Saturday December 10, 2016
Latest Updates

ചോക്ലേറ്റ് ചൂണ്ടി വിമാനം റാഞ്ചാന്‍ ശ്രമം; പ്രതിയെ മാനസിക രോഗ ചികിത്സയ്ക്ക് അയച്ചു

ചോക്ലേറ്റ് ചൂണ്ടി വിമാനം റാഞ്ചാന്‍ ശ്രമം; പ്രതിയെ മാനസിക രോഗ ചികിത്സയ്ക്ക് അയച്ചു

തോക്ക് ചൂണ്ടി വിമാനം റാഞ്ചിയ വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ടാകും. എന്നാല്‍ ചോക്ലേറ്റ് ചൂണ്ടിയുള്ള വിമാന റാഞ്ചല്‍ ഇന്നേ വരെ കേട്ടുകേള്‍വി ഇല്ലാത്ത കാര്യമാണ്. ആംസ്റ്റര്‍ഡാമില്‍ നിന്ന് ഹോങ്കോങ്ങിലേക്ക് പോകുകയായിരുന്ന കാത്തി പസഫിക് വിമാനമാണ് റാഞ്ചാന്‍ ശ്രമിച്ചത്. ഫിന്‍ലന്‍ഡില്‍ നിന്നുള്ള അന്‍ട്ടി ഒസ്‌കാരി മാന്‍സെലിയസ് എന്ന 23 കാരനാണ് വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. ടോബ്ലെറോണ്‍ എന്ന ചോക്ലേറ്റ് ബാര്‍ കാട്ടി വിമാനം റഷ്യയിലെ സോച്ചിയിലെക്ക് തിരിച്ചു വിടാന്‍ ഇയാള്‍ ആവശ്യപ്പെടുകയായിരുന്നു.

ഫെബ്രുവരിയില്‍ വിന്റര്‍ ഒളിമ്പിക്‌സ് നടക്കുമ്പോഴാണ് ഇയാള്‍ വിമാനം റാഞ്ചാന്‍ ശ്രമിച്ചത്. തനിക്ക് വിന്റര്‍ ഒളിമ്പിക്‌സ് കാണാന്‍ വിമാനം സോചി വഴി തിരിച്ചു വിടാന്‍ ആവശ്യപ്പെടുകയായിരുന്നു. ഫെബ്രുവരി പതിനാലിനാണ് ഈ വ്യത്യസ്തമായ വിമാന റാഞ്ചല്‍ ശ്രമം ഉണ്ടായത്. ചോക്ലേറ്റ് ബാര്‍ ചൂണ്ടി പൈലറ്റുമാരെ ഭീഷണിപ്പെടുത്തിയ ഇയാള്‍ വ്യാജ ബോംബ് ഭീഷണി മുഴക്കുകയും ചെയ്തു. എന്തായാലും വിമാനം ഹോങ്കോങ്ങില്‍ എത്തിയപ്പോള്‍ ഇയാളെ അറസ്റ്റ് ചെയ്തു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മാനസിക രോഗ ചികിത്സയ്ക്ക് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

മറ്റ് യാത്രക്കാരുടെ വിരസത മാറ്റാന്‍ താന്‍ തമാശിന് ആസൂത്രണം ചെയ്തതായിരുന്നു ഈ വിമാന റാഞ്ചല്‍ എന്ന് ഇയാള്‍ കോടതിയില്‍ പറഞ്ഞു. ഇയാള്‍ക്ക് ലഭിച്ച രണ്ടു എക്കണോമി ക്ലാസ് ബ്‌ളാങ്കറ്റില്‍ ഒരെണ്ണം തൊപ്പിയുടെ രൂപത്തില്‍ തലയില്‍ ചുറ്റിയും ഒരെണ്ണം പുതച്ചും കൊണ്ടാണ് ഇയാള്‍ കോക്ക്പിറ്റിലേക്ക് വന്നതെന്ന് പൈലറ്റുമാര്‍ മൊഴി നല്കി. വാള്‍ പോലെ ചോക്ലേറ്റ് ബാര്‍ ചൂണ്ടി വിമാനം വഴി തിരിച്ചു വിടാന്‍ ആവശ്യപ്പെട്ടതല്ലാതെ ഇയാള്‍ അക്രമം ഒന്നും കാണിച്ചില്ലെന്നും പൈലറ്റുമാര്‍ മൊഴി നല്കി. എന്തായാലും ഇയാള്‍ക്കെതിരെയുള്ള വിചാരണയും മാനസിക രോഗ ചികിത്സയും തുടരുന്നു.

Scroll To Top