Saturday December 03, 2016
Latest Updates

ചരിത്രപ്രസിദ്ധമായ ക്ലൊന്റാര്‍ഫ് യുദ്ധം കാണണമെങ്കില്‍ ഇന്ന് ഡബ്ലിനിലെ രഹ്നിയിലേയ്ക്ക് പോകണം ..

ചരിത്രപ്രസിദ്ധമായ ക്ലൊന്റാര്‍ഫ് യുദ്ധം കാണണമെങ്കില്‍ ഇന്ന് ഡബ്ലിനിലെ  രഹ്നിയിലേയ്ക്ക് പോകണം ..

ഡബ്ലിന്‍: ലിമെറിക്കില്‍ ക്രിസ്തുവിന്റെ ക്രൂശുമരണം പുനരാവിഷ്‌ക്കരിച്ചതിന് പിന്നാലെ ചരിത്രപ്രസിദ്ധമായ ക്ലൊന്റാര്‍ഫ് യുദ്ധം പുനരാവിഷ്‌ക്കരിച്ചു. ഡബ്ലിനിലെ സെന്റ് ആന്‍സ് പാര്‍ക്കിലാണ് യുദ്ധം പുനരാവിഷ്‌ക്കരിച്ചത്.പടച്ചട്ട അണിഞ്ഞ് വാളും  പരിചയുമായി പടയാളികളുടെ വേഷത്തില്‍ ആയിരക്കണക്കിന് പേരാണ് യുദ്ധത്തില്‍ പങ്കെടുത്തത്. ബാറ്റില്‍ ഓഫ് ക്ലൊന്റാര്‍ഫ്
ഫെസ്റ്റിവലിന്റെ ഭാഗമായാണ് യുദ്ധം പുനരാവിഷ്‌ക്കരിച്ചത്. ഐറിഷ് സൈന്യവും വൈക്കിംഗ് സൈന്യവും തമ്മിലാണ് യുദ്ധം.

ആഘോഷ പരിപാടികളുടെ ഭാഗമായി നടക്കുന്ന വിവിധ ചടങ്ങുകള്‍ക്ക് സാക്ഷ്യം  വഹിക്കാന്‍ ഇന്നും 60,000 ഓളം കാണികള്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്. വിദേശത്ത് നിന്ന് പോലും ഈ ആഘോഷം കാണുന്നതിനായി മാത്രം ഐറിഷ് വംശജര്‍ എത്തുന്നുണ്ട്.
യുദ്ധത്തിന്റെ പുനരാവിഷ്‌ക്കാരം തന്റെ മകനെ കാണിക്കുന്നതിന് വേണ്ടി മാത്രമാണ് മൈലുകള്‍ യാത്ര ചെയ്തു ഇവിടെ എത്തിയതെന്ന് ടാനിയ സ്റ്റിവര്‍ട്ട് എന്ന യുവതി പറഞ്ഞു. സ്വീഡനില്‍ നിന്ന് വന്ന ഇവര്‍ പാതി ഐറിഷ് വംശജയാണ്. അയര്‍ലണ്ടുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള നൂറുകണക്കിന് ആളുകളാണ് ഇത്തരത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്.WAR

ആഘോഷങ്ങളുടെ ഭാഗമായി ദിവസവും രണ്ട് തവണയാണ് യുദ്ധം പുനരാവിഷ്‌ക്കരിക്കുന്നത്. കൂടാതെ മധ്യകാലഘട്ടത്തില്‍ വൈക്കിംഗില്‍  ജീവിച്ചിരുന്നവരുടെ ജീവിതശൈലിയും പുനരാവിഷ്‌ക്കരിക്കും. 80 ഓളം ടെന്റുകള്‍ കെട്ടി അന്നത്തെ അന്നത്തെ ജീവിത ശൈലി പുനരാവിഷ്‌ക്കരിക്കും. കൂടാതെ മധ്യകാലഘട്ടത്തിലെ ആയുധങ്ങള്‍, ആഹാരശൈലി, സംഗീതം തുടങ്ങിയവ എല്ലാം വീണ്ടും കൃത്രിമമായി സൃഷ്ടിക്കും. യുദ്ധത്തിന്റെ ആയിരമാണ്ട് തികയ്ക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ആഘോഷങ്ങള്‍ക്ക് ഡബ്ലിന്‍ സിറ്റി കൌണ്‍സിലാണ് നേതൃത്വം നല്കുന്നത്.

കൃത്രിമ യുദ്ധത്തില്‍ പങ്കെടുക്കുന്ന പടയാളികള്‍ എല്ലാവരും തന്നെ ചൊവ്വാഴ്ച മുതല്‍ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്. മതിയായ റിഹേഴ്‌സല്‍ കഴിഞ്ഞതിനു ശേഷമാണ് പടയാളികള്‍ കൃത്രിമ യുദ്ധം ചെയ്യുന്നത്. 1014 ലാണ് ചരിത്രപ്രസിദ്ധമായ ക്ലൊന്റാര്‍ഫ് യുദ്ധം നടന്നത്. രഹ്നിയിലെ സെന്റ് ആന്‍സ് പാര്‍ക്കില്‍ ഇന്നും യുദ്ധം പുനരാവിഷ്‌ക്കരിക്കും രാവിലെ 11 മണി മുതല്‍
വൈകുന്നേരം 7 മണി വരെയാണ് പരിപാടി.പ്രവേശനം സൗജന്യമാണ്.

Scroll To Top