന്നും തന്നെ കണക്കിലെടുക്കാതെയാണ് പല തീരുമാനങ്ങളും വകുപ്പ് കൈക്കൊണ്ടിരിക്കുന്നതെന്ന് ക്രോഗ്വെല്‍ പറഞ്ഞു.
ടീച്ചര്‍മാരുടെ ആവശ്യങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാനും അവരുടെ അഭിപ്രായങ്ങള്‍ കണക്കിലെടുക്കാനും വിദ്യാഭ്യാസ വകുപ്പ് അദ്ധ്യാപകരുമായി യോഗം ചേര്‍ന്ന് ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി റൗരി ക്വിന്‍ അറിയിച്ചിട്ടുണ്ട്.
യോഗം ചേരാന്‍ തയ്യാറാണെന്നറിയിച്ചിട്ടുണ്ടെങ്കിലും ഇതിനു മുന്‍പും ഇതേ പ്രശ്‌നവുമായി ബന്ധപ്പെട്ട് തങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതാണെന്നും ക്രോഗ്വെല്‍ പറഞ്ഞു. എന്നാല്‍ തങ്ങള്‍ മുന്നോട്ടുവച്ച പ്രശ്‌നങ്ങള്‍ ഒന്നും തന്നെ കാര്യമായി പരിഗണിച്ചിട്ടില്ലെന്നും ക്രോഗ്വെല്‍ ആരോപിച്ചു.
തങ്ങളുടെ ആവശ്യങ്ങള്‍ തീരെ പരിഗണിക്കപ്പെടുന്നില്ലെങ്കില്‍ മാത്രമേ സമര പരിപാടികള്‍ക്കൊരുങ്ങുകയുള്ളൂവെന്നും എന്നാല്‍ മന്ത്രി പ്രശ്‌നങ്ങള്‍ മനസിലാക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ക്രോഗ്വെല്‍ പറഞ്ഞു.
ജെസിഎസ്എ ഏതു തരത്തില്‍ പ്രവര്‍ത്തനത്തില്‍ കൊണ്ടുവരുമെന്നതിനെക്കുറിച്ച് യാതൊരു ധാരണയും ഇപ്പോഴും തങ്ങള്‍ക്കില്ലെന്നും പൊതുജനങ്ങളുടെ അഭിപ്രായം പോലും കൃത്യമായ രീതിയില്‍ അറിഞ്ഞിരുന്നില്ലെന്നതാണ് അതിശയിപ്പിക്കുന്ന കാര്യമെന്നും ക്രോഗ്വെല്‍ പറയുന്നു.
ജൂനയര്‍ സൈക്കിള്‍ പ്രോഗ്രാമുമായി ബന്ധപ്പെട്ട് ഇടഞ്ഞു നില്‍ക്കുന്ന അദ്ധ്യാപക സംഘടനകളോട് മന്ത്രി തന്നെ മദ്ധ്യസ്ഥത വഹിച്ച് പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കണമെന്നാണ് ഫിന്‍ ഫാള്‍ എഡ്യുക്കേഷന്‍ ആന്‍ഡ് സ്‌കില്‍ വക്താവ് ചാര്‍ലി മക്കനലോഗ് പറഞ്ഞു.
ഇതിന്റെ പേരില്‍ അദ്ധ്യാപകര്‍ സമര നടപടികതളിലേക്ക് പോകുന്നതിനോട് തനിക്ക് താല്‍പര്യമില്ലെന്നും മക്കനലോഗ് കൂട്ടിച്ചേര്‍ത്തു.
ജൂനിയര്‍ സെര്‍ട്ടിന്റെ മാറ്റവുമായി ബന്ധപ്പെട്ട് ടീച്ചര്‍മാരുടെ അഭിപ്രായങ്ങള്‍ കൂടി കണക്കിലെടുക്കുകയും അതിനനുസരിച്ചുള്ള മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണെന്നും മക്കനലോഗ് പറയുന്നു

Scroll To Top