Thursday December 08, 2016
Latest Updates

ജഡ്ജിയ്ക്ക് കോടതിയില്‍ ഉറങ്ങാമോ ?

ജഡ്ജിയ്ക്ക് കോടതിയില്‍ ഉറങ്ങാമോ ?

ജഡ്ജി കോടതിയില്‍ ഉറങ്ങിയാല്‍ എന്ത് ചെയ്യും?ലൈംഗിക പീഡന കേസിന്റെ വിചാരണയ്ക്കിടെ ജഡ്ജ് കൂര്‍ക്കം വലിച്ച് ഉറങ്ങിയത് വിവാദമായി.മാഞ്ചസ്റ്റര്‍ ക്രൌണ്‍ കോടതിയിലാണ് സംഭവം. ഫിലിപ്പ് കാറ്റന്‍ എന്ന ജഡ്ജ് ആണ് വിചാരണക്കിടെ കൂര്‍ക്കം വലിച്ച് ഉറങ്ങിയത്. ഇതോടെ ലൈംഗിക പീഡനത്തിനു ഇരയായ പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വീണ്ടും കോടതിയില്‍ വിശദീകരിക്കേണ്ടി വന്നിരിക്കുകയാണ്. കൂടാതെ ഖജനാവിലെ നികുതി പണം ചെലവഴിച്ച് വീണ്ടും കോടതി കൂടുകയും വേണം. 

വീഡിയോ കോണ്‍ഫ്രണ്‍സ് മുഖേനയാണ് പെണ്‍കുട്ടി തനിക്ക് നേരിട്ട ദുരനുഭവങ്ങള്‍ വിശദീകരിച്ചത്. എന്നാല്‍ ഈ സമയമത്രയും ജഡ്ജ് സുഖനിദ്രയിലായിരുന്നു. അടുത്ത മാസം വീണ്ടും വിചാരണ പുനരാരംഭിക്കും. പുനര്‍വിചാരണയ്ക്ക് ഖജനാവില്‍ നിന്ന് 10,000 പൌണ്ട് വരെ ചെലവാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ജഡ്ജ് ഉറങ്ങിപ്പോയതിനാല്‍ ഏതൊക്കെ തെളിവുകളാണ് ശേഖരിക്കപ്പെടാതെ പോയതെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരികയാണ്. 

കേസില്‍ സമ്പൂര്‍ണ്ണമായ പുനര്‍ വിചാരണ വേണമോ എന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ അധികൃതര്‍ പരിശോധിച്ച് വരുന്നു. അതേസമയം ഉറങ്ങിപ്പോയ ജഡ്ജിനെതിരെ ബ്രിട്ടീഷ് നിയമവൃത്തങ്ങളില്‍ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ജഡ്ജിന്റെ ഭാഗത്ത് നിന്നുണ്ടായ നടപടി ഉത്തരവാദിത്വമില്ലാത്തതും ജഡീഷ്യറിക്ക് അപമാനം വരുത്തുന്നതുമാണെന്ന് നിയമ വിദഗ്ദര്‍ കുറ്റപ്പെടുത്തി. ജഡ്ജിന്റെ നടപടിക്കെതിരെ അന്വേഷണം വേണമെന്നും നിയമവൃത്തങ്ങളില്‍ നിന്ന് ആവശ്യമുയരുന്നുണ്ട്.

Scroll To Top