Saturday December 03, 2016
Latest Updates

ചൂല്‍ പുലിവാലായി: കേജ്രിവാളിനെതിരെ ദേശീയ പതാകയെ അപമാനിച്ചതിനു കേസ്

ചൂല്‍ പുലിവാലായി: കേജ്രിവാളിനെതിരെ ദേശീയ പതാകയെ അപമാനിച്ചതിനു കേസ്

ഭോപ്പാല്‍: അഴിമതി തുടച്ചു നീക്കാന്‍ ആം ആദ്മി പാര്‍ട്ടി നേതാവ് കേജ്രിവാള്‍ കയ്യില്‍ കൊണ്ടുനടക്കുന്ന ചൂല്‍ അദ്ദേഹത്തിനു തന്നെ പാരയായി. തെരഞ്ഞെടുപ്പ് റാലിയില്‍ ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍ പിടിച്ചതിനു കേജ്രിവാളിനെതിരെയും മറ്റ് എഎപ നേതാക്കള്‍ക്കെതിരെയും കേസെടുത്തു. ദേശീയ പതാകയ്‌ക്കൊപ്പം ചൂല്‍ പിടിക്കുന്നത് പതാകയെ അവഹേളിക്കുന്നതിന് തുല്യമാണെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശ് സ്വദേശി രാജേന്ദ്ര മിശ്ര നല്‍കിയ ഹര്‍ജിയില്‍ ഭോപ്പാല്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.

കേജ്രിവാളിനെ കൂടാതെ എഎപി നേതാവ് ഷാസിയ ഇല്‍മി, ഗാന്ധിജിയുടെ ചെറുമകനും എഎപി നേതാവുമായ രാജ് മോഹന്‍ ഗാന്ധി, അശുതോഷ് എന്നിവര്‍ക്കെതിരെയാണ് കേസ്. ഇവരെ കൂടാതെ മധ്യപ്രദേശില്‍ നിന്നുള്ള ആറ് എഎപി നേതാക്കള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. കേജ്രിവാള്‍, അശുതോഷ്, രാജ് മോഹന്‍ ഗാന്ധി എന്നിവര്‍ക്കെതിരെയുള്ള കേസ് അന്വേഷിക്കുന്നത് ഡല്‍ഹി പോലീസായിരിക്കും. ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം കേസ് ഡല്‍ഹി പോലീസിനു കൈമാറുമെന്ന് പോലീസ് അറിയിച്ചു. ബാക്കിയുള്ള നേതാക്കള്‍ക്കെതിരെ മധ്യപ്രദേശില്‍ തന്നെ കേസ് രജിസ്റ്റര്‍ ചെയ്തതായി ബിന പോലീസ് അറിയിച്ചു.

അതേ സമയം ആം ആദ്മി പാര്‍ട്ടിയെ മുഖ്യധാരാ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും ചേര്‍ന്ന് ‘ഒതുക്കാനുള്ള’ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം നീക്കങ്ങള്‍ എന്നും വിമര്‍ശനമുണ്ട് .കേരളത്തില്‍ പോലും മനോരമയടക്കമുള്ള ചില മാധ്യമങ്ങള്‍ കേജരിവാളിനെയും ,പാര്‍ട്ടിയെയും വിമര്‍ശിച്ചെഴുതാന്‍ മാത്രമുള്ള തന്ത്രപ്പാടിലാണ്.
ആം ആദ്മിയ്ക്ക് അനുകൂലമായുള്ള വാര്‍ത്തകളെ തമസ്‌കരിക്കാനും ,എതിര്‍വാര്‍ത്തകളെ പര്‍വതീകരിച്ച്കാണിക്കാനും ഉള്ള വ്യഗ്രത കേരള സമൂഹം തിരിച്ചറിയുമെന്ന് ആം ആദ്മി പാര്‍ട്ടി കേരള ഘടകം പത്രക്കുറിപ്പില്‍ ഓര്‍മിപ്പിച്ചു

Scroll To Top