Thursday December 08, 2016
Latest Updates

ചൂതുകളിയ്ക്കാന്‍ എഐ ബി ബാങ്കിന്റെ പണം:ജീവനക്കാരന്‍ കുടുങ്ങി

ചൂതുകളിയ്ക്കാന്‍ എഐ ബി ബാങ്കിന്റെ പണം:ജീവനക്കാരന്‍ കുടുങ്ങി

ഡബ്ലിന്‍: ചൂത് കളിക്കുന്നതിന് എ.ഐ.ബി ബാങ്കില്‍ നിന്ന് ഒരു ലക്ഷം യൂറോ അടിച്ച് മാറ്റിയ ജീവനക്കാരന് കോടതി ജയില്‍ ശിക്ഷ ഒഴിവാക്കി നല്‍കി. കോണോര്‍ ഈഗന്‍ എന്ന 27കാരനാണ് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കിയത്. ഇയാള്‍ ജോലി ചെയ്തിരുന്ന എ.ഐ.ബി ബാങ്കിന്റെ കില്‍ഡെയര്‍ ശാഖയില്‍ നിന്ന് ഒരു ലക്ഷം യൂറോ അടിച്ചു മാറ്റി എന്നാണ് കേസ്. മുന്‍ സൈനിക ഉദ്യോഗസ്ഥന്റെ മകനാണ് ഈഗന്‍. താന്‍ പണം തിരികെ അടയ്ക്കാമെന്ന് ഇയാളുടെ പിതാവ് കോടതിയില്‍ വാക്ക് നല്‍കി. ഇതേതുടര്‍ന്നാണ് ഡബ്ലിന്‍ സര്‍ക്യൂട്ട് ക്രിമിനല്‍ കോടതി ഇയാള്‍ക്ക് ലഭിക്കാമായിരുന്ന 4 വര്‍ഷത്തെ തടവുശിക്ഷ ഒഴിവാക്കി നല്‍കിയത്. 

കൂടാതെ ഇയാളുടെ മുന്‍കാല ചരിത്രവും കോടതി പരിശോധിച്ചു. ഇതല്ലാതെ മറ്റ് കേസുകളിലൊന്നും ഇയാള്‍ പ്രതിയായിട്ടില്ല. ഇക്കാര്യം കൂടി കണക്കിലെടുത്താണ് കോടതി ഈഗന് ശിക്ഷാ ഇളവ് നല്‍കിയത്. 2010 ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവിലാണ് ഇയാള്‍ പണം അടിച്ചു മാറ്റിയത്. 2011 ജനുവരിയില്‍ ബാങ്കില്‍ നടത്തിയ ഓഡിറ്റിംഗിലാണ് പണം നഷ്ടപ്പെട്ട വിവരം അറിഞ്ഞത്. തുടര്‍ന്ന് ഈഗന് സംശയം തോന്നി ബാങ്കിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. 

ബാങ്കില്‍ നിന്ന് അടിച്ച് മാറ്റിയ മുഴുവന്‍ പണവും ഇയാള്‍ ഓണ്‍ലൈന്‍ ചൂതാട്ട വെബ് സൈറ്റുകളിലാണ് ചെലവഴിച്ചിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. 100 യൂറോ മുതല്‍ 1000 യൂറോ വരെ പല തവണയായാണ് ഇയാള്‍ അടിച്ച് മാറ്റിയത്. മോഷണം അറിയാതിരിക്കാന്‍ ഇയാള്‍ പരമാവധി ലീവ് എടുക്കാതിരിക്കാനും ശ്രദ്ധിച്ചിരുന്നു. താന്‍ ലീവ് എടുക്കുന്ന ദിവസങ്ങളില്‍ മറ്റൊരാള്‍ ഡ്യൂട്ടി ഏറ്റെടുത്താല്‍ മോഷണ വിവരം പുറത്ത് അറിയുമെന്ന് ഭയന്നാണ് ഇയാള്‍ ലീവ് പോലും എടുക്കാതെ ജോലി ചെയ്യാന്‍ തയ്യാറായത്.

Scroll To Top