Saturday December 03, 2016
Latest Updates

ജിറോ ഡി ഇറ്റാലിയ ഡബ്ലിനില്‍ അവസാനിച്ചു; രണ്ടാംഘട്ടം നാളെ ഇറ്റലിയില്‍ ആരംഭിക്കും

ജിറോ ഡി ഇറ്റാലിയ ഡബ്ലിനില്‍ അവസാനിച്ചു; രണ്ടാംഘട്ടം നാളെ ഇറ്റലിയില്‍ ആരംഭിക്കും

ഡബ്ലിന്‍: ജിറോ ഡി ഇറ്റാലിയ സൈക്ക്‌ലിംഗ് ചാമ്പ്യന്‍ഷിപ്പിന് ഡബ്ലിനില്‍ വര്‍ണ്ണാഭമായ സ്വീകരണം. കഴിഞ്ഞ ദിവസം ബെല്‍ഫാസ്റ്റില്‍ നിന്ന് ആരംഭിച്ച ജിറോ ഡി ഇറ്റാലിയ ഇന്നലെയാണ് ഡബ്ലിനില്‍ എത്തിയത്. പ്രശസ്ത ഐറിഷ് താരങ്ങളായ സ്റ്റീഫന്‍ റോഷെ, റോഡി ഡോയല്‍ തുടങ്ങിയ പ്രമുഖ താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. സിറ്റി സെന്ററിലെ മെറിയോണ്‍ സ്‌ക്വയറിലാണ് ഇന്നലെ മത്സരം അവസാനിച്ചത്. നാലര മണിക്കൂര്‍ 187 കിലോമീറ്റര്‍ സഞ്ചരിച്ചാണ് സൈക്ക്‌ലിംഗ് താരങ്ങള്‍ ഡബ്ലിനില്‍ എത്തിയത്.

പിങ്ക് നിറമുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് കാണികളും പിങ്ക് വസ്ത്രങ്ങള്‍ ധരിച്ചാണ് എത്തിയത്. ജര്‍മന്‍ താരം മാര്‍ഷല്‍ കിട്‌റെലാണ് ഏറ്റവും വേഗതയില്‍ എത്തിയത്. കിരീട പ്രതീക്ഷ ഉണ്ടായിരുന്ന ഐറിഷ് താരമായിരുന്ന ദാന്‍ മാര്‍ട്ടിന്‍ നേരത്തെ പുറത്തായി. മാര്‍ട്ടിന്റെ പുറത്താകല്‍ ഐറിഷ് കാണികളെ നിരാശയിലാക്കിയെങ്കിലും ആവേശം ഒട്ടും ചോരാതെയാണ് കാണികള്‍ സൈക്ക്‌ലിംഗ് കാണുന്നതിനായി തടിച്ചു കൂടിയത്. വെള്ളിയാഴ്ച ബെല്‍ഫാസ്റ്റില്‍ നിന്ന് മത്സരം ആരംഭിച്ച് ഏതാനും മിനിട്ടുകള്‍ക്കകം ഉണ്ടായ ഒരു അപകടത്തില്‍ പരുക്ക് പറ്റിയാണ് അദ്ദേഹം പുറത്ത് പോയത്.

തോളെല്ലിലെ പൊട്ടലിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹം ഇപ്പോള്‍ വിശ്രമത്തിലാണ്. മാര്‍ട്ടിന്‍ പുറത്ത് പോയെങ്കിലും അയര്‍ലണ്ടിനെ പ്രതിനിധീകരിച്ച് നിക്കോളാസ് റോഷെ മത്സരത്തില്‍ പങ്കെടുക്കുന്നുണ്ട്. റിയോ ഡി ഇറ്റാലിയയുടെ അയര്‍ലണ്ടിലെ പര്യടനം പൂര്‍ത്തിയാക്കിയ ടീമുകള്‍ ഇറ്റലിയിലേക്ക് മടങ്ങി. മത്സരത്തിന്റെ രണ്ടാംഘട്ടം നാളെ ഇറ്റലിയില്‍ ആരംഭിക്കും.

Scroll To Top