Saturday December 10, 2016
Latest Updates

ജനവിധിയുടെ ചൂടറിഞ്ഞ നിതീഷ് കുമാറും രാജി വച്ചു

ജനവിധിയുടെ ചൂടറിഞ്ഞ നിതീഷ് കുമാറും രാജി വച്ചു

പാറ്റ്‌ന: ജനവിധിയുടെ കരുത്തില്‍ ഒരു മുഖ്യമന്ത്രിക്ക് കൂടി സ്ഥാനം നഷ്ടപ്പെട്ടു. തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രാജി വച്ചു. നിതീഷ് കുമാറിന്റെ പാര്‍ട്ടിയായ ജനതാദള്‍ (യു)ന് ബീഹാറിലെ ആകെയുള്ള 40 സീറ്റില്‍ 2 സീറ്റുകള്‍ മാത്രമാണ് വിജയിക്കാനായത്. ഇതോടെ മുഖ്യമന്ത്രി രാജി വയ്ക്കണമെന്ന് പാര്‍ട്ടിയില്‍ നിന്ന് തന്നെ ആവശ്യമുയര്‍ന്നു.

2009 ലെ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടായിരുന്ന ജനതാദള്‍ (യു)ന് 20  സീറ്റുകള്‍ ഉണ്ടായിരുന്നു. ഇരുപത് സീറ്റില്‍ നിന്നാണ് 2 സീറ്റ് എന്ന കനത്ത പരാജയത്തിലേക്ക് ജനതാദള്‍ എത്തിയത്. നരേന്ദ്ര മോഡിയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയി പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചാണ് നിതീഷ് കുമാര്‍ എന്‍ഡിഎ ബന്ധം ഉപേക്ഷിച്ചത്.

സര്‍ക്കാരിന്റെ കാലാവധി പൂര്‍ത്തിയാക്കാന്‍ ഒന്നര വര്‍ഷം കൂടി ബാക്കി നില്‍ക്കെയാണ് നിതീഷ് സര്‍ക്കാരിന്റെ രാജി. രാജിക്കത്ത് ഗവര്‍ണര്‍ക്ക് കൈമാറി. നിയമസഭ പിരിച്ച് വിട്ട് തെരഞ്ഞെടുപ്പ് നടത്തണമെന്ന് നിതീഷ് കുമാര്‍ ഗവര്‍ണറോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭൂരിപക്ഷം സീറ്റുകളും പരാജയപ്പെട്ടതിനെ തുടര്‍ന്ന് അസം മുഖ്യമന്ത്രി തരുണ്‍ ഗോഗോയി ഇന്നലെ രാജി വച്ചിരുന്നു. തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് രാജി വയ്ക്കുന്ന രണ്ടാമത്തെ മുഖ്യനാണ് നിതീഷ് കുമാര്‍.

Scroll To Top