Saturday December 10, 2016
Latest Updates

ജിമെയില്‍ സര്‍വീസ് ചൈനയില്‍ നിരോധിച്ചു

ജിമെയില്‍ സര്‍വീസ് ചൈനയില്‍ നിരോധിച്ചു

ബീജിംഗ്: ഗൂഗിളിന്റെ ജിമെയില്‍ സര്‍വീസ് ചൈനയില്‍ നിരോധിച്ചു. ഗൂഗിളും ചൈനീസ് സര്‍ക്കാരും തമ്മില്‍ മാസങ്ങള്‍ നീണ്ട തര്‍ക്കത്തിനൊടുവിലാണ് ജിമെയില്‍ നിരോധിച്ചത്. ചൈനയിലെ സര്‍ക്കാര്‍ സെന്‍സറിംഗ് നിയമങ്ങള്‍ പാലിക്കാന്‍ ഗൂഗിള്‍ തയ്യാറാകാത്തതാണ് തര്‍ക്കങ്ങള്‍ക്ക് കാരണം. ഇതേതുടര്‍ന്ന് 2009 ല്‍ തന്നെ ഗൂഗിള്‍ ചൈനയില്‍ സെര്‍ച്ച് എഞ്ചിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.

കഴിഞ്ഞ ജൂണ്‍ മുതല്‍ ഗൂഗിളിന്റെ നിരവധി സേവനങ്ങള്‍ ചൈനയില്‍ നിരോധിക്കുകയോ പ്രവര്‍ത്തനരഹിതമാകുകയോ ചെയ്തിരുന്നു. കഴിഞ്ഞ ആഴ്ച വരെ ജിമെയില്‍ സേവനം തടസമില്ലാതെ ലഭിച്ചിരുന്നു. എന്നാല്‍ വെള്ളിയാഴ്ച മുതല്‍ ജിമെയിലിന്റെ പ്രവര്‍ത്തനവും നിലച്ചിരിക്കുകയാണ്. ചൈനീസ് സര്‍ക്കാര്‍ ഗൂഗിളിനെ രാജ്യത്ത് നിന്ന് തുടച്ചു നീക്കാനുള്ള ശ്രമത്തിലാണെന്ന് അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന ഗ്രേറ്റ് ഫയര്‍ ഡോട്ട് ഒആര്‍ജി എന്ന സംഘടന പറഞ്ഞു.

ചൈനയിലെ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കെതിരെയുള്ള വിമര്‍ശനങ്ങള്‍ അടിച്ചമര്‍ത്തുന്നതിന് ചൈനയില്‍ കടുത്ത ഇന്റര്‍നെറ്റ് സെന്‍സര്‍ഷിപ്പ് നിയമങ്ങളാണ് നിലവിലുള്ളത്. ഇത്തരം നടപടികളുടെ ഭാഗമായാണ് ജിമെയില്‍ നിരോധനവും. ജിമെയില്‍ സേവനം നിലച്ചതോടെ ചൈനയില്‍ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര കമ്പനികളുടെ ഇമെയില്‍ ആശയവിനിമയങ്ങള്‍ പ്രതിസന്ധിയിലാക്കും.

അതേസമയം ജിമെയില്‍ സേവനം നിരോധിച്ചതിനെക്കുറിച്ച് അറിയില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു.

Scroll To Top