Friday December 09, 2016
Latest Updates

ജയലളിത ഇന്നലെ വരെ മുഖ്യമന്ത്രി; ഇന്ന് പ്രിസണര്‍ നമ്പര്‍ 7402

ബാംഗ്ലൂര്‍: ഇന്നലെ വരെ മുഖ്യമന്ത്രി പദവിയിലിരുന്ന ജയലളിത ഇന്ന് മുതല്‍ ബാംഗ്ലൂര്‍ പരപ്പന അഗ്രഹാര ജയിലിലെ പ്രിസണര്‍ നമ്പര്‍ 7402. 7402 എന്ന നമ്പരാണ് ജയിലില്‍ ജയലളിതയ്ക്ക് ലഭിച്ചത്. അഴിമതി കേസില്‍ 4 വര്‍ഷം തടവിനും ഒരു കോടി രൂപ പിഴയ്ക്കും ശിക്ഷിക്കപ്പെട്ട ജയലളിതയെ ഇന്നലെ തന്നെ ജയിലിലേക്ക് മാറ്റി. ആരോഗ്യപ്രശ്‌നങ്ങള്‍ കണക്കിലെടുത്ത് തന്നെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റണമെന്ന് ജയലളിത ആവശ്യപ്പെട്ടെങ്കിലും കോടതി അനുമതി നല്‍കിയില്ല. ജയില്‍ വളപ്പില്‍ തന്നെയുള്ള ആശുപത്രിയില്‍ വൈദ്യ പരിശോധനയ്ക്ക് വിധേയയാക്കിയ ജയലളിതയെ സെല്ലിലേക്ക് മാറ്റി.

വിഐപി സെല്ലുകളില്ലാത്ത പരപ്പന ജയിലിലെ വനിതാ ബ്ലോക്കില്‍ മറ്റ് തടവുകാര്‍ക്കൊപ്പം സാധാരണ സെല്ലില്‍ തന്നെയാണ് ജയലളിതയെ പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ ഭക്ഷണമായ റാഗിയുണ്ടയും ചോറും സാമ്പാറും, തൈരുസാദവുമാണ് ജയില്‍ അധികൃതര്‍ നല്‍കിയത്. മറ്റ് തടവുകാര്‍ക്ക് ലഭിക്കുന്ന ഭക്ഷണം തന്നെയാണ് ഇത്. നേരത്തെ അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ യദിയൂരപ്പ 24 ദിവസം തടവില്‍ കഴിഞ്ഞതും പരപ്പന അഗ്രഹാര ജയിലിലായിരുന്നു.

ഒക്ടോബര്‍ അഞ്ച് വരെ കോടതി അവധിയാണെന്നാണ് റിപ്പോര്‍ട്ട്. അതിന് ശേഷമേ ജയലളിതയ്ക്ക് ജാമ്യഹര്‍ജി സമര്‍പ്പിക്കാനാകൂ. അതിനിടെ പകരം മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ എഐഎഡിഎംകെ നേതൃത്വം ഇന്ന് ചെന്നൈയില്‍ യോഗം ചേരും. മുന്‍പ് ജയലളിതയ്ക്ക് പകരം മുഖ്യമന്ത്രിയായ നിലവില്‍ മന്ത്രിയായ പനീര്‍ സെല്‍വത്തിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. കേസില്‍ ശിക്ഷ ലഭിച്ചതോടെ ജനപ്രാധിനിത്യ നിയമ പ്രകാരം ജയലളിതയുടെ നിയമസഭാംഗത്വവും മുഖ്യമന്ത്രി സ്ഥാനവും ഇന്നലെ തന്നെ നഷ്ടപ്പെട്ടിരുന്നു. അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട് മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെടുന്ന ആദ്യത്തെ നേതാവാണ് ജയലളിത.

Scroll To Top