Tuesday December 06, 2016
Latest Updates

ജനവികാരം അറിയുന്നതിന് പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ലെന്ന് സി പി എം കുറ്റസമ്മതം 

ജനവികാരം അറിയുന്നതിന് പാര്‍ട്ടിയ്ക്ക് കഴിഞ്ഞില്ലെന്ന് സി പി എം കുറ്റസമ്മതം 

ന്യൂഡല്‍ഹി:പാര്‍ട്ടിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പ്രധാനകാരണം പൊതുസാഹചര്യം വിലയിരുത്തുന്നതില്‍ പി.ബി പരാജയപ്പെട്ടത് കൊണ്ടാണെന്ന് തുറന്നു സമ്മതിച്ചു കൊണ്ട് സി പി എം. 

ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് കേന്ദ്ര കമ്മിറ്റിയില്‍ അവതരിപ്പിച്ച തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് കേന്ദ്ര നേതൃത്വം ഇത്തരത്തില്‍ കുറ്റസമ്മതം നടത്തുന്നത് സി.പി.എമ്മില്‍ അത്യപൂര്‍വ നടപടിയാണ്. പരാജയത്തിന് പിന്നാലെ, പി.ബിയില്‍ ഒരു വിഭാഗം സ്ഥാനമൊഴിയാന്‍ തയാറായി മുന്നോട്ടുവന്ന പ്രത്യേക സാഹചര്യത്തില്‍ ഉടന്‍ നേതൃമാറ്റത്തിനുള്ള ചര്‍ച്ച ഒഴിവാക്കാന്‍ കൂടിയാണ് പി.ബി ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്. എന്നാല്‍, പരാജയത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത കാരാട്ടിന്റെ റിപ്പോര്‍ട്ട് അടുത്തവര്‍ഷം നടക്കാനിരിക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി പാര്‍ട്ടിക്കുള്ളില്‍ നേതൃമാറ്റ ചര്‍ച്ചകള്‍ക്ക് വഴിമരുന്നാകും.

കേരളത്തില്‍ പാര്‍ട്ടിക്ക് പ്രതീക്ഷിച്ച വിജയം ലഭിച്ചിട്ടില്ലെന്നും കാരാട്ടിന്റെ റിപ്പോര്‍ട്ടിലുണ്ട്. രാജ്യമാകെ കോണ്‍ഗ്രസ് വിരുദ്ധ കൊടുങ്കാറ്റാണ് ഉണ്ടായത്. സ്വാഭാവികമായും കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യ എതിരാളിയായ സി.പി.എമ്മിന് അതു ഗുണം ചെയ്യേണ്ടതാണ്. 14 സീറ്റുകളിലെങ്കിലും എല്‍.ഡി.എഫ് ജയസാധ്യതയുണ്ടായിരുന്നു. കൊല്ലം സീറ്റിലെ പരാജയം കനത്ത ക്ഷീണമായി. ആര്‍.എസ്.പിയുടെ മുന്നണി മാറ്റനീക്കം മുന്‍കൂട്ടി അറിയുന്നതില്‍ പരാജയപ്പെട്ടു. വടകര സീറ്റില്‍ സാധ്യമായിരുന്ന വിജയമാണ് നഷ്ടമായത്. ആലപ്പുഴയില്‍ സംഘടനാ ദൗര്‍ബല്യം പ്രശ്‌നമായി. എങ്കിലും നില മെച്ചപ്പെടുത്തിയ കേരളത്തിലെ ഫലമാണ് പാര്‍ട്ടിക്ക് അല്‍പമെങ്കിലും ആശ്വാസം പകരുന്നതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ബംഗാള്‍ ഘടകത്തിന്റെ ചുമതലയുള്ള പി.ബി അംഗം സീതാറാം യെച്ചൂരി, ബംഗാളില്‍നിന്നുള്ള പി.ബി അംഗങ്ങളായ ബുദ്ധദേബ് ഭട്ടാചാര്യ, ബിമന്‍ ബോസ് എന്നിവരാണ് കനത്ത പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പദവികള്‍ ഒഴിയാനുള്ള സന്നദ്ധത ജനറല്‍ സെക്രട്ടറിയെ അറിയിച്ചത്.

ഇതത്തേുടര്‍ന്നാണ്, കൂട്ടുത്തരവാദിത്തം എന്ന കമ്യൂണിസ്റ്റ് പ്രവര്‍ത്തന രീതി ചൂണ്ടിക്കാട്ടി പരാജയം പി.ബി ഏറ്റെടുക്കുകയാണെന്ന് കാരാട്ട് തെരഞ്ഞെടുപ്പ് വിശകലന റിപ്പോര്‍ട്ടില്‍ തുറന്നുപറഞ്ഞത്. മൂന്നാം മുന്നണി നീക്കം തുടങ്ങിവെച്ചെങ്കിലും ജനങ്ങളില്‍ വിശ്വാസം ജനിപ്പിക്കുന്ന ബദലായി ഉയര്‍ത്തിക്കാട്ടുന്നതില്‍ പരാജയപ്പെട്ടെന്നും പി.ബി അംഗീകരിച്ച വിശകലന റിപ്പോര്‍ട്ടില്‍ പറയുന്നു. താഴത്തെട്ടിലെ ജനവികാരം അറിഞ്ഞ് റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കീഴ്ഘടകങ്ങള്‍ പരാജയപ്പെട്ടുഎന്നും പാര്‍ട്ടി റിപ്പോര്‍ട്ടില്‍ പറയുന്നു.

Scroll To Top