Sunday December 11, 2016
Latest Updates

ഗോപിനാഥ് മുണ്ടെയുടെ സംസ്‌കാരം ഇന്ന്; അപകടത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് അന്വേഷിക്കുന്നു

ഗോപിനാഥ് മുണ്ടെയുടെ സംസ്‌കാരം ഇന്ന്; അപകടത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് അന്വേഷിക്കുന്നു

ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി ഗോപിനാഥ് മുണ്ടെയുടെ മരണത്തില്‍ ഗൂഡാലോചന ഉണ്ടോയെന്ന് അന്വേഷിക്കും. ഡല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്ലും ഇന്റലിജന്‍സ് ബ്യൂറോയും ഇക്കാര്യം അന്വേഷിക്കും. അപകടത്തില്‍ ദുരൂഹത ഇല്ലെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇത് സംബന്ധിച്ച് എല്ലാ സാധ്യതകളും അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. മുണ്ടെയുടെ കാറുമായി കൂട്ടിയിടിച്ച കാറിന്റെ ഡ്രൈവര്‍ ഗുര്‍വീന്ദര്‍ സിങ്ങിനു കോടതി ജാമ്യം അനുവദിച്ചു. 30,000 രൂപയുടെ സ്വന്തം ജാമ്യത്തിലാണ് ഗുര്‍വിന്ദര്‍ സിങ്ങിനെ കോടതി ജാമ്യത്തില്‍ വിട്ടത്.

തിരിച്ചറിയല്‍ പരേഡിന് ഹാജരാക്കാന്‍ ഗുര്‍വീന്ദര്‍ സിങ്ങിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു കിട്ടണമെന്ന് പോലീസ് ആവശ്യപ്പെട്ടെങ്കിലും കോടതി അംഗീകരിച്ചില്ല.  ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ മാത്രമേ ഗുര്‍വിന്ദര്‍ സിങ്ങിനു മേല്‍ ചുമത്തിയിട്ടുള്ളൂ എന്നും ആവശ്യമെങ്കില്‍ പോലീസിന് ഇയാളെ പിന്നീട് കസ്റ്റഡിയില്‍ എടുക്കാമെന്നും കോടതി അറിയിച്ചു. അശ്രദ്ധമായി അമിതവേഗത്തില്‍  വാഹനമോടിച്ചതിനും മരണത്തിന് കാരണമായ അശ്രദ്ധ വരുത്തിയതിനുമാണ് ഗുര്‍വിന്ദര്‍ സിങ്ങിനെതിരെ കേസെടുത്തിരിക്കുന്നത്.

ഇന്നലെ പുലര്‍ച്ചെ 6.30 ഓടെയാണ് ഗോപിനാഥ് മുണ്ടെയുടെ കാര്‍ അപകടത്തില്‍പ്പെട്ടത്. ഗുരുതര പരുക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട മുണ്ടെ ഒരു മണിക്കൂറിനകം മരണമടഞ്ഞു. അപകടത്തെ തുടര്‍ന്ന് കരളില്‍ ഉണ്ടായ രക്തസ്രാവവും ഹൃദയാഘാതവുമാണ് മരണകാരണം. മഹാരാഷ്ട്രയിലേക്ക് കൊണ്ടുപോയ മുണ്ടെയുടെ മൃതദേഹം ബീഡ് ജില്ലയിലെ അദ്ദേഹത്തിന്റെ ജന്മനാട്ടില്‍ ഇന്ന് ഉച്ചതിരിഞ്ഞ് സംസ്‌കരിക്കും.

 

 

Scroll To Top