Friday December 09, 2016
Latest Updates

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സഹായവുമായി യൂറോപ്യന്‍ കോടതി

ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് സഹായവുമായി യൂറോപ്യന്‍ കോടതി

ഡബ്ലിന്‍ :ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ആശ്വസിക്കാം. പ്രശ്‌നപരിഹാരത്തിനായി യൂറോപ്യന്‍ കമ്മീഷന്‍ തന്നെ മുന്നിട്ടിറങ്ങിയിരിക്കുകയാണ്. ജൂനിയര്‍ ഡോക്ടര്‍മാരുടെ അമിത പ്രവര്‍ത്തി സമയം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവരുടെ പ്രശ്‌നം കമ്മീഷന്‍ ഏറ്റെടുത്തിരിക്കുന്നത്.
ജൂനിയര്‍ ഡോക്ടര്‍മാരുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന അമിത പ്രവര്‍ത്തി സമയം കുറയ്ക്കണമെന്ന് യൂറോപ്യന്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ് (ഇസിജി) ആശുപത്രികളോടാവശ്യപ്പെട്ടിട്ടുണ്ട്. നിയമാനുസൃതമായ പ്രവര്‍ത്തിസമയം മാത്രം ജോലിചെയ്യിപ്പിക്കുക എന്നും കോടതി അനുശാസിക്കുന്നു.
ഐറിഷ് ആശുപത്രികള്‍ യൂറോപ്യന്‍ യൂനിയന്‍ നിയമം പറഞ്ഞിരിക്കുന്നതിനേക്കാള്‍ കൂടുതല്‍ സമയം ജൂനിയര്‍ ഡോക്ടര്‍മാരെ കൂടുതല്‍ സമയം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായുള്ള പരാതി കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കോടതി തന്നെ ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.
ചില ഡോക്ടര്‍മാര്‍ക്ക് ആഴ്ച്ചയില്‍ 70മുതല്‍ 100മണിക്കൂറുകള്‍ വരെയൊക്കെ ജോലി ചെയ്യേണ്ടി വരാറുണ്ടെന്ന് എച്ച്എസ്ഇ തന്നെ സമ്മതിക്കുന്നുമുണ്ട്. 36 മണിക്കൂറുകള്‍ വരെ തുടര്‍ച്ചയായി ജോലി ചെയ്യേണ്ട അവസ്ഥയും പലര്‍ക്കും ഉണ്ടായിട്ടുണ്ട്.
ഈ അടുത്തകാലത്ത് ജൂനിയര്‍ ഡോക്ടര്‍മാര്‍ ഇതിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കുകയും ഐഎംഒയെ സമീപിച്ച് തങ്ങളുടെ ജോലി സമയം 48 മണിക്കൂറുകളാക്കണമെന്നും ഇതനുസരിച്ച് ടൈംടേബിള്‍ ക്രമീകരിക്കാന്‍ ആശുപത്രികള്‍ക്കുമുന്‍പില്‍ നിര്‍ദ്ദേശം വയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
ഏതായാലും ഇപ്പോള്‍ ഇസിജിയും ജൂനിയര്‍ ഡോക്ടര്‍മാര്‍ക്കുവേണ്ടി ആശുപത്രികളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ കാര്യങ്ങളില്‍ എത്രയും പെട്ടെന്ന് പരിഹാരം കാണുക എന്നതു തന്നെയാണ് കോടതി ആശുപത്രികളോടാവശ്യപ്പെടുന്നതും.
അയര്‍ലണ്ടില്‍ പ്രാക്ടീസ് ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാരുടെ പ്രവര്‍ത്തി സമയം 48 മണിക്കൂറില്‍ കൂടാന്‍ പാടില്ലെന്നാണ് കമ്മീഷന് നല്‍കിയിരിക്കുന്ന പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ഇപ്പോള്‍ ആഴ്ച്ചയില്‍ 7075 മണിക്കൂറുകള്‍ വരെയൊക്കെയയാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ ജോലി ചെയ്യേണ്ടിവരുന്നതെന്നും പരാതിയില്‍ കാണിച്ചിരിക്കുന്നു.
എച്ച്എസ്ഇക്കും ഐറിഷ് ആരോഗ്യവകുപ്പിനും പ്രശ്‌നം പരിഹരിക്കാന്‍ പറ്റാഞ്ഞതില്‍ ഐഎംഒ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ഡയറക്ടര്‍ സ്റ്റീവ് ട്വീഡ് അതൃപ്തി രേഖപ്പെടുത്തി. ഈ പ്രശ്‌നം ഒതുക്കിത്തീര്‍ക്കാനാണ് എച്ച്എസ്ഇ ശ്രമിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ കോടതിക്കുമുന്‍പില്‍ മറുപടി പറയേണ്ടിയിരിക്കുകയാണെന്നും സ്റ്റീവ് കൂട്ടിച്ചേര്‍ത്തു.
ജൂനിയര്‍ ഡോക്ടര്‍മാര്‍ എല്ലാവരും ഇസിജിയുടെ ഇടപെടലില്‍ തൃപ്തി പ്രകടിപ്പിച്ചിരിക്കുകയാണ്. ഇനി തങ്ങളുടെ പ്രശ്‌നത്തിന് പെട്ടെന്നു തന്നെ പരിഹാരം കാണാന്‍ സാധിക്കുമെന്ന വിശ്വാസത്തിലാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍.

Scroll To Top