Sunday December 04, 2016
Latest Updates

ചാരിറ്റി സംഘടനകളെ നിയന്ത്രിക്കാന്‍ ചാരിറ്റി റെഗുലേറ്ററി ബോര്‍ഡ് വരുന്നു

ചാരിറ്റി സംഘടനകളെ നിയന്ത്രിക്കാന്‍ ചാരിറ്റി റെഗുലേറ്ററി ബോര്‍ഡ് വരുന്നു

ഡബ്ലിന്‍: അയര്‍ലണ്ടില്‍ ചാരിറ്റി റെഗുലേറ്ററി ബോര്‍ഡ് വരുന്നു. സമീപഭാവിയില്‍ തന്നെ ഇത് നിലവില്‍ വരും. ഈസ്റ്ററോട് കൂടി ചാരിറ്റി റെഗുലേറ്ററി നിലവില്‍ വരുമെന്ന് ജസ്റ്റിസ് മിനിസ്റ്റര്‍ അലന്‍ ഷാറ്റര്‍ കഴിഞ്ഞ ജനുവരിയില്‍ തന്നെ അറിയിച്ചിരുന്നു. എന്നാല്‍ അദ്ദേഹം പ്രഖ്യാപിച്ച സമയപരിധിക്കുള്ളില്‍ ബോര്‍ഡ്നിലവില്‍ വരില്ലെങ്കിലും വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ബോര്‍ഡ് നിലവില്‍ വരും. ജസ്റ്റിസ് ആന്‍ഡ് ഇക്വാളിറ്റി വകുപ്പിലെ പ്രിന്‍സിപ്പല്‍ ഓഫീസറെ
അതോറിറ്റിയുടെ സി ഇ ഓ ആയി കഴിഞ്ഞ മാര്‍ച്ചില്‍ നിയമിച്ചിരുന്നു.

ചാരിറ്റി സംഘടനകളില്‍ ജനങ്ങള്‍ക്ക് വിശ്വാസം നഷ്ടപ്പെട്ടു തുടങ്ങിയ സാഹചര്യത്തിലാണ് ചാരിറ്റി സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഒരു റെഗുലേറ്ററി ബോര്‍ഡ് സ്ഥാപിക്കാന്‍ നിയമമന്ത്രാലയം
തീരുമാനിച്ചത്. കഴിഞ്ഞ ജൂലൈ മുതല്‍ ഇതിനായുള്ള കൂടിയാലോചനകള്‍ ആരംഭിച്ചിരുന്നു. ചാരിറ്റി സംഘടനകള്‍ക്ക് ലഭിക്കുന്ന സംഭാവന തുകകള്‍ സുതാര്യമായും കൃത്യമായും ചെലവഴിക്കുന്നു എന്ന് ഉറപ്പാക്കാനും ചാരിറ്റി സംഘടനകളോടുള്ള പൊതുജനങ്ങളുടെ നഷ്ടപ്പെട്ട വിശ്വാസം വീണ്ടെടുക്കുന്നതിനുമാണ് റെഗുലേറ്ററി ബോര്‍ഡ് സ്ഥാപിക്കുന്നത്.

ബോര്‍ഡ് സ്ഥാപിക്കുന്നതിലൂടെ ചാരിറ്റി സംഘടനകള്‍ സമാഹരിക്കുന്ന തുക ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രമേ ചെലവഴിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തുമെന്നു ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ പറഞ്ഞു. അടുത്തിടെ
നടന്ന ഒരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം ക്രിസ്തുമസിനോട് അനുബന്ധിച്ച് 400,000 പേര്‍ മാത്രമാണ് ചാരിറ്റി സംഭാവന നല്‍കിയത്. സംഭാവന നല്‍കുന്നവരുടെ എണ്ണത്തില്‍ സംഭവിച്ച കുറവ് ചാരിറ്റി സംഘടനകളില്‍ വിശ്വാസം നഷ്ടപ്പെട്ടതിനാലാണെന്നാണ് റിപ്പോര്‍ട്ട്. ഇതേ തുടര്‍ന്നാണ് ചാരിറ്റി സംഘടനകളെ നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നടപടി ആരംഭിച്ചത്

Scroll To Top