Thursday December 08, 2016
Latest Updates

ജൂണിയര്‍ സൈക്കിള്‍: ഡിസംബര്‍ 2 നും ജനുവരിയിലും അധ്യാപക സംഘടനകളുടെ സമരം

ജൂണിയര്‍ സൈക്കിള്‍: ഡിസംബര്‍ 2 നും ജനുവരിയിലും അധ്യാപക സംഘടനകളുടെ സമരം

ഡബ്ലിന്‍: ജൂണിയര്‍ സൈക്കിള്‍ പദ്ധതിയെച്ചൊല്ലി തര്‍ക്കം തുടരുന്ന സാഹചര്യത്തില്‍ അധ്യാപക സംഘടനകള്‍ വീണ്ടും സമര രംഗത്തേക്ക്. ഡിസംബര്‍ 2 നും ജനുവരിയിലുമാണ് സമരം. ജനുവരിയിലെ സമര തീയതി തീരുമാനിച്ചിട്ടില്ല. എ.എസ്.ടി.ഐ, ടി.യു.ഐ എന്നീ യൂണിയനുകളാണ് സമരത്തിലേക്ക് നീങ്ങുന്നത്. മുന്‍ വിദ്യാഭ്യാസ മന്ത്രി രുവാറി ക്വിന്‍ പ്രഖ്യാപിച്ച ജൂണിയര്‍ സൈക്കിള്‍ പദ്ധതിയില്‍ ചില ഇളവുകള്‍ കൊണ്ടുവരുമെന്ന് ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ മന്ത്രിയുടെ വാഗ്ദാനം അധ്യാപക സംഘടനകള്‍ തള്ളുകയായിരുന്നു.

മന്ത്രിയുടെ പ്രഖ്യാപനം അനുസരിച്ച് ഇനി അധ്യാപകര്‍ ജൂണിയര്‍ സൈക്കിള്‍സര്‍ട്ടിഫിക്കറ്റില്‍ 40 ശതമാനം മാര്‍ക്കിന്റെ മൂല്യനിര്‍ണ്ണയം നടത്തിയാല്‍ മതിയാകും. നേരത്തെ 100 ശതമാനം മാര്‍ക്കും മൂല്യനിര്‍ണ്ണയം നടത്തണമെന്ന നിര്‍ദ്ദേശത്തിനെതിരെയാണ് കടുത്ത എതിര്‍പ്പ് ഉയര്‍ന്നത്. അതേസമയം 40 ശതമാനം മാര്‍ക്ക് മൂല്യനിര്‍ണ്ണയം നടത്തണമെന്ന നിര്‍ദ്ദേശവും അംഗീകരിക്കില്ലെന്നാണ് അധ്യാപക സംഘടനകള്‍ പറയുന്നത്. മൂല്യനിര്‍ണ്ണയം പൂര്‍ണ്ണമായും പുറത്ത് നടത്തുന്ന എക്‌സ്റ്റേണല്‍ അസസ്‌മെന്റ് സംവിധാനം കൊണ്ടുവരണമെന്നാണ് അധ്യാപക സംഘടനകള്‍ വാദിക്കുന്നത്.

സമരത്തിലേക്ക് നീങ്ങുന്നതിനു മുന്നോടിയായി എ.എസ്.ടി.ഐയില്‍ നടന്ന വോട്ടെടുപ്പില്‍ 84 ശതമാനം പേരും സമരം ചെയ്യണമെന്ന് വോട്ടു രേഖപ്പെടുത്തി.കഴിഞ്ഞ മാസം 44 ശതമാനം പേര്‍ മാത്രമാണ് സമരത്തെ അനുകൂലിച്ചത്. ടി.യു.ഐയില്‍ നടന്ന വോട്ടെടുപ്പില്‍ 62 ശതമാനം പേര്‍ സമര തീരുമാനത്തെ അനുകൂലിച്ചു.മന്ത്രിയുടെ പുതിയ നിലപാടിനെ സ്വാഗതം ചെയ്യുന്നു. എന്നാല്‍ തങ്ങളുടെ ആവശ്യംപൂര്‍ണ്ണമായി അംഗീകരിക്കപ്പെട്ടിട്ടില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ പറഞ്ഞു. ഇന്റേണല്‍ അസസ്‌മെന്റ് സമ്പ്രദായം വിദ്യാഭ്യാസ നിലവാരം കുറയ്ക്കുമെന്ന്യൂണിയനുകള്‍ കുറ്റപ്പെടുത്തി.

അതേസമയം അധ്യാപക സംഘടനകളുടെ തീരുമാനം അനുചിതവും നിരാശാജനകവുമാണെന്ന്  വിദ്യാഭ്യാസ മന്ത്രി ജാന്‍ ഒ സുള്ളിവന്‍ കുറ്റപ്പെടുത്തി. സംഘടനകളുടെ യോഗത്തിന് മുന്‍പ് താന്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി സംഘടനാ പ്രതിനിധികള്‍ക്ക് കത്ത് അയച്ചിരുന്നതായും മന്ത്രി വ്യക്തമാക്കി. ഇക്കാര്യം പരിഗണിക്കാതെ അധ്യാപകര്‍ സമരത്തിലേക്ക് നീങ്ങുകയായിരുന്നു.

Scroll To Top