Saturday December 03, 2016
Latest Updates

ജമ്മു കാശ്മീര്‍ പ്രളയം: നടി അപൂര്‍വ ബോസും സംഘവും ഉള്‍പ്പെടെ 91 മലയാളികള്‍ തിരിച്ചെത്തി

ജമ്മു കാശ്മീര്‍ പ്രളയം: നടി അപൂര്‍വ ബോസും സംഘവും ഉള്‍പ്പെടെ 91 മലയാളികള്‍ തിരിച്ചെത്തി

ന്യൂഡല്‍ഹി: പ്രളയം രൂക്ഷമായ ജമ്മുവില്‍ കുടുങ്ങിയ നടി അപൂര്‍വ ബോസ് ഉള്‍പ്പെടെ 91 പേര്‍ തിരിച്ചെത്തി. ഇവരെ പ്രത്യേക വിമാനത്തില്‍ ഡല്‍ഹിയില്‍ എത്തിക്കുകയായിരുന്നു. മലയാളികളെ തിരിച്ച് എത്തിക്കുന്ന നടപടികള്‍ക്ക് നേരിട്ട് നേതൃത്വം നല്‍കാന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല തന്നെ ഡല്‍ഹിയില്‍ എത്തിയിട്ടുണ്ട്. ഡല്‍ഹിയില്‍ എത്തിയ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഇന്ന് കേന്ദ്ര പ്രതിരോധ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തും.

കുടുങ്ങിയ മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാനം കേരള ഹൌസില്‍ കണ്‍ട്രോള്‍ റൂം ഉള്‍പ്പെടെ തുറന്നിരുന്നു. ഇപ്പോള്‍ ജമ്മുവില്‍ കുടുങ്ങി കിടക്കുന്ന ഏഴ് കന്യാസ്ത്രീകള്‍ ഉള്‍പ്പെടെയുള്ള മലയാളികളെ രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നുണ്ട്. അപൂര്‍വയും സംഘവും ട്രക്കിങ്ങിനായി കാശ്മീരില്‍ എത്തിയതായിരുന്നു. ഉയരമുള്ള കെട്ടിടത്തില്‍ താമസിച്ചത് കൊണ്ട് മാത്രമാണ് ജീവനോടെ രക്ഷപെട്ടതെന്നു നടി പറഞ്ഞു. സംഘം ഇന്ന് ഡല്‍ഹിയില്‍ നിന്ന് കേരളത്തിലേക്ക് മടങ്ങും.

ഒഴുക്കില്‍പ്പെട്ട മലയാളി സൈനികന്‍ ഹരിദാസ് സുരക്ഷിതനാണെന്ന് നാട്ടില്‍ വിവരം ലഭിച്ചു. അതിനിടെ ജമ്മുവില്‍ മരണസംഖ്യ 200 കവിഞ്ഞു. സൈന്യവും ദുരന്ത നിവാരണ സേനയും ചേര്‍ന്ന് അമ്പതിനായിരത്തിലധികം പേരെ രക്ഷിച്ചു. 60 വര്ഷത്തിനിടെ ഉണ്ടാകുന്ന ഏറ്റവും രൂക്ഷമായ വെള്ളപ്പൊക്കമാണ് ജമ്മുവിലേത്.

Scroll To Top