Tuesday December 06, 2016
Latest Updates

ജി മെയില്‍ ഉപഭോക്താക്കളുടെ ഇ മെയില്‍ നിരീക്ഷിക്കുന്നു;ഗൂഗിളിനെ എങ്ങനെ വിശ്വസിക്കും ?

ജി മെയില്‍ ഉപഭോക്താക്കളുടെ ഇ മെയില്‍ നിരീക്ഷിക്കുന്നു;ഗൂഗിളിനെ എങ്ങനെ വിശ്വസിക്കും ?

ഡബ്ലിന്‍: ജിമെയില്‍ ഉപഭോക്താക്കളുടെ ഇമെയില്‍ ഗൂഗിള്‍ നിരീക്ഷിക്കുന്നതായി റിപ്പോര്‍ട്ട്. കുട്ടികളെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്നവരെയും ചൈല്‍ഡ് പോണ്‍ കാണുന്നവരെയും കണ്ടെത്താന്‍ എന്ന പേരിലാണ് ഗൂഗിള്‍ ഉപഭോക്താക്കളുടെ ഇമെയില്‍ നിരീക്ഷിക്കുന്നത്. ലൈംഗിക കുറ്റവാളിയായ ഒരാളെ കഴിഞ്ഞയിടെ അമേരിക്കയില്‍ നിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഇമെയില്‍ നിരീക്ഷിച്ചതില്‍ നിന്ന് ഇയാളുടെ ഇമെയില്‍ അക്കൌണ്ടില്‍ കുട്ടികളുടെ ലൈംഗിക ചുവയുള്ള ചിത്രങ്ങള്‍ സംഭരിച്ചിരിക്കുന്നതായി കണ്ടെത്തിയ വിവരം ഗൂഗിള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇതേതുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഓട്ടോമാറ്റിക് ഇമേജ് സേര്‍ച്ച് സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ഗൂഗിള്‍ ജിമെയില്‍ ഉപഭോക്താക്കളുടെ ഇമെയില്‍ പരിശോധിക്കുന്നത്. ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഗൂഗിള്‍ തയ്യാറായില്ല. ജിമെയിലിലൂടെ കൈമാറ്റം ചെയ്യപ്പെടുന്ന ഓരോ ചിത്രങ്ങള്‍ക്കും ഒരു പ്രത്യേക ഹാഷ് കോഡ് സൃഷ്ടിച്ച് അവ അശ്ലീല ചിത്രങ്ങളുടെ ഹാഷ് കോഡുമായി താരതമ്യം ചെയ്താണ് അശ്ലീല ചിത്രങ്ങള്‍ കൈമാറുന്നവരെ കണ്ടെത്തുന്നത്.

നിയമ വിരുദ്ധ ചിത്രങ്ങളുടെ ഹാഷ് കോഡ് മൂന്നാം കക്ഷി സെര്‍ച്ച് എഞ്ചിനുകള്‍ക്ക് കൈമാറാന്‍ തയ്യാറാണെന്ന് ഗൂഗിള്‍ അറിയിച്ചു. ഇത്തരം ഹാഷ്
കോഡുകളിലുള്ള ചിത്രങ്ങള്‍ സേര്‍ച്ച് എഞ്ചിനുകള്‍ക്ക് സെര്‍ച്ചില്‍ നിന്ന് തടയാന്‍ കഴിയും. അതേസമയം ഗൂഗിളിന്റെ നടപടി ജനങ്ങളുടെ സ്വകാര്യതയുടെ ലംഘനമാണെന്ന് ആരോപണം ഉയരുന്നുണ്ട്.

Scroll To Top