Friday December 09, 2016
Latest Updates

ജലക്കരത്തിനെതിരെ ജനം :ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരുങ്ങലില്‍ 

ജലക്കരത്തിനെതിരെ ജനം :ലേബര്‍പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ പരുങ്ങലില്‍ 

ഡബ്ലിന്‍ :അയര്‍ലണ്ടിലെ പുതുക്കിയ ജലനിരക്കുകള്‍ ലേബര്‍ പാര്‍ട്ടിക്ക് തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിന്‍ നഗരത്തില്‍ ലോക്കല്‍ ഇലക്ഷനില്‍ ലേബര്‍ പാര്‍ട്ടി കനത്ത ഏതിര്‍പ്പ് നേരിടേണ്ടി വരുന്നതായാണ് സ്ഥാനാര്‍ഥികള്‍ തന്നെ പറയുന്നത്.ഒട്ടു മിക്കവാറും പ്രദേശങ്ങളില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ ജനങ്ങളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കനത്ത നിരാശയിലാണ്.

പുതുക്കിയ ജലനിരക്കുകളുടെ പേരില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ പഴി കേള്‍ക്കുന്നതായി പാര്‍ട്ടി നേതാവും ഉപ പ്രധാനമന്ത്രിയുമായ എമോണ്‍ ഗില്‍മോര്‍ ഇന്നലെ പറഞ്ഞു.. ഇത് ആദ്യമായാണ് ഒരു ലേബര്‍ പാര്‍ട്ടി നേതാവ് ഇക്കാര്യം തുറന്നു സമ്മതിക്കുന്നത്. പുതുക്കിയ നിരക്കുകള്‍ ലോക്കല്‍ ഇലക്ഷനിലും യൂറോപ്യന്‍ പാര്‍ലമെന്റ് ഇലക്ഷനിലും പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് തിരിച്ചടി ആയേക്കുമെന്നും അദ്ദേഹം സമ്മതിച്ചു. 

കഴിഞ്ഞ ദിവസം താലയില്‍ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുകയായിരുന്ന ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പ്രദേശവാസികള്‍ പ്രതിഷേധിക്കുന്നതിന്റെ ഒരു വീഡിയോ പുറത്ത് വന്നിരുന്നു. ജല ഉപയോഗത്തിന് സ്റ്റാന്‍ഡിംഗ് നിരക്ക് ഏര്‍പ്പെടുത്തിയതിനെതിരെയായിരുന്നു പ്രതിഷേധം ഈ സംഭവത്തിന്റെ വീഡിയോ പുറത്ത് വന്നതോടെയാണ് പുതുക്കിയ ജലനിരക്കിനെതിരെ വോട്ടര്‍മാര്‍ക്കിടയില്‍ പ്രതിഷേധമുണ്ടെന്ന് ഗില്‍മോറിനും സമ്മതിക്കേണ്ടി വന്നത്. 

ഓരോ വീട്ടുകാരും ഉപയോഗിക്കുന്ന ജലത്തിന്റെ അളവില്‍ വ്യത്യാസമുണ്ടെന്നും അതിനനുസരിച്ച് നിരക്ക് നിര്‍ണ്ണയിക്കണമെന്ന ആവശ്യത്തോട് തനിക്ക് യോജിപ്പാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഈ ആവശ്യത്തെച്ചൊല്ലി ഭരണകക്ഷിയില്‍ തന്നെ ഭിന്നത രൂപപ്പെട്ടിരുന്നു. അതേസമയം പുതുക്കിയ നിരക്കുകളിലുള്ള വാട്ടര്‍ ബില്ലിനെക്കുറിച്ച്ചുള്ള ആശയക്കുഴപ്പം ഇതുവരെ പരിഹരിച്ചിട്ടില്ല. എല്ലാ വീടുകളിലും വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കാത്തതും ഉപയോഗാനുസൃതം നിരക്ക് നിശ്ചയിക്കാത്തതുമാണ് ജനങ്ങളുടെ ആശങ്ക അവസാനിക്കാത്തതിനു കാരണം

Scroll To Top