Tuesday December 06, 2016
Latest Updates

ചൈല്‍ഡ് ബെനഫിറ്റില്‍ വീണ്ടും കുറവ് വരുത്താന്‍ ആലോചന,കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടി ചുരുക്കും 

ചൈല്‍ഡ് ബെനഫിറ്റില്‍ വീണ്ടും കുറവ് വരുത്താന്‍ ആലോചന,കുടിയേറ്റക്കാരുടെ ആനുകൂല്യങ്ങള്‍ വെട്ടി ചുരുക്കും 

ഡബ്ലിന്‍:നോണ്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ കുടിയേറുന്നവര്‍ക്കുള്ള ചൈല്‍ഡ് ബെനഫിറ്റ് അടക്കമുള്ള സോഷ്യല്‍ സര്‍വീസ് ബെനഫിറ്റുകളില്‍ കാര്യമായ വെട്ടിച്ചുരുക്കലുകള്‍ നടത്താനുള്ള നിര്‍ദേശങ്ങളുമായി ഐറിഷ് സര്‍ക്കാര്‍ പുതിയ നിയമ ഭേദഗതിയ്‌ക്കൊരുങ്ങുന്നു.സാമൂഹ്യ ക്ഷേമ രംഗത്തെ തട്ടിപ്പുകളും,ക്രമവിരുദ്ധ നടപടികളും ഒഴിവാക്കാനുള്ള നടപടികളുടെ കൂട്ടത്തിലാണ് ഇത്തരം ഒരു നിര്‍ദേശവും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

രാജ്യത്തിന് പുറത്തു താമസിച്ചുകൊണ്ട് കഴിഞ്ഞ വര്‍ഷം 7800 പേര്‍ ചൈല്‍ഡ് ബെനഫിറ്റ് വാങ്ങിയതായാണ് കണ്ടെത്തല്‍. ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നുമുള്ളവര്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.ആസ്‌ട്രേലിയയിലേക്ക് കുടിയേറി പോയവരും വന്‍ തോതില്‍ ഇപ്പോഴും ചൈല്‍ഡ് ബെനഫിറ്റ് വാങ്ങുന്നതായി തെളിഞ്ഞിട്ടുണ്ട്.കഴിഞ്ഞ വര്‍ഷം മാത്രം 6 മില്ല്യന്‍ യൂറോ അനര്‍ഹരായ ഇത്തരക്കാര്‍ക്ക് ബെനഫിറ്റ് നല്‍കിയതായാണ് സര്‍ക്കാര്‍ കണക്കുകള്‍.

ആസ്‌ട്രേലിയയ്ക്ക് കുടിയേറിയ ഐറിഷ് പൗരന്മാരും,പുതിയതായി പൗരത്വം എടുത്തവരുമായ നിരവധിപ്പേര്‍ വ്യാജ അഡ്രസ് നല്‍കി അയര്‍ലണ്ടില്‍ ചൈല്‍ഡ് ബെനെഫിറ്റ് വാങ്ങുന്നതായി തെളിഞ്ഞിട്ടുണ്ട്.മുന്‍പ് താമസിച്ചിരുന്ന അഡ്രസ്,സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും അഡ്രസ്,സ്ഥിരമായി വീട് വാങ്ങിട്ടുള്ള വിലാസം എന്നിവ ഉപയോഗിച്ചാണ് ആസ്‌ട്രേലിയയ്ക്കു കുടിയേറിയവര്‍ തട്ടിപ്പ് നടത്തുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്.പോളണ്ടിലേയ്ക്ക് തിരിച്ചുപോയ നൂറുക്കണക്കിന് പേരും സമാനമായ രീതിയില്‍ പണം കൈക്കലാക്കി.

ഇത്തരം തട്ടിപ്പുകളുടെ വെളിച്ചത്തില്‍ അയര്‍ലണ്ട് റെസിഡന്‍സി നിയമങ്ങള്‍ കര്‍ക്കശനമാക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ ചൈല്‍ഡ് ബെനഫിറ്റും മറ്റ് ബെനഫിറ്റുകളും ലഭിക്കാന്‍ കര്‍ശനമായ റെസിഡന്‍സി നിയമങ്ങള്‍ മറികടക്കേണ്ടി വരും. പുതിയ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുന്ന നിയമഭേദഗതി സര്‍ക്കാരിന് സമര്‍പ്പിച്ചു. സോഷ്യല്‍ വെല്‍ഫെയര്‍ പെന്‍ഷന്‍സ് ബില്‍ 2014 എന്ന പേരിലാണ് പുതിയ ഭേദഗതികള്‍ നടപ്പിലാക്കുന്നത്. 

പുതിയ നിയമഭേദഗതി പ്രകാരം ബെനഫിറ്റിനായി അപേക്ഷിക്കുന്നവര്‍ തങ്ങള്‍ ദീര്‍ഘകാലമായി അയര്‍ലണ്ടില്‍ താമസിക്കുന്നവരാണെന്ന് തെളിയിക്കേണ്ടി വരും. റെസിഡന്‍ഷ്യല്‍ ടെസ്റ്റ് അഥവാ ഹാബിച്വല്‍ ടെസ്റ്റ് എന്നും ഈ പരിശോധന അറിയപ്പെടുന്നു.ബെനഫിറ്റ് അപേക്ഷകന്‍ എത്രകാലമായി അയര്‍ലണ്ടില്‍ താമസിക്കുന്നു? ബെനഫിറ്റ് ക്ലെയിം ചെയ്യുന്ന അത്രയും കാലം അയര്‍ലണ്ടില്‍ തന്നെ തുടര്‍ന്നും താമസിക്കുമോ? തുടങ്ങിയ വിവരങ്ങള്‍ ഈ ടെസ്റ്റിന്റെ ഭാഗമായി ചോദിക്കും. 

നിലവില്‍ ബെനഫിറ്റ് ക്ലെയിം ചെയ്തുകൊണ്ടിരിക്കുന്ന ഐറിഷ് പൌരനമാര്‍ക്ക് പുതിയ നിയമഭേദഗതി ബാധകമാകില്ല.ഐറിഷ് പൗരത്വം സ്വീകരിച്ചവര്‍ക്കും ,യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള കുടിയേറ്റക്കാര്‍ക്കും നിയമഭേദഗതി ബാധിക്കില്ല. യൂറോപ്യന്‍ യൂണിയന്‍ കുടിയേറ്റക്കാരുടെ മക്കള്‍ അയര്‍ലണ്ടില്‍ താമസിക്കുന്നില്ലെങ്കിലും നിയമഭേദഗതി പ്രതികൂലമായി ബാധിക്കില്ല. 

അതേസമയം യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്ന് കുടിയേറിയ പൗരത്വം ഇല്ലാത്തവരെ നിയമഭേദഗതി പ്രതികൂലമായി ബാധിക്കും. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് കുടിയേറുന്നവര്‍ ബെനഫിറ്റിനായി ഏറെ നാള്‍ കാത്തിരിക്കേണ്ടി വരും. കൂടാതെ യൂറോപ്യന്‍ യൂണിയന്‍ ഇതര കുടിയേറ്റക്കാരുടെ ബെനഫിറ്റ് ആനുകൂല്യങ്ങള്‍ വന്‍ തോതില്‍ വെട്ടിച്ചുരുക്കാനും നിയമഭേദഗതിയില്‍ നിര്‍ദ്ദേശമുണ്ട്. 

നിയമഭേദഗതി ഡ്രാഫ്റ്റ് രൂപത്തില്‍പാര്‍ലിമെന്റിനു കൈമാറി.അടുത്ത ആഴ്ച ഡ്രാഫ്റ്റ് ചര്‍ച്ചയ്ക്ക് എടുക്കും. തുടര്‍ന്ന് അധികം വൈകാതെ തന്നെ ഇത് നിയമമാകുമെന്നാണ് സൂചന. യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബെനഫിറ്റ് വിതരണം താളം തെറ്റിയ സാഹചര്യത്തിലാണ് അയര്‍ലണ്ട് ഗവണ്‍മെന്റ് കൂടുതല്‍ കര്‍ക്കശമായ നിയമഭേദഗതി കൊണ്ടുവരുന്നത്.

Scroll To Top