Wednesday December 07, 2016
Latest Updates

ചവറു തള്ളുന്നതില്‍ ഡബ്ലിന്‍ സിറ്റി കല്‍ക്കട്ടയെ പോലെയെന്ന കൗണ്‍സിലറുടെ പ്രസ്താവനയില്‍ പ്രതിഷേധം

ചവറു തള്ളുന്നതില്‍ ഡബ്ലിന്‍ സിറ്റി കല്‍ക്കട്ടയെ പോലെയെന്ന കൗണ്‍സിലറുടെ പ്രസ്താവനയില്‍ പ്രതിഷേധം

ഡബ്ലിന്‍: ചവറുകള്‍ പൊതുനിരത്തില്‍ വലിച്ചെറിഞ്ഞ് ഡബ്ലിന്‍ സിറ്റിയെ കല്‍ക്കട്ടയെപ്പോലെയാക്കിയിരിക്കുകയാണെന്ന ആരോപണം.ഡബ്ലിന്‍ സിറ്റി കൗണ്‍സിലിലെ സ്വതന്ത്രാംഗം ക്രിസ്റ്റി ബര്‍ക് ആണ് ഇന്ത്യയേയും കല്‍ക്കട്ടയെയും ഇകഴ്ത്തിക്കൊണ്ടുള്ള ഇത്തരമൊരു പ്രസ്താവനയുമായി ഇറങ്ങി പുറപ്പെട്ടിരിക്കുന്നത്.സംഭവം പകുതി ശരിയാണെങ്കിലും കല്‍ക്കട്ടയെ പരസ്യമായി അപമാനിച്ചത് ശരിയല്ലെന്ന നിലപാടിലാണ് നഗരവാസികള്‍ പോലും.

സാധാരണക്കാരായ ജനങ്ങള്‍ തന്നെയാണ് മാലിന്യം വലിച്ചെറിയുന്നതിന് തടയിടാനായി ഇപ്പോള്‍ മുന്നോട്ടു വന്നിരിക്കുന്നത്.
ഇത്തരത്തില്‍ തങ്ങളുടെ തെരുവിലേക്ക് മാലിന്യം വലിച്ചെറിയുന്നത് തടയാനായി ജനങ്ങള്‍ അതോറിറ്റിയുടെ സഹായം അഭ്യര്‍ത്ഥിച്ചിരിക്കുകയാണ്. ഇതിനെതിരെ ശക്തമായി തന്നെ പ്രതികരിക്കണമെന്നും ജനങ്ങള്‍ അതോറിറ്റികളോടാവശ്യപ്പെട്ടിട്ടുണ്ട്.
ഇതില്‍ വളരെയധികം മാലിന്യങ്ങള്‍ തള്ളപ്പെടുന്ന തെരുവോരങ്ങളില്‍ സിസിടിവികള്‍ സ്ഥാപിക്കണമെന്നാണ് ഇപ്പോള്‍ കൗണ്‍സിലര്‍ ക്രിസ്റ്റി ബര്‍ക് ആവശ്യപ്പെട്ടിരിക്കുന്നത്..
നോര്‍ത്ത് ഗ്രേറ്റ് ചാള്‍സ് സ്ട്രീറ്റ്, റിച്ച്മൗണ്ട് സ്ട്രീറ്റ്, നോര്‍ത്ത് സര്‍ക്കുലര്‍ റോഡ്, ഹീലി സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് ഇപ്പോള്‍ മാലിന്യങ്ങള്‍ ഏറ്റവും അധികമായി തള്ളപ്പെടുന്നത്.
ഇപ്പോള്‍ ഡബ്ലിന്‍ സിറ്റി വളരെയധികം മലിനമാക്കപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും അതുവഴി പോകുമ്പോള്‍ കല്‍ക്കട്ടയിലെ ചില പ്രദേശങ്ങളിലൂടെ പോകുന്ന പ്രതീതിയാണുള്ളതെന്നും കൗണ്‍സിലര്‍ പറഞ്ഞു.
നിയമവിരുദ്ധമായി മാലിന്യങ്ങള്‍ തട്ടുന്നത് സാധാരണമായിരിക്കുകയാണെന്നും പല പ്രദേശങ്ങളിലൂടെയും നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നും ഇതുവഴി അസുഖങ്ങളും മറ്റും പടരാനുള്ള സാധ്യത പേടിയോടെ നോക്കിക്കാണുകയാണെന്നും കൗണ്‍സിലര്‍ പറയുന്നു.
അവിടെ മനോഹരമായ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ നിന്നും കണ്ടെടുത്തത് 120തോളം മാലന്യ ബാഗുകളായിരുന്നുവെന്നും കൗണ്‍സിലര്‍ കൂട്ടിച്ചേര്‍ത്തു.
ഏറ്റവും കൂടുതലായി മാലിന്യങ്ങള്‍ ഇട്ടിരിക്കുന്നത് നോര്‍ത്ത് ഗ്രേറ്റ് ചാള്‍സ് സ്ട്രീറ്റില്‍ തന്നെയാണ്. അതിനാല്‍ ഇവിടെ സെക്യൂരിറ്റി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഡബ്ലിന്‍ സിറ്റി കൗണ്‍സിലിനോട് ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
എന്നാല്‍ ഈ നിര്‍ദ്ദേശം തള്ളപ്പെട്ടു. കാരണം ഇത്തരത്തില്‍ ക്യാമറ സ്ഥാപിച്ചാലും മാലിന്യം നിക്ഷേപിക്കുന്നവരെ വ്യക്തമായി മനസിലാക്കാന്‍ സാധിക്കുകയില്ല. നോര്‍ത്ത് ഗ്രേറ്റ് ചാള്‍സ് സ്ട്രീറ്റ് വളരെ വലിയ ഒരു തെരുവായതിനാല്‍ അത്തരത്തില്‍ ഒരു വ്യക്തിയെ കണ്ടെത്തുക പ്രയാസമായിരിക്കുമെന്നാണ് കൗണ്‍സില്‍ വക്താവ് അറിയിച്ചത്.
ഇതു സംബന്ധിച്ച അന്വേഷണങ്ങള്‍ നടത്തുമെന്നും വക്താവ് അറിയിച്ചിട്ടുണ്ട്. മാലിന്യങ്ങള്‍ വീടുകളില്‍ പോയി ശേഖരിക്കാനുള്ള സൗകര്യം നിലവില്‍ ഉണ്ടായിരിക്കുമ്പോഴും ഇത്തരത്തില്‍ തെരുവുകളില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്നത് വളരെ അപമാനകരമായ കാര്യമാണെന്നും കൗണ്‍സില്‍ അധികൃതര്‍ വ്യക്തമാക്കുന്നുണ്ട്.

Scroll To Top