Saturday December 03, 2016
Latest Updates

ജലനിരക്കിനെതിരായ സമരത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു,നവംബര്‍ 1 ന് രാജ്യ വ്യാപക പ്രതിഷേധം 

ജലനിരക്കിനെതിരായ സമരത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു,നവംബര്‍ 1 ന് രാജ്യ വ്യാപക പ്രതിഷേധം 

ഡബ്ലിന്‍: ജലനിരക്ക് ഏര്‍പ്പെടുത്തിയതിനെതിരായ സമരത്തില്‍ പതിനായിരങ്ങള്‍ അണിനിരന്നു. ഡബ്ലിനിലെ ഒ ‘കോണേല്‍ സ്ട്രീറ്റില്‍ ഇന്നലെ ഉച്ച തിരിഞ്ഞാണ് പ്രതിഷേധ പ്രകടനം നടന്നത്. 50,000 പേര്‍ സമരത്തില്‍ പങ്കെടുത്തതായാണ് ഗാര്‍ഡയുടെ കണക്ക്.ഒരു ലക്ഷത്തോളം പേര്‍ പങ്കെടുത്തുവെന്നാണ് സംഘാടകര്‍ അവകാശപ്പെട്ടത്. 

പ്രതിഷേധ റാലി ഒ ‘കോണേല്‍ സ്ട്രീറ്റ് കടക്കാന്‍ ഒരു മണിക്കൂറും ഇരുപത് മിനിറ്റും സമയം എടുത്തു. പര്‍നെല്‍ സ്‌ക്വയറില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഓ’കോണേല്‍ സ്ട്രീറ്റിലെ ജിപിഓയില്‍ സമാപിച്ചു. 

ഡബ്ലിനില്‍ നിന്ന് ക്രംലിന്‍, എയര്‍ഫീല്‍ഡ്, ക്ലെയര്‍ഹാള്‍, ബ്രൂക്ക്വാലീ, ഫിംഗല്‍സ്, താല, ക്ലൊണ്ടാല്‍ക്കിന്‍ തുടങ്ങി ഒട്ടുമിക്ക പ്രദേശങ്ങളില്‍ നിന്നുമുള്ള ജനങ്ങള്‍ പ്രതിഷേധ സമരത്തില്‍ അണിനിരന്നു. ഡബ്ലിന് പുറത്ത് ഗാല്‍വെ, കോര്‍ക്ക്, ലിമെറിക്ക്, ഒഫാലി, വിക്ലോ, അത്‌ലോണ്‍, ലെറ്റര്‍കെനി, ലീഷാം എന്നിവടങ്ങളില്‍ നിന്നുള്ളവരും പങ്കെടുത്തു. ട്രേഡ് യൂണിയനുകളായ മാന്‍ഡേറ്റ്, യുനൈറ്റ്, സി.പി.എസ്.യു, കമ്മ്യൂണിക്കേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ തുടങ്ങിയ ട്രേഡ് യൂണിയനുകളില്‍ നിന്നുള്ളവരും പ്രകടനത്തില്‍ പങ്കെടുത്തു. 

പ്രധാനമന്ത്രി എന്‍ഡ കെന്നി, ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ എന്നിവര്‍ക്കെതിരെയും ലേബര്‍ പാര്‍ട്ടിക്കെതിരെയും രൂക്ഷമായ പ്രതികരണങ്ങളാണ് സമരക്കാരുടെ ഭാഗത്ത് നിന്ന് ഉയര്‍ന്നത്. ജലനിരക്കിനെതിരെ സമരം ചെയ്യുന്നവരുടെ കൈവശം വില കൂടിയ ഫോണും ടാബലെറ്റുകളുമാണെന്ന ജോണ്‍ ബര്‍ട്ടന്റെ പ്രസ്താവനയ്‌ക്കെതിരെയും ശക്തമായ പ്രതിഷേധം ഉയര്‍ന്നു. ജലനിരക്ക് അടക്കരുതെന്നത് ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങള്‍ എഴുതിയ പ്ലക്കാര്‍ഡുകള്‍ കയ്യിലേന്തിയായിരുന്നു സമരം. പുതിയ ജലനിരക്ക് അടയ്ക്കരുതെന്നും അടയ്ക്കാതിരിന്നാല്‍ ഐറിഷ് വാട്ടറിന് നിയമപരമായി ഒരു നടപടിയും സ്വീകരിക്കാനാകില്ലെന്നും വ്യക്തമാക്കുന്ന ലഖുലെഖകള്‍ സമരക്കാര്‍ വിതരണം ചെയ്തു. 

പീപ്പിള്‍ ബിഫോര്‍ പ്രോഫിറ്റ് ടിഡി റിച്ചാര്‍ഡ് ബോയിഡ് ബാരെറ്റ്, ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി ക്ലെയര്‍ ഡാലി, സിന്‍ ഫിന്‍ കൌണ്‍സിലര്‍ ഡെയ്തി ഡൂലന്‍, ആക്റ്റിവിസ്റ്റ് ജോണ്‍ ബിസെറ്റ് തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു. ഇന്ന് ഡബ്ലിന്‍ സ്തംഭിപ്പിച്ചു ഇനി നവംബര്‍ 1ന് രാജ്യം ആകമാനം സ്തംഭിക്കുന്ന സമരം നടത്തുമെന്ന് സമരത്തിന് നേതൃത്വം നല്‍കിയവര്‍ പറഞ്ഞു. 

Scroll To Top