Monday December 05, 2016
Latest Updates

ചുംബനത്തില്‍ സ്തംഭിച്ച് കൊച്ചി; സമരത്തിനിടെ വ്യാപക അക്രമവും മോഷണവും

ചുംബനത്തില്‍ സ്തംഭിച്ച് കൊച്ചി; സമരത്തിനിടെ വ്യാപക അക്രമവും മോഷണവും

കൊച്ചി: സദാചാര പൊലീസിനെതിരെ വ്യത്യസ്ത രീതിയില്‍ സംഘടിപ്പിച്ച ചുംബന സമരം സംഘര്‍ഷത്തില്‍ കലാശിച്ചു. കൊച്ചി മറൈന്‍ ഡ്രൈവിലായിരുന്നു സമരം. സമരത്തെ അനുകൂലിക്കുന്നവരും കാനാനെത്തിയവരുമായി ആയിരങ്ങള്‍ അണിനിരന്നതോടെ പോലീസിന് നിയന്ത്രിക്കാനാകാത്ത തലത്തിലേക്ക് സമരം മാറി. മലയാളം ചാനലുകളും ദേശീയ ചാനലുകളും ബിബിസി ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങളും ചുംബന സമരം പകര്‍ത്താന്‍ എത്തിയിരുന്നു. ചുരുക്കത്തില്‍ ചുംബന സമരം കൊച്ചി നഗരത്തെ സ്തംഭിപ്പിച്ചു.

വൈകുന്നേരം നാല് മണിക്കാണ് ചുംബന സമരം സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ രാവിലെ മുതല്‍ പ്രതിഷേധക്കാര്‍ മറൈന്‍ ഡ്രൈവിലെത്തി. ശിവസേന, വിഎച്ച്പി, സമസ്ത, എസ്.ഡി.പി,ഐ തുടങ്ങിയ വര്‍ഗീയ സംഘടനകളും കെ.എസ്.യുവുമാണ് പ്രതിഷേധവുമായി രംഗത്ത് വന്നത്. വൈകുന്നേരത്തോടെ സംഘര്‍ഷം രൂക്ഷമായി. ഇതോടെ സമരത്തിന്റെ പ്രധാന സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ ഇതിനിടയിലും ചിലര്‍ ചുംബിച്ച് പ്രതിഷേധിച്ചു. സംഘര്‍ഷത്തിനിടെ വ്യാപകമായി മോഷണം നടന്നതായും പരാതിയുണ്ട്.

പ്രതിഷേധക്കാരെയും കാണാനെത്തിയവരേയും പോലീസ് ലാത്തി ചാര്‍ജ് ചെയ്തും കുരുമുളക് സ്‌പ്രേ പ്രയോഗിച്ചും ഓടിച്ചു. ഒടുവില്‍ രാത്രി ഏറെ വൈകിയാണ് സംഘര്‍ഷത്തിന് അയവ് വന്നത്. സമരക്കാര്‍ക്കെതിരെയും കണ്ടാലറിയുന്ന പ്രതിഷേധക്കാര്‍ക്കെതിരെയും പോലീസ് കേസെടുത്തു. കൊച്ചിയിലെ ചുംബന സമരത്തിനു പിന്തുണ പ്രഖ്യാപിച്ച് ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിലും ചുംബന സമരം നടത്തി.

Scroll To Top