Thursday December 08, 2016
Latest Updates

ഗ്രീസ്: കരാര്‍ ഒപ്പ് വെച്ച സിപ്രാസിനെതിരെ പ്രതിഷേധം:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രക്ഷോഭത്തിന് 

ഗ്രീസ്: കരാര്‍ ഒപ്പ് വെച്ച സിപ്രാസിനെതിരെ പ്രതിഷേധം:സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പ്രക്ഷോഭത്തിന് 

ആതന്‍സ്: യൂറോപ്യന്‍ നേതാക്കളുടെ ധാര്‍ഷ്ട്യത്തിന് ഗ്രീസിനെ പ്രധാന മന്ത്രി സിപ്രാസ് വിട്ടു കൊടുത്തുവെന്ന് ഗ്രീസിലെ ജനതയുടെ പൊതു വികാരം.
മൂന്നാം ധനരക്ഷാ പദ്ധതിക്കായി ഗ്രീസും യൂറോപ്യന്‍ യൂനിയനും തമ്മിലുണ്ടാക്കിയ കരാറിനെതിരെ ഭരണത്തിലെ സഖ്യകക്ഷിയടക്കം രംഗത്തിറങ്ങിയിട്ടുണ്ട്.ജര്‍മന്‍ നേതൃത്വത്തിലുള്ള അട്ടിമറിയെന്നാണ് പ്രതിരോധമന്ത്രിയും വലതുപക്ഷ കക്ഷിയായ ഇന്‍ഡിപെന്‍ഡന്റ് ഗ്രീക് പാര്‍ട്ടി നേതാവുമായ പാനോസ് കമ്മെനോസ് കരാറിനെ വിശേഷിപ്പിച്ചത്.
സര്‍ക്കാറില്‍നിന്ന് വിട്ടുപോകില്ലെങ്കിലും ദേശീയ ഐക്യ സര്‍ക്കാറില്‍ ചേരില്ലെന്നും അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസുമായി നടത്തിയ ചര്‍ച്ചക്കുശേഷമാണ് പാനോസിന്റെ പ്രതികരണം. കരാര്‍ നിരവധി പുതിയ പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ലമെന്റില്‍ ഭൂരിപക്ഷം തികക്കാന്‍ പാടുപെടുന്ന സര്‍ക്കാറിന് തിരിച്ചടിയാണ് പ്രതിരോധമന്ത്രിയുടെ പ്രസ്താവന.
കരാര്‍ നടപ്പാക്കണമെങ്കില്‍ സിപ്രാസിന് കര്‍ശന സാമ്പത്തിക അച്ചടക്ക നടപടികള്‍ സ്വീകരിക്കേണ്ടിവരും. ഇത് വന്‍ പ്രതിഷേധം ക്ഷണിച്ചുവരുത്തുമെന്നാണ് വിലയിരുത്തല്‍.
അതിനിടെ, ബുധനാഴ്ച 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തുമെന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ സംഘടന പ്രഖ്യാപിച്ചതും സിപ്രാസിന് സമ്മര്‍ദമുണ്ടാക്കുന്നതായി. യൂറോപ്യന്‍ യൂനിയനുമായുണ്ടാക്കിയ കരാറിനോടുള്ള എതിര്‍പ്പ് പ്രകടിപ്പിക്കാനാണ് പണിമുടക്കെന്ന് സംഘടന പറഞ്ഞു. ആറു മാസം മുമ്പ് സിപ്രാസ് അധികാരത്തിലത്തെിയശേഷം നടക്കുന്ന ആദ്യ പണിമുടക്കാണ് ഇത്.
അതേ സമയം കരാര്‍ ഏറ്റെടുക്കുന്നതില്‍ മാനസിക ബുദ്ധിമുട്ടുണ്ടെന്നും ഗ്രീസിനെ രക്ഷിക്കാന്‍ മറ്റു വഴികള്‍ ഇല്ലെന്നും പ്രധാനമന്ത്രി സിപ്രാസ് പറഞ്ഞു.ഗ്രീസ് എല്ലാകാലത്തും കരാര്‍ വ്യവസ്ഥകള്‍ പാലിക്കുമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞുവെച്ചു.

Scroll To Top