Friday December 09, 2016
Latest Updates

ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നതിനോട് ജോണ്‍ ബര്‍ട്ടന്‍ അനുകൂലമല്ലെന്ന് റിപ്പോര്‍ട്ട്

ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നതിനോട് ജോണ്‍ ബര്‍ട്ടന്‍ അനുകൂലമല്ലെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നല്‍കുമെന്ന പ്രഖ്യാപനം ബജറ്റില്‍ ഉണ്ടായെക്കില്ലെന്നു റിപ്പോര്‍ട്ട്. ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നതിനോട് ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ അനുകൂലമല്ലെന്നാണ് സൂചന. ഒക്ടോബര്‍ ബജറ്റില്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് ഉള്‍പ്പെടുത്തിയേക്കുമെന്നായിരുന്നു റിപ്പോര്‍ട്ട്. . 

ജോണ്‍ ബര്‍ട്ടന്റെ മുന്‍ഗാമിയായിരുന്ന എമോണ്‍ ഗില്‍മോറാണ് ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് പ്രഖ്യാപിച്ചത്. സാമ്പത്തിക പ്രതിസന്ധിയിലായ കുടുംബങ്ങളെ സഹായിക്കാന്‍ അടുത്ത ബജറ്റില്‍ ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് പ്രഖ്യാപിക്കുമെന്നായിരുന്നു ഗില്‍മോറിന്റെ വാഗ്ദാനം. 

കുട്ടികളുടെ എണ്ണത്തിന് ആനുപാതികമായി നികുതി ഇളവ് നല്‍കുന്നതാണ് ടാക്‌സ് ക്രെഡിറ്റ്. നഷ്ടപ്പെട്ട ജനവിശ്വാസം വീണ്ടെടുക്കാന്‍ ടാക്‌സ് ക്രെഡിറ്റ് പോലെയുള്ള പ്രഖ്യാപനങ്ങള്‍ സഹായകമാകുമെന്നും ഗില്‍മോര്‍ വിശ്വസിച്ചിരുന്നു. എന്നാല്‍ ഗില്‍മോറിന്റെ പിന്‍ഗാമിയായി ലേബര്‍ പാര്‍ട്ടിയുടെ നേതൃ സ്ഥാനത്ത് എത്തിയ ജോണ്‍ ബര്‍ട്ടന്‍ ഇതിനോട് അനുകൂലമല്ലെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.

കുറഞ്ഞ വരുമാനക്കാരെയും ഇടത്തരക്കാരെയും സഹായിക്കാന്‍ മറ്റ് വഴികള്‍ നോക്കണമെന്ന് ബര്‍ട്ടന്‍ അഭിപ്രായപ്പെട്ടു. അവരുടെ നികുതി ഭാരം കുറയ്ക്കുക, ജോലിയില്‍ തിരികെ പ്രവേശിക്കുന്ന രക്ഷിതാക്കള്‍ക്ക് ചൈല്‍ഡ് ബെനഫിറ്റ് തുടര്‍ന്നും വാങ്ങാന്‍ അനുമതി നല്‍കുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് ജോണ്‍ ബര്‍ട്ടന്‍ മുന്നോട്ട് വയ്ക്കുന്നത്. 

ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നടപ്പിലാക്കാന്‍ പ്രായോഗികമായ ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നും ജോണ്‍ ബര്‍ട്ടന്‍ വിശ്വസിക്കുന്നു. ഫിനഗേല്‍ പാര്‍ട്ടിയും ധനവകുപ്പും ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നതിനോട് അനുകൂലമല്ല. ചൈല്‍ഡ് ടാക്‌സ് ക്രെഡിറ്റിന് അര്‍ഹതയുള്ളവരെ കണ്ടെത്തുന്നതില്‍ പ്രായോഗി ബുദ്ധിമുട്ട് ഉണ്ടെന്നാണ് ധനവകുപ്പിന്റെയും നിലപാട്. എല്ലാവര്‍ക്കും ടാക്‌സ് ക്രെഡിറ്റ് നല്‍കുന്നത് സര്‍ക്കാരിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നും ധനവകുപ്പ് കരുതുന്നു. ഇടത്തരക്കാരെയും കുറഞ്ഞ വരുമാനക്കാരെയും സഹായിക്കാന്‍ നികുതി പരിധി ഉയര്‍ത്തുക, ഇന്‍കം ടാക്‌സ് പരിധി 41 ശതമാനത്തില്‍ നിന്ന് കുറയ്ക്കുക. തുടങ്ങിയ നിര്‍ദ്ദേശങ്ങളും ധനവകുപ്പ് പരിശോധിക്കുന്നുണ്ട്.

Scroll To Top