Sunday December 04, 2016
Latest Updates

ചപ്പുചവറുകള്‍ വിതറിയ ശേഷം ശുചീകരണം; ബി.ജെ.പി വെട്ടില്‍

ചപ്പുചവറുകള്‍ വിതറിയ ശേഷം ശുചീകരണം; ബി.ജെ.പി വെട്ടില്‍

ന്യൂഡല്‍ഹി: വൃത്തിയുള്ള സ്ഥലത്ത് ചപ്പുചവറുകള്‍ വിതറിയ ശേഷം ശുചീകരണം നടത്തിയ ബി.ജെ.പി വെട്ടില്‍ ന്യൂഡല്‍ഹിയിലെ ഇന്ത്യ ഇസ്ലാമിക്ക് കള്‍ച്ചറല്‍ സെന്ററിന് മുമ്പിലാണ് മാലിന്യം ഉന്തുവണ്ടിയില്‍ കൊണ്ടുവന്ന് വിതറിയ ശേഷം ശുചീകരിച്ചത്. ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സതീഷ് ഉപാധ്യായ, ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് ഷാസിയ ഇല്‍മി എന്നിവരാണ് തട്ടിപ്പ് ശുചീകരണ പരിപാടിക്ക് നേതൃത്വം നല്‍കിയത്. സംഭവം മാധ്യമങ്ങള്‍ ചിത്രം സഹിതം വാര്‍ത്തയാക്കിയതോടെ നേതാക്കള്‍ വെട്ടിലായി.

ഡല്‍ഹി മുന്‍സിപ്പല്‍ കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ ഉന്തുവണ്ടിയില്‍ കൊണ്ടുവന്നു മാലിന്യം തള്ളുന്നതും പിന്നീട് നേതാക്കള്‍ എത്തി ശുചിയാക്കുന്നതിന്റെയും ചിത്രങ്ങള്‍ ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കി. സംഭവം വിവാദമായതോടെ ബി.ജെ.പി നേതാക്കളുടെ തട്ടിപ്പ് ശുചീകരണ യജ്ഞത്തിനെതിരെ ട്വിറ്ററിലും സോഷ്യല്‍ മീഡിയയിലും രൂക്ഷവിമര്‍ശനവും പരിഹാസവുമാണ് ഉയരുന്നത്.

ഒക്ടോബര്‍ രണ്ടിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി സ്വഛ്ച് ഭാരത് പദ്ധതിക്ക് തുടക്കം കുറിച്ചത്. ശുചീകരണം ഫോട്ടോ എടുക്കാനുള്ള അവസരമായി മാറ്റരുതെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നെങ്കിലും തലസ്ഥാന നഗരിയിലെ ബി.ജെ.പി നേതാക്കള്‍ പോലും അത് ചെവിക്കൊണ്ട മട്ടില്ല.

Scroll To Top