Friday December 09, 2016
Latest Updates

ജലനിരക്ക്: അഭ്യൂഹങ്ങള്‍ ഇനീ വേണ്ട,സര്‍ക്കാര്‍ അന്തിമ നിലപാടിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്

ജലനിരക്ക്: അഭ്യൂഹങ്ങള്‍ ഇനീ വേണ്ട,സര്‍ക്കാര്‍ അന്തിമ നിലപാടിലേക്ക് എത്തിയതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഐറിഷ് സര്‍ക്കാര്‍ ജലനിരക്ക് സംബന്ധിച്ച് അന്തിമ തീരുമാനത്തില്‍ എത്തിയതായി സൂചന. ലെവി കുറച്ച് ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കാത്ത വിധത്തിലുള്ള ജലനിരക്കായിരിക്കും ഏര്‍പ്പെടുത്തുകയെന്ന് മന്ത്രി അലന്‍ കെല്ലി വ്യക്തമാക്കി. അംഗസംഖ്യ കൂടിയ കുടുംബങ്ങള്‍ക്ക് 200 യൂറോയില്‍ താഴെ ജലനിരക്ക് വരുന്ന വിധത്തിലാണ് പുതിയ ഘടന നിശ്ചയിച്ചിരിക്കുന്നത്. പുതിയ പദ്ധതി പ്രകാരം കുടുംബത്തിലെ പ്രായപൂര്‍ത്തിയായ അംഗങ്ങളുടെ എണ്ണം കൂടുന്നതിന് അനുസരിച്ച് ജലനിരക്ക് കൂട്ടണമെന്ന നിര്‍ദ്ദേശം ഒഴിവാക്കി. വാട്ടര്‍ അലവന്‍സുകളുടെ ഘടനയിലും മാറ്റം വരുത്തിയിട്ടുണ്ട്. ഒന്നിലധികം അലവന്‍സുകള്‍ക്ക് പകരം ഇനി ഒറ്റ യൂണിവേഴ്‌സല്‍ അലവന്‍സായിരിക്കും നല്‍കുക. 

പുതിയ പദ്ധതി പ്രകാരം ഐറിഷ് വാട്ടറില്‍ രജിസ്റ്റര്‍ ചെയ്യുകയും സോഷ്യല്‍ പ്രൊട്ടക്ഷന്‍ വകുപ്പിന് വിവരങ്ങള്‍ കൈമാറുകയും ചെയ്യുന്ന എല്ലാവര്‍ക്കും 100 യൂറോ വാര്‍ഷിക അലവന്‍സ് നല്‍കും.സിംഗിള്‍ അലവന്‍സ് നിലവില്‍ വരുന്നതോടെ ബജറ്റില്‍ പ്രഖ്യാപിച്ച നികുതി ഇളവുകളും സോഷ്യല്‍ വെല്‍ഫെയര്‍ പാക്കേജില്‍ പ്രഖ്യാപിച്ച അലവന്‍സുകളും ഇല്ലാതാകും.പുതിയ നിര്‍ദ്ദേശം അനുസരിച്ച് ജലനിരക്ക് വീടുകളെ രണ്ടായി തിരിക്കും.പ്രായപൂര്‍ത്തിയായ ഒരംഗം മാത്രമുള്ള വീടുകള്‍ക്ക് ഒരു നിരക്കും പ്രായപൂര്‍ത്തിയായ രണ്ടോ അതിലധികമോ അംഗങ്ങളുള്ള വീടുകള്‍ക്ക് മറ്റൊരു നിരക്കും ഈടാക്കും. 

നേരത്തെ മുതിര്‍ന്ന അംഗങ്ങളുടെ എണ്ണം കൂടുന്നതിനുനനുസരിച്ച് ജലനിരക്ക് കൂടുമെന്നായിരുന്നു ആദ്യം നിര്‍ദ്ദേശം. പുതിയ നിര്‍ദ്ദേശം അനുസരിച്ച് പ്രായപൂര്‍ത്തിയായ അഞ്ചോ അതിലധികം പേരോ ഉള്ള വീടുകള്‍ക്കും പ്രായപൂര്‍ത്തിയായ രണ്ട് അംഗങ്ങളുള്ള വീടിന്റെ അതേ നിരക്ക് മാത്രമേ ബാധകമാകൂ. 280 യൂറോയാണ് ഇത്തരം കുടുംബങ്ങളുടെ വാര്‍ഷിക നിരക്ക് വരിക. ആനുവല്‍ അലവന്‍സുകള്‍ കൂടി ചേര്‍ത്ത് കഴിഞ്ഞു ഈ നിരക്ക് 200 യൂറോയില്‍ താഴെയാകും. പ്രായപൂര്‍ത്തിയായ ഒരംഗം മാത്രമുള്ള കുടുംബത്തിന്റെ ജലനിരക്ക് 100 യൂറോയില്‍ താഴെയാകും. 

ജലനിരക്ക് സംബന്ധിച്ച് ഈ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയ അന്തിമ തീരുമാനത്തിലേക്ക് എത്തിക്കൊണ്ടിരിക്കുന്നതായി ഗവണ്‍മെന്റ് വൃത്തങ്ങള്‍ സൂചന നല്‍കി, ക്യാബിനറ്റിലും എക്കണോമിക് മാനേജ്‌മെന്റ് കൌണ്‍സിലിലും ചര്‍ച്ച ചെയ്ത ശേഷം അടുത്ത ആഴ്ച പ്രഖ്യാപിക്കും.

Scroll To Top