Saturday December 10, 2016
Latest Updates

ചൈനയിലെ ഷാന്‍ഹായി ആസ്ഥാനമാക്കി ബ്രിക്‌സ് ബാങ്ക് :ആദ്യ അധ്യക്ഷ പദം ഇന്ത്യയ്ക്ക് ലഭിച്ചേക്കും

ചൈനയിലെ ഷാന്‍ഹായി ആസ്ഥാനമാക്കി ബ്രിക്‌സ് ബാങ്ക് :ആദ്യ അധ്യക്ഷ പദം ഇന്ത്യയ്ക്ക് ലഭിച്ചേക്കും

റീയോ: ബ്രിക്‌സ് രാജ്യങ്ങള്‍ സ്ഥാപിക്കാനുദ്ദേശിക്കുന്ന ബാങ്കിന്റെ പ്രസിഡണ്ട് പദം, ഇന്ത്യക്ക് ലഭിച്ചേക്കുമെന്ന് സൂചന. ചൈനയിലെ ഷാന്‍ഹായി ആയിരിക്കും ബാങ്കിന്റെ ആസ്ഥാനമെന്നും സൂചനയുണ്ട്. ബ്രസീലില്‍ നടക്കുന്ന ആറാമത് ഉച്ചകോടിയുടെ സമാപന സമ്മേളനത്തില്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം ഉണ്ടായേക്കും. 

ലോക ബാങ്കിനും ഐഎംഎഫിനും ബദലായാണ് ബ്രിക്‌സ് രാജ്യങ്ങള്‍ പുതിയ ബാങ്ക് രൂപീകരിക്കുന്നത് . 5,000 കോടി ഡോളറാണ് ബാങ്കിന്റെ പ്രാരംഭമൂലധനം. ഇതിന് എല്ലാ അംഗരാജ്യങ്ങളും തുല്യ ഓഹരി എടുക്കും. എന്നാല്‍, ക്രയശേഷി 10,000 കോടി ഡോളറായിരിക്കും. ചൈന 4,100 കോടി ഡോളറും ബ്രസീലും ഇന്ത്യയും റഷ്യയും 1,800 കോടി ഡോളര്‍ വീതവും ദക്ഷിണാഫ്രിക്ക 500 കോടി ഡോളറും സംഭാവന നല്‍കും. ബ്രിക്‌സ് രൂപവത്കരിക്കുന്ന കരുതല്‍ നിധി ‘മിനി ഐ.എം.എഫ്.’ എന്ന നിലയില്‍ പ്രവര്‍ത്തിക്കും. ലോകജനസംഖ്യയുടെ 40 ശതമാനത്തിന്റെ പിന്തുണയുള്ള, സാന്പത്തിക വ്യവസ്ഥയുടെ അഞ്ചിലൊന്ന് കൈയാളുന്ന രാജ്യങ്ങളുടെ ഉച്ചകോടിയെന്ന നിലയില്‍ ബ്രിക്‌സിന്റെ സുപ്രധാനമായ തീരുമാനമായിരിക്കുമിത്.

ബാങ്കിന്റെ ആസ്ഥാനം, ആദ്യ അധ്യക്ഷന്‍ എന്നിവ യഥാക്രമം ചൈനക്കും ഇന്ത്യക്കും ലഭിച്ചേക്കുമെന്നാണ് സൂചന. എന്നാല്‍ ഇതേ സ്ഥാനങ്ങള്‍ക്ക് അവകാശ വാദവുമായി ദക്ഷിണാഫ്രിക്കയും റഷ്യയും രംഗത്തുണ്ട്. ആസ്ഥാനത്തിനായി ചൈന ഷാന്‍ഹായി മുന്നോട്ട് വയ്ക്കുമ്പോള്‍ ജോഹന്നാസ് ബര്‍ഗിനെയാണ് ദക്ഷിണാഫ്രിക്ക നിര്‍ദ്ദേശിക്കുന്നത്. ഉച്ചകോടിക്കായി ബ്രസീലിലെത്തിയ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡന്റ് സീ ജിങ് പിങ്ങുമായി കൂടിക്കാഴ്ച നടത്തി. . ഇരു രാജ്യങ്ങളും തമ്മില്‍ സാമ്പത്തിക , വ്യാപാര ബന്ധങ്ങള്‍ ശക്തിപ്പെടുത്തണമെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഇരു നേതാക്കളും പറഞ്ഞു. ബെയ്ജിങ്ങില്‍ നടക്കുന്ന ആപെക് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ മോദിയെ ചൈനീസ് പ്രസിഡന്റ് ക്ഷണിച്ചു. സെപ്റ്റംബറില്‍ ചൈനീസ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിക്കും. ബ്രിക്‌സ് ഉച്ചകോടിനാളെ സമാപിക്കും. 

Scroll To Top